Sunday, February 3, 2013

ഓര്‍ഡിനന്‍സ് ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധം: പിബി


ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍ ഉള്‍ക്കൊള്ളുന്ന ഓര്‍ഡിനന്‍സ് പാര്‍ലമെന്റ് സമ്മേളിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ പുറപ്പെടുവിച്ചത് ജനാധിപത്യ മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

നടപടിക്രമങ്ങളുടെ കാര്യത്തിലും ഉള്ളടക്കത്തിന്റെ കാര്യത്തിലും ഓര്‍ഡിനന്‍സിനോട് വിയോജിക്കുന്നു. ബലാത്സംഗം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യമാണെന്ന വര്‍മ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലൈംഗികാതിക്രമക്കേസുകളില്‍ യഥാസമയം നടപടിയെടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും തള്ളിക്കളഞ്ഞിരിക്കയാണ്. ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള നിരവധി നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു. വര്‍മ കമ്മിറ്റി റിപ്പോര്‍ട്ടിനോട് അനീതി കാട്ടുന്നതാണ് മൊത്തത്തില്‍ ഓര്‍ഡിനന്‍സ്. സായുധസേനയെയും ക്രിമിനല്‍ ശിക്ഷാനിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നതടക്കമുള്ള നിരവധി ഗൗരവമായ പ്രശ്നങ്ങളില്‍നിന്ന് ഓര്‍ഡിനന്‍സ് വ്യതിചലിച്ചിരിക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ നല്‍കുന്നത് നിലവിലുള്ള നിയമവ്യവസ്ഥയുടെ ഭാഗം തന്നെയാണ്. ജസ്റ്റിസ് വര്‍മ കമ്മിറ്റി അത് ഊന്നിപ്പറഞ്ഞുവെന്നു മാത്രം - പിബി പ്രസ്താവനയില്‍ പറഞ്ഞു.

ബലാത്സംഗക്കേസുകളില്‍ നിലവിലുള്ള ഏഴ് വര്‍ഷം തടവുശിക്ഷ 20 വര്‍ഷമായി വര്‍ധിപ്പിക്കാനും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ നല്‍കാനുമുള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സിലുള്ളത്. ബലാല്‍സംഗം എന്നതിനു പകരം ലൈംഗിക അതിക്രമമെന്നാണ് ഓര്‍ഡിനന്‍സില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കണം: മഹിളാ അസോ.

ന്യൂഡല്‍ഹി: ജസ്റ്റിസ് വര്‍മ കമീഷന്റെ സുപ്രധാന നിര്‍ദേശങ്ങള്‍ അവഗണിച്ച് തയ്യാറാക്കിയ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയസമീപനം അപലപനീയമാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍&ാറമവെ;സമഗ്രമായ നിര്‍ദേശങ്ങളാണ് കമീഷന്‍ നല്‍കിയത്. ഇതിനെ സര്‍ക്കാര്‍ അനുഭാവത്തോടെ സമീപിക്കേണ്ടിയിരുന്നു. ഇരകള്‍ക്ക് ആശ്വാസം പകരാന്‍ ലക്ഷ്യമിടുന്ന റിപ്പോര്‍ട്ടിന്റെ അന്തഃസത്ത തകര്‍ക്കുന്നതാണ് തയ്യാറാക്കിയ ഓര്‍ഡിനന്‍സെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമനും പ്രസിഡന്റ് ശ്യാമലി ഗുപ്തയും ചൂണ്ടിക്കാട്ടി.

ഭരണകൂടത്തിന്റെ കുറ്റകൃത്യം, ഉത്തരവാദിത്തത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പാക്കല്‍, സായുധസേനാ പ്രത്യേക നിയമം പുനഃപരിശോധന, സൈനികരെ ക്രിമിനല്‍നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് വരുത്തേണ്ട ഭേദഗതി നിര്‍ദേശം ഓര്‍ഡിനന്‍സിലില്ല. ലൈംഗിക സ്വയംനിര്‍ണയാധികാരം, വിവാഹബന്ധത്തിന്റെ മറവില്‍ നടക്കുന്ന ബലാത്സംഗം, ഇതര ലൈംഗികതയുടെ വിഷയങ്ങള്‍&ാറമവെ;എന്നീ കാര്യങ്ങളും അവഗണിക്കപ്പെട്ടു. വര്‍മ കമീഷന്‍ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ നീതി പുലര്‍ത്തിയില്ലെന്നാണ് ഇത്തരം ഒഴിവാക്കലുകള്‍ കാണിക്കുന്നത്. ബലാത്സംഗത്തിന്റെയും&ാറമവെ;മറ്റ് ലൈംഗികാതിക്രമത്തിന്റെയും കാര്യത്തില്‍ വര്‍മ കമീഷന്‍ ലിംഗപരമായ ഉച്ചനീചത്വം കണക്കിലെടുത്തിരുന്നു എന്നത് നിര്‍ണായകമാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം വേറിട്ട് പരിശോധിക്കണം എന്നായിരുന്നു കമീഷന്‍ നിര്‍ദേശം. എന്നാല്‍, പഴയ സമീപനംതന്നെ നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ശ്രമം യാഥാര്‍ഥ്യം ലഘൂകരിച്ചുകാട്ടുന്നതാണ്. ബലാത്സംഗം സ്ത്രീകള്‍ക്കെതിരെയുള്ള നിഷ്ഠുരമായ അക്രമമാണെന്ന യാഥാര്‍ഥ്യമാണ് ഇവിടെ അവഗണിക്കപ്പെടുന്നത്. റിപ്പോര്‍ട്ടില്‍ വിപുലമായ ചര്‍ച്ചയ്ക്ക് അവസരമൊരുക്കുകയും പാര്‍ലമെന്റിനെ സമീപിക്കുകയുമായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടത്. റിപ്പോര്‍ട്ടിന്റെ കാതലായ നിര്‍ദേശങ്ങള്‍ ഒഴിവാക്കരുതായിരുന്നു. ബലാത്സംഗം അതിജീവിച്ചവര്‍ക്കും ലൈംഗികപീഡനത്തിന് ഇരയായവര്‍ക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

deshabhimani 030213

No comments:

Post a Comment