Saturday, February 9, 2013

പോംവഴി പുതിയ അന്വേഷണം മാത്രം


പി കെ ഇടിക്കുളയുടെ വീട്ടില്‍ പി ജെ കുര്യനെ കണ്ടത് 1996 ഫെബ്രുവരി 18 നാണെന്ന ചാര്‍ളി എബ്രഹാമിന്റെ തുറന്നുപറച്ചിലോടെ സൂര്യനെല്ലി കേസിന്റെ തുടരന്വേഷണത്തിന് വഴിതുറക്കുംവിധം പുതിയ വെളിപ്പെടുത്തലൊന്നുമില്ലെന്ന സര്‍ക്കാര്‍ വാദമാണ് പൊളിഞ്ഞത്. കേസില്‍ ബിജെപി നേതാവ് കെ എസ് രാജനെ സാക്ഷിയാക്കാന്‍ കുര്യന്‍ നേരിട്ട് പണം വാഗ്ദാനം ചെയ്തെന്ന ഗുരുതര വെളിപ്പെടുത്തലും ചാര്‍ളി നടത്തിയിട്ടുണ്ട്. ഇടിക്കുള ഉള്‍പ്പെടെയുള്ള സാക്ഷികളെ താനല്ല ചോദ്യം ചെയ്തതെന്ന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് തുറന്നുസമ്മതിക്കുകകൂടി ചെയ്ത സാഹചര്യത്തില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിടുകയല്ലാതെ യുഡിഎഫ് സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലാതാകുകയാണ്.

ഭരണഘടനയുടെ ഇരുപതാം അനുച്ഛേദവും ക്രിമിനല്‍ നടപടിചട്ടത്തിന്റെ മൂന്നൂറാം വകുപ്പും കുര്യന് പൂര്‍ണ സംരക്ഷണം നല്‍കുന്നതാണെന്നും പുതിയൊരു അന്വേഷണം സാധ്യമല്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാട്. എന്നാല്‍, ആഭ്യന്തരമന്ത്രി മുന്നോട്ടുവയ്ക്കുന്ന ന്യായവാദങ്ങള്‍ കുര്യന്റെ കാര്യത്തില്‍ നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേ കുറ്റത്തിന് ഒന്നിലേറെ തവണ ഒരു വ്യക്തിയെ പ്രോസിക്യൂട്ട് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യരുതെന്നാണ് ഭരണഘടനയുടെ ഇരുപതാം അനുച്ഛേദത്തിന്റെ രണ്ടാം ഉപവകുപ്പില്‍ പറയുന്നത്. എന്നാല്‍, സൂര്യനെല്ലി കേസില്‍ കുര്യന്‍ ഒരിക്കല്‍ പോലും വിചാരണയ്ക്ക് വിധേയനാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഇരുപതാം അനുച്ഛേദത്തിന്റെ സംരക്ഷണം കുര്യന്റെ കാര്യത്തില്‍ ഉദിക്കുന്നില്ല. കോടതി കുറ്റവിമുക്തനാക്കിയ വ്യക്തിയെ അതേ കുറ്റത്തിന് വിചാരണയ്ക്ക് വിധേയനാക്കില്ലെന്ന് ക്രിമിനല്‍ നടപടി ചട്ടത്തിന്റെ മുന്നൂറാം വകുപ്പില്‍ പറയുന്നുണ്ട്. അതല്ലെങ്കില്‍ ഉത്തരവ് പുറപ്പെടുവിച്ച കോടതിയുടെയോ മേല്‍കോടതിയുടെയോ അനുമതി ഇക്കാര്യത്തില്‍ ഉണ്ടാകണം. എന്നാല്‍, ഇവിടെയും കാര്യങ്ങള്‍ കുര്യന് അനുകൂലമല്ല. ക്രിമിനല്‍ നടപടി ചട്ടത്തിലെ 258-ാം വകുപ്പുപ്രകാരം കോടതികള്‍ നടപടികള്‍ അവസാനിപ്പിക്കുന്ന കേസിലാണിത് ബാധകമാകുന്നത്. കുറ്റക്കാരനല്ലെന്ന് തീര്‍പ്പുകല്‍പ്പിച്ചാണ് 258-ാം ചട്ടപ്രകാരം നടപടികള്‍ അവസാനിപ്പിക്കുന്നത്. സൂര്യനെല്ലി കേസില്‍നിന്ന് ഒഴിവാക്കണമെന്ന കുര്യന്റെ അപേക്ഷ ക്രിമിനല്‍ നടപടിചട്ടം 227-ാം വകുപ്പുപ്രകാരമാണ്. കുര്യന്‍ കുറ്റക്കാരനല്ലെന്ന തീര്‍പ്പ് ഒരു കോടതിയില്‍നിന്നുമുണ്ടായിട്ടില്ല. ഒഴിവാക്കണമെന്ന അപേക്ഷ സ്വീകരിക്കുക മാത്രമാണ് കോടതിചെയ്തത്.
(എം പ്രശാന്ത്)

കുര്യന്‍ ബിജെപി നേതാവിന് പണം വാഗ്ദാനംചെയ്തു

ചെങ്ങന്നൂര്‍: സൂര്യനെല്ലി കേസില്‍ സാക്ഷിയായ ബിജെപി നേതാവ് കെ എസ് രാജന് പി ജെ കുര്യന്‍ പണം വാഗ്ദാനംചെയ്തിരുന്നതായി കുര്യന്റെ അടുത്ത സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ചാര്‍ളി എബ്രഹാം. സുഹൃത്ത് ദിലീപുമായി ഒരുവര്‍ഷംമുമ്പ് നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് ചാര്‍ളി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സംഭാഷണം റെക്കോഡ് ചെയ്തുവച്ചിരുന്ന ദിലീപ് അതിന്റെ ടേപ്പ് ഇപ്പോള്‍ പുറത്തുവിട്ടു. ചാനലുകള്‍ ഇക്കാര്യം വാര്‍ത്തയാക്കിയിട്ടുണ്ട്.

ചാര്‍ളി എബ്രഹാം പ്രസിഡന്റായ ഉമയാറ്റുകര സര്‍വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ദിലീപ്.  കുര്യന് അനുകൂലമായ മൊഴി നല്‍കാനാണ് രാജന് പണം വാഗ്ദാനം ചെയ്തത്. മൊഴി നല്‍കിയെങ്കിലും രാജന്‍ പണം വാങ്ങിയില്ല. മൊഴിക്ക് വിശ്വാസ്യത കൂട്ടാനാണ് ബിജെപി നേതാവായ രാജനെ സാക്ഷിയാക്കിയതെന്നും ദിലീപിനോട് ചാര്‍ളി പറയുന്നുണ്ട്. ബാങ്കിന്റെ നിക്ഷേപ സമാഹരണത്തിന് ഇടിക്കുളയുടെ വീട്ടില്‍ പോയത് ഫെബ്രുവരി 18നാണ്. തന്നെ പീഡിപ്പിച്ചത് 19നാണെന്ന് പെണ്‍കുട്ടി അന്വേഷണസംഘത്തോട് പറഞ്ഞതിനാലാണ് കുര്യനെ കണ്ടത് 19നാണെന്ന് താന്‍ പറഞ്ഞത്. എന്‍എസ്എസ് നേതാവ് സുകുമാരന്‍നായരെ കുര്യനുവേണ്ടി സാക്ഷിയാക്കിയത് തന്റെ ബുദ്ധിയാണെന്നും ചാര്‍ളി സംഭാഷണത്തില്‍ പറഞ്ഞു. കേസില്‍ പി ജെ കുര്യന്‍ തുടക്കംമുതല്‍ ഇടപെട്ടുവെന്നതിന്റെ കൂടുതല്‍ തെളിവാണ് ഇതോടെ പുറത്തായത്.

കുര്യന് അനുകൂലമായി മൊഴി നല്‍കിയിരുന്ന ബിജെപി നേതാവ് രാജന്‍, ഇടിക്കുളയുടെ ഭാര്യ അന്നമ്മ എന്നിവര്‍ മൊഴി തിരുത്തിയത് കുര്യന്റെ വാദങ്ങളെ ദുര്‍ബലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കുര്യന്റെ അടുത്ത സുഹൃത്തായ ചാര്‍ളിയുടെകൂടി സംഭാഷണം പുറത്തായതോടെ കുര്യന്റെ നില കൂടുതല്‍ പരുങ്ങലിലായി. അതോടൊപ്പം കുര്യനെതിരായ പുതിയ അന്വേഷണത്തിനും കൂടുതല്‍ സാധ്യത തെളിയുകയാണ്. കുര്യനെ സംഭവദിവസം കുമളി ഗസ്റ്റ് ഹൗസില്‍ കണ്ടതായി സ്ഥലത്തെ യുടിയുസി തൊഴിലാളി നേതാവും പറഞ്ഞിരുന്നു.

ഇരയുടെ മൊഴിക്കുമേല്‍ കൂടുതല്‍ തെളിവുവേണ്ട: ഹൈക്കോടതി

കൊച്ചി: പീഡനത്തിന് ഇരയായ സ്ത്രീയുടെ മൊഴിക്ക് ഉപോല്‍ബലകമായ മറ്റു തെളിവുകള്‍ കണ്ടെത്താന്‍ കഴിയില്ലെന്നും അതിനാല്‍ ഇരയുടെ വൈദ്യപരിശോധനാ തെളിവുകള്‍പോലും വേണ്ടതില്ലെന്ന് ഹൈക്കോടതി. വൈദ്യപരിശോധനാ തെളിവുകള്‍ ഉണ്ടാകാനിടയില്ലാത്ത സാഹചര്യങ്ങളാണ് വിചാരണക്കോടതി കണക്കിലെടുക്കേണ്ടതെന്നും സ്ത്രീപീഡനക്കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പെണ്‍കുട്ടികളുടെ മൊഴി പരിശോധിക്കുമ്പോള്‍ പ്രായോഗിക സമീപനമാണ് കോടതികള്‍ സ്വീകരിക്കേണ്ടതെന്നും ജസ്റ്റിസുമാരായ ടി ആര്‍ രാമചന്ദ്രന്‍നായര്‍, എ വി രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു.

പതിനഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ അച്ഛനും ബന്ധുവിനും വിധിച്ച ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും ശരിവച്ചാണ് പ്രത്യേക ബെഞ്ച് വിധി. പെണ്‍കുട്ടിയുടെ അച്ഛന്‍ കിളിമാനൂര്‍ അടയമണ്‍ വടക്കുംപുറത്തു കുന്നില്‍ ഗോപി, ബന്ധുവും അയല്‍വാസിയുമായ വടക്കുംപുറത്തു രാജു എന്നിവരുടെ ശിക്ഷ ഇളവുചെയ്യാന്‍ കാരണമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 1992ലാണ് സംഭവം.

deshabhimani 090213

No comments:

Post a Comment