Thursday, February 7, 2013

പൊലീസ് ആക്ടും താലിപൊട്ടിക്കലും


പൊലീസ് ആക്ടിലെ 40-ാം വകുപ്പും സ്ത്രീകളുടെ താലിപൊട്ടിക്കലും തമ്മില്‍ ബന്ധമില്ലെന്നത് ശരിതന്നെ. പക്ഷെ, നിയമസഭയില്‍ സൂര്യനെല്ലി പീഡനക്കേസും പി ജെ കുര്യനും നിറഞ്ഞുനില്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പ്രതീകമായി പൊട്ടിച്ച താലിമാലയും കടന്നുവന്നു. പി ജെ കുര്യനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമരംചെയ്ത വനിതാ എംഎല്‍എമാരെ ഉള്‍പ്പെടെ പൊലീസ് ആക്രമിച്ച സംഭവമാണ് വ്യാഴാഴ്ച സഭാതലത്തില്‍ നിറഞ്ഞത്. ചോദ്യോത്തര വേള മുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നെങ്കിലും ശൂന്യവേളയിലാണ് തിളച്ചുമറിഞ്ഞത്.

കേള്‍ക്കൂ എന്നത് ആഭ്യന്തര മന്ത്രിയുടെ പതിവ് ശൈലിയാണ്. ഉത്തരം മുട്ടുമ്പോഴും താന്‍ പറയുന്നത് മറ്റുള്ളവര്‍ വിശ്വസിക്കുന്നില്ലെന്ന് പൂര്‍ണബോധ്യമുള്ളപ്പോഴുമാകും ഈ പ്രയോഗം ഏറെയും കടന്നുവരിക. അങ്ങിനെ, കേള്‍ക്കൂ എന്ന ആമുഖവുമായാണ് പൊലീസ് ആക്ടിലെ 40-ാം വകുപ്പ് എടുത്തിട്ടത്. അതായത്, വനിതാ എംഎല്‍എമാരെയോ മറ്റുള്ളവരെയോ പൊലീസ് മര്‍ദിച്ചിട്ടേ ഇല്ല, പകരം പൊലീസ് ആക്ടിലെ 40-ാം വകുപ്പ് പ്രകാരം സ്നേഹപൂര്‍വം നീക്കം ചെയ്തതേ ഉള്ളൂ. അല്ലാതെ ഒന്നും ചെയ്തില്ല.

ജനപ്രതിനിധികളോട് മാന്യമായി പെരുമാറണമെന്ന് അതേ 40-ാം വകുപ്പിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ താലിപൊട്ടിക്കാന്‍ ഈ ആക്ടില്‍ പറയുന്നുണ്ടോ എന്നും പരിഹാസത്തോടെ ചോദിച്ചു. സമരസ്ഥലത്തു നിന്ന് ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ താലിമാല പൊലീസുകാര്‍ പൊട്ടിച്ചെടുത്തതിനെ കുറിച്ചായിരുന്നു കോടിയേരിയുടെ ചോദ്യം. മാല മുന്‍മന്ത്രി കൂടിയായ പി കെ ശ്രീമതി കെട്ടിക്കൊടുക്കാന്‍ ശ്രമിക്കുന്നത് കണ്ടല്ലോ എന്ന് പറഞ്ഞ് തടിതപ്പാന്‍ ആഭ്യന്തരമന്ത്രി നടത്തിയ ശ്രമവും വിലപ്പോയില്ല. മാല കിട്ടിയെന്നും മാലയോടൊപ്പമുണ്ടായിരുന്ന താലി കിട്ടിയില്ലെന്നും കോടിയേരി വിശദീകരിച്ചപ്പോള്‍ പൊലീസുകാര്‍ അക്രമം കാട്ടിയതിന് ഒരു തെളിവുമില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.

ഗീതാ ഗോപി എംഎല്‍എ സ്വമേധയാ പൊലീസ് വാനില്‍ കയറിപ്പോയതാണെന്ന ആഭ്യന്തര മന്ത്രിയുടെ മറുപടിയെ സി ദിവാകരന്‍ പരിഹസിച്ചു. നന്ദാവനത്തേക്ക് പോകുന്ന ബസില്‍ ഗീതാഗോപി കയറിപ്പോയതാണൊ? "നീ എവിടുത്തെ എംഎല്‍എ, നിന്നെ ഇതുവരെ കണ്ടില്ലല്ലോ" എന്നാണ് ഗീതാഗോപിയോട് ഒരു പൊലീസുകാരന്‍ ചോദിച്ചതെന്നും ദിവാകരന്‍ പറഞ്ഞു. ബിജിമോള്‍ ബസിനടിക്കുന്ന ചിത്രമുണ്ടെന്നാണ് ആഭ്യന്തര മന്ത്രിയുടെ മറ്റൊരു വിശദീകരണം. ഇങ്ങനെ ബസിനടിച്ചിട്ടാണോ ബിജിമോളുടെ തോളെല്ല് പൊട്ടിയതെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ദിവാകരന്‍ ആവശ്യപ്പെട്ടു.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സൂര്യനെല്ലി വിഷയം സഭയില്‍ തിളച്ചുമറിയുന്നത്. പി ജെ കുര്യനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. നിരപരാധിയായ കുര്യനെതിരെ ഒരന്വേഷണവും നടത്തില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പറഞ്ഞതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് മുന്‍നിലപാടില്‍ നിന്ന് മുഖ്യമന്ത്രി അല്‍പ്പം പിന്നോട്ട് പോയെങ്കിലും ബുധനാഴ്ച സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമത്തെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ഇതോടെ അത്യപൂര്‍വമായ രംഗങ്ങള്‍ക്കാണ് നാലാം നാള്‍ സഭ സാക്ഷ്യം വഹിച്ചത്. കെ കെ ലതിക, ജമീലാ പ്രകാശം, അയിഷാപോറ്റി, കെ എസ് സലീഖ എന്നിവര്‍ സ്പീക്കറുടെ ഡയസിലേക്ക് കയറി. ഞങ്ങള്‍ക്ക് നീതി തരൂ സര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഇവര്‍ നടത്തിയ പ്രതിഷേധം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ താക്കീത് കൂടിയായി.

ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സഭ തുടങ്ങിയ ഉടന്‍ ഇ പി ജയരാജന്‍, കെ കെ ലതിക, വി എസ് സുനില്‍കുമാര്‍, കെ എസ് സലീഖ, ബാബു എം പാലിശ്ശേരി, വി ശിവന്‍കുട്ടി തുടങ്ങിയവര്‍ മുന്‍നിരയിലേക്ക് നീങ്ങി പ്രതിഷേധമറിയിച്ചു. ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രതിപക്ഷ അംഗങ്ങളെ തെണ്ടികളെന്ന് വിളിച്ചതും പ്രതിപക്ഷം ചോദ്യംചെയ്തു. ഒരു പരിപാടിയില്‍ പ്രസംഗിക്കവെയാണ് ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രതിപക്ഷത്തെ സര്‍ക്കാര്‍ തെണ്ടികളായാണോ കാണുന്നതെന്ന് വ്യക്തമാക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജോര്‍ജ് വിശദീകരണം നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞുവെങ്കിലും വിശദീകരണം നല്‍കിയില്ല. ജോര്‍ജിനെതിരെ വി എസ് സുനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.

എം രഘുനാഥ് deshabhimani 080213

No comments:

Post a Comment