Saturday, February 9, 2013

കേള്‍ക്കു, ത്രിപുരയിലെ റബര്‍ വിജയഗാഥ


സോണമുറ: റബര്‍കൃഷിയില്‍ നൂറുമേനി കൊയ്ത് ദാരിദ്ര്യവും കഷ്ടപ്പാടും പഴങ്കഥയാക്കിയ കഥയാണ് ത്രിപുരയിലെ കര്‍ഷകന്‍ സജീവ് ദേവ്നാഥിന് പറയാനുള്ളത്. ഇപ്പോള്‍ 900 റബര്‍ മരമുള്ള കര്‍ഷകനായ സജീവ് സന്തുഷ്ടനാണ്. ധന്‍പുരിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി ആപ്പീസിലിരുന്ന് സ്വന്തം ജീവിത കഥ പങ്കുവയ്ക്കുമ്പോള്‍ ആ മുഖത്തെ സന്തോഷം ആര്‍ക്കും വായിച്ചെടുക്കാം.
കേരളം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ റബര്‍കൃഷിയുള്ള സംസ്ഥാനമാണ് ത്രിപുര. പട്ടിണിയിലമര്‍ന്ന കുട്ടിക്കാലം ഹൈസ്കൂള്‍ വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാന്‍ ഈ ചെറുപ്പക്കാരനെ അനുവദിച്ചില്ല. 1990ല്‍ റബര്‍കൃഷി ആരംഭിച്ചച്ചേതാടെ സ്ഥിതിമാറി. വായ്പയെടുത്തും റബര്‍ബോര്‍ഡിന്റെ സഹായത്തോടെയുമാണ് എട്ട് ഏക്കര്‍ സ്ഥലത്ത് റബര്‍കൃഷി തുടങ്ങിയത്. അരലക്ഷം രൂപയോളമാണ് ചെലവായത്. രണ്ടുപേര്‍ മാത്രമാണ് മുമ്പ് ഗ്രാമത്തില്‍ റബര്‍കൃഷി നടത്തിയത്. അതുകൊണ്ട് റബര്‍ക്കൃഷി വിജയിക്കുമോ എന്ന സംശയമുണ്ടായിരുന്നു. റബര്‍പാലെടുക്കാനുള്ള ഏഴു വര്‍ഷമുള്ള കാത്തിരിപ്പിനിടയില്‍ അനുജന്‍ പരിമള്‍ ദേബിനെ കോട്ടയത്തയച്ച് റബര്‍കൃഷിയെക്കുറിച്ച് പഠിപ്പിച്ചു. അര ലക്ഷം രൂപയോളമാണ് ഇപ്പോള്‍ സജീവിന്റെ മാസവരുമാനം. ഇത്രയും വരുമാനമുള്ള ആറ് കര്‍ഷകര്‍ ഇന്ന് ഈ ഗ്രാമത്തിലുണ്ട്. ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള കര്‍ഷകര്‍ വേറെയുമുണ്ട്. മുളകൊണ്ടുള്ള വീടിനു പകരം കൂടുതല്‍ സൗകര്യമുള്ള പുതിയ വീട് പണിതു. രണ്ടു കുട്ടികളെയും ഇംഗ്ലീഷ് മീഡിയത്തില്‍ അയച്ച് പഠിപ്പിക്കുന്നു. ബൈക്കും കാറും വാങ്ങി.

1967ല്‍ സംസ്ഥാന വനംവകുപ്പാണ് ത്രിപുരയില്‍ റബര്‍കൃഷി ആരംഭിക്കുന്നത്. കൃഷി തുടങ്ങാന്‍ ജനങ്ങള്‍ ആദ്യം മുന്നോട്ടുവന്നില്ല. എന്നാല്‍, വനംവകുപ്പിന്റെ റബര്‍കൃഷി വിജയമാണെന്ന് കണ്ടതോടെ പലരും ഈ മേഖലയിലേക്ക് തിരിഞ്ഞു. ഇന്ന് 55,000 ഹെക്ടറില്‍ റബര്‍കൃഷിയുണ്ട്. 28,000 ടണ്ണാണ് വാര്‍ഷിക ഉല്‍പ്പാദനം. തെക്ക് പടിഞ്ഞാറന്‍ ത്രിപുരയിലാണ് റബര്‍കൃഷി വ്യാപകം. ആദിവാസിമേഖലയായ വടക്ക്-കിഴക്കന്‍ ത്രിപുരയില്‍ റബര്‍കൃഷി കുറവാണ്. അരലക്ഷത്തോളം കര്‍ഷകരാണ് ഇന്ന് ത്രിപുരയില്‍ റബര്‍കൃഷി നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ റബര്‍കൃഷിക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ഹെജമാഡയില്‍ 7000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓരോ ഹെക്ടര്‍ സ്ഥലത്ത് വീതംകൃഷി ചെയ്യാന്‍ റബര്‍തൈ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ടെന്ന് കര്‍ഷകനായ ദയാല്‍ ദേബ്ബര്‍മ പറഞ്ഞു. റബര്‍ അധിഷ്ഠിത വ്യവസായവും പതുക്കെയാണെങ്കിലും വികസിക്കുന്നുണ്ട്. ബോധ്ജുംഗ്നഗറില്‍ റബര്‍ പാര്‍ക്ക് സ്ഥാപിച്ചിട്ടുണ്ട്. തക്ക്മചിറയിലും റബര്‍ അധിഷ്ഠിത വ്യവസായമുണ്ട്. ചെറുതും വലുതുമായി പതിനേഴോളം വ്യവസായ യൂണിറ്റുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. കശുവണ്ടിവ്യവസായവും ത്രിപുരയില്‍ വ്യാപകമാകുന്നുണ്ട്.

ഗ്രാമീണജീവിതം മെച്ചപ്പെടുത്തുന്നതില്‍ റബര്‍കൃഷി പ്രധാന പങ്ക് വഹിക്കുന്നതായി മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. കേരളത്തിലെ റബറിനേക്കാള്‍ ഗുണമുള്ളതാണ് ത്രിപുരയിലെ റബറെന്നാണ് റബര്‍ബോര്‍ഡിന്റെ നിരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയില്‍നിന്ന് നാണ്യവിളകളിലേക്കുള്ള കുതിപ്പ് ഭക്ഷ്യസുരക്ഷയെ ബാധിക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യധാന്യങ്ങളില്‍ സ്വയംപര്യാപ്തത നേടാനുള്ള പദ്ധതിയുടെ ഫലമായി 1999-2000ലെ ഭക്ഷ്യ ഉല്‍പ്പാദനമായ 5.13 ലക്ഷം ടണ്ണില്‍നിന്ന് 2011-12ല്‍ 7.30 ലക്ഷം ടണ്ണായി വര്‍ധിച്ചു. ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ ശരാശരി 3.75 ശതമാനം വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്. 50 ശതമാനം കൃഷിഭൂമിയിലും ജലസേചനമെത്തിക്കഴിഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 090213

No comments:

Post a Comment