Saturday, February 9, 2013

കുര്യനെ മാറ്റണമെന്ന് വൃന്ദയുടെ കത്ത്


സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്നും രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കത്തിലൂടെ ആവശ്യപ്പെട്ടു.

മൂന്ന് പൊലീസ് അന്വേഷണങ്ങളും ഹൈക്കോടതി-സുപ്രീംകോടതി വിധികളും തന്നെ കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് കുര്യന്റെ വാദം. ഇത് തെറ്റിദ്ധാരണാജനകമാണ്. സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് രണ്ട് കേസ് സമാന്തരമായി നടന്നിരുന്നു. ഒന്ന്, എഫ്ഐആറില്‍ പേരുള്ള 40 പേര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസ്. മറ്റൊന്ന് പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം. പി ജെ കുര്യനെ തിരിച്ചറിഞ്ഞിട്ടും പ്രതികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേരുചേര്‍ക്കാന്‍ പൊലീസ് തയ്യാറാകാത്തതുകൊണ്ടാണ് തനിക്ക് കോടതിയില്‍ പോകേണ്ടിവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. പ്രധാന കേസില്‍ 35 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായത്തില്‍ വിധിപറഞ്ഞ കോടതി, കുര്യന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതിന് ആവശ്യമായ തെളിവുണ്ടെന്ന് പറഞ്ഞിരുന്നു. കുര്യന്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ പോയി. കീഴ്ക്കോടതിയെത്തന്നെ സമീപിക്കാനായിരുന്നു ഹൈക്കോടതി വിധി. 2006ല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കുര്യന്റെ ഹര്‍ജി തള്ളി. തെളിവുകള്‍ വ്യക്തമാണെന്നും പെണ്‍കുട്ടിയുടെ വാദം തെളിയിക്കാന്‍ അവസരമുണ്ടാകണമെന്നും കോടതി പറഞ്ഞു. മൂന്ന് കോടതികള്‍ കുര്യന്റെ അപേക്ഷ തള്ളിയിരുന്നു. പ്രധാന കേസില്‍ പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കുകയും 40 പേരുമായി പെണ്‍കുട്ടി സ്വസമ്മതത്തോടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പറയുകയും ചെയ്തു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി പ്രതികളെ വെറുതെവിട്ട വിധി പരിഗണിച്ചാണ് കുര്യനെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന വിധി ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്.

ഡല്‍ഹി കൂട്ട ബലാത്സംഗത്തിനുശേഷം അതിവേഗ കോടതി സ്ത്രീപീഡന കേസുകള്‍ കേള്‍ക്കാന്‍ തുടങ്ങിയശേഷമാണ് ഏഴുവര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ അപ്പീല്‍ സുപ്രീംകോടതി പരിഗണിച്ചത്. പ്രധാന കേസില്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ കോടതി സമ്മതത്തോടെ 40 പേരുമായി പെണ്‍കുട്ടി ബന്ധപ്പെട്ടെന്ന ഹൈക്കോടതി നിരീക്ഷണം അസംബന്ധമാണെന്ന് വിലയിരുത്തി. കേസ് വീണ്ടും കേള്‍ക്കണമെന്ന് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരായ കേസ് പുനരന്വേഷിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിരിക്കയാണ്. കുര്യന്റെ പാര്‍ടി നയിക്കുന്ന കേരള സര്‍ക്കാര്‍ ഇതു നിരസിച്ചു. കേസ് പുനരന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ നിരപരാധിയാണെന്ന് തെളിയുംവരെ ആരോപണവിധേയനായ ഒരാള്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തിരിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. സ്ത്രീപീഡനങ്ങള്‍ തടയാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ഇത്തരത്തിലൊരാള്‍ ചര്‍ച്ച നയിക്കുന്നത് ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ നാണംകെടുത്തുന്നതാകുമെന്ന് വൃന്ദ പറഞ്ഞു.

deshabhimani 090213

No comments:

Post a Comment