Friday, February 8, 2013

സര്‍ക്കാര്‍ ഡയറിയില്‍ നിറയെ തെറ്റ്; കനത്ത നഷ്ടം


നിറയെ തെറ്റുകളുമായി തയ്യാറാക്കിയ സര്‍ക്കാര്‍ ഡയറി സര്‍ക്കാരിന് ഭീമമായ നഷ്ടം വരുത്തി. ഫെബ്രുവരി ആയിട്ടും 2013ലെ ഡയറി പുറത്തിറക്കാന്‍ കഴിഞ്ഞില്ല. ഡിസംബറോടെ വിതരണത്തിന് തയ്യാറാകുന്ന ഡയറി ഇത്തവണ അച്ചടിക്കാന്‍ തുടങ്ങിയതുതന്നെ ഏറെ വൈകിയാണ്. അച്ചടിച്ചുവന്നപ്പോഴാകട്ടെ ഉടനീളം ഗുരുതരമായ തെറ്റുകളും. ഇതേതുടര്‍ന്ന് ഡയറിയും കവറും മാറ്റി തയ്യാറാക്കേണ്ടിവന്നു.

തീയതിയും വിവിധ വകുപ്പു മേധാവികളുടെ പേരും മാറിയതടക്കം ഗുരുതരമായ പിശകുകളാണ് ഡയറിയില്‍ ഉണ്ടായിരുന്നത്. ഒന്നരലക്ഷം ഡയറിയാണ് ഇത്തവണ അച്ചടിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മൂന്നിലൊന്നുപോലും ഇനിയും അച്ചടിച്ചിട്ടില്ല. പ്രിന്റിങ് മന്ത്രി കെ പി മോഹനന്റെ ഓഫീസില്‍ നിന്നുള്ള ഇടപെടലും പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവര്‍ തമ്മിലുള്ള തര്‍ക്കവും സര്‍ക്കാര്‍ പ്രസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനിടയിലാണ് ഡയറി അച്ചടി കുഴപ്പത്തിലായത്. ഡയറിയുടെ ഉള്ളടക്കവും കവര്‍ ഡിസൈനും മറ്റും നിശ്ചയിക്കാനുള്ള ചുമതല പൊതുഭരണവകുപ്പിനാണ്. ഉള്ളടക്കവും കവറും സംബന്ധിച്ച ഫയല്‍ ഡിസംബര്‍ അവസാനമാണ് അനുമതിക്കായി അയക്കുന്നത്. മന്ത്രിയുടെ ഓഫീസില്‍ ഇത് തീരുമാനം കാത്ത് ഏറെനാള്‍ കിടന്നു. സാധാരണഗതിയില്‍ നവംബറോടെ ഡയറി ഉള്ളടക്കമുള്‍പ്പെടെ തയ്യാറാക്കും. ഇത്തവണ ജനുവരി പകുതിയോടെയാണ് ഉള്ളടക്കത്തിന് അംഗീകാരം കിട്ടിയത്. ഇപ്രകാരം അച്ചടി തുടങ്ങിയപ്പോഴാകട്ടെ ഗുരുതരമായ പിശകുകള്‍ കണ്ടെത്തി. അതോടെ അച്ചടി നിര്‍ത്തിവച്ചു.

ശിവകാശിയില്‍ തയ്യാറാക്കിയ കവറിലും തെറ്റുണ്ടായിരുന്നു. അതും മാറ്റേണ്ടിവന്നു. 45,000 ഡയറി തെറ്റുകളോടെ അച്ചടിച്ചു. തെറ്റുണ്ടെങ്കിലും ഇവ വിതരണം ചെയ്യാനാണ് മന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്. ഇത്തവണ ഡയറി വിലനിര്‍ണയ കമ്മിറ്റി ചേരാനും വൈകി. ജനുവരി മധ്യത്തോടെയാണ് വില നിശ്ചയിക്കുന്നത്. എക്സിക്യൂട്ടീവ് ഡയറിക്ക് 210ഉം സാധാരണ ഡയറിക്ക് 175ഉം രൂപയാണ് വില. ശരാശരി 300 രൂപയോളം ഒരു ഡയറിക്ക് ചെലവുവരും. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം വില്‍പ്പനയ്ക്ക് അധികം ഡയറി കിട്ടാറില്ല. മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ആയിരക്കണക്കിന് ഡയറി കടത്തിക്കൊണ്ടുപോകുന്നതായി കഴിഞ്ഞവര്‍ഷം പരാതി ഉയര്‍ന്നിരുന്നു. ഇത്തവണയും ഇതുതന്നെയാകും അവസ്ഥയെന്ന് അധികൃതര്‍ പറയുന്നു.

deshabhimani 080213

No comments:

Post a Comment