Sunday, February 3, 2013

തെളിവിന് ഇരയുടെ മൊഴി മതി


ബലാത്സംഗക്കേസുകളില്‍ ഇരയുടെ മൊഴിമാത്രം അവലംബമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീംകോടതി ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് ഒരു സ്ത്രീയും തെറ്റായി മൊഴി നല്‍കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 1985ല്‍ ഗര്‍ഭിണിയെ ബലാത്സംഗംചെയ്ത കേസില്‍ പത്തു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട യുപി സ്വദേശി ഓംപ്രകാശിന്റെ അപ്പീല്‍ തള്ളി 2006 മെയ് 17ന് നല്‍കിയ വിധിയില്‍ ജസ്റ്റിസുമാരായ അരിജിത് പസായതും ജസ്റ്റിസ് എസ് എച്ച് കപാഡിയയും ഇരയുടെ മൊഴി സംബന്ധിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. 17 വര്‍ഷമായി സൂര്യനെല്ലി പെണ്‍കുട്ടി പറയുന്ന സത്യത്തിനുനേരെ അപവാദം ചൊരിയുന്നവര്‍ സുപ്രീം കോടതി ഒന്നിലധികം തവണ വ്യക്തമാക്കിയ ഇക്കാര്യം അവഗണിക്കുന്നു.

ബലാത്സംഗത്തിന് ഇരയായ സ്ത്രീ, താന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞാല്‍ ഡോക്ടറുടെപോലും സാക്ഷ്യപത്രം ആവശ്യമില്ലെന്നാണ് ജസ്റ്റിസുമാരായ അരിജിത് പസായതും എസ് എച്ച് കപാഡിയയും പറഞ്ഞത്. ബലാത്സംഗം നടന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാലും ഇരയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. തന്റെയും കുടുംബത്തിന്റെയും അഭിമാനത്തെ ബാധിക്കുമെന്നതിനാല്‍ തനിക്കുനേരെ നടന്ന ബലാത്സംഗംപോലെയുള്ള കുറ്റകൃത്യങ്ങള്‍ ഒളിച്ചുവയ്ക്കുന്നതാണ് പൊതുവില്‍ ഇന്ത്യന്‍ സ്ത്രീകളുടെ സ്വഭാവം. വിരളമായ കേസുകളിലേ ഇരയോ കുടുംബാംഗങ്ങളോ പൊലീസിനെയോ കോടതിയെയോ സമീപിക്കാറുള്ളൂ. അതിനാല്‍ ഇരകള്‍ നല്‍കുന്ന മൊഴി അവിശ്വസിക്കേണ്ടതില്ല.

ബലാത്സംഗക്കേസുകള്‍ സൂക്ഷ്മതയോടെയും ശ്രദ്ധാപൂര്‍വവും കോടതികള്‍ കൈകാര്യംചെയ്യണം. ഇരകളുടെ മൊഴിയിലെ ചെറിയ വൈരുധ്യങ്ങളിലോ പൊരുത്തമില്ലായ്മകളിലോ കടിച്ചുതൂങ്ങാതെ വിശാലാര്‍ഥത്തില്‍ കേസുകളെ കാണണം. അസാധാരണമെന്നും അസത്യമെന്നും തോന്നുന്ന മൊഴികളില്‍മാത്രമേ മറ്റുതെളിവുകള്‍ അന്വേഷിക്കേണ്ടതുള്ളൂ. ഇരയുടെ മൊഴി തെറ്റാണെന്ന് കൃത്യമായി തെളിയിക്കുന്ന തെളിവുകള്‍ ഇതിന് ആവശ്യമാണ്. ബലാത്സംഗ കേസുകളില്‍ ഇര സംശയാതീതമായ സാക്ഷി തന്നെയാണ്. അതിനാല്‍ അവരുടെ മൊഴികള്‍ സ്വീകരിക്കപ്പെടണമെന്നും സുപ്രീംകോടതി പറഞ്ഞു. കര്‍ണാടകത്തിലെ കുടകില്‍ തോട്ടം തൊഴിലാളിയെ സൂപ്പര്‍വൈസര്‍ ബലാത്സംഗംചെയ്ത കേസില്‍ സുപ്രീംകോടതിയിലെത്തിയ അപ്പീലില്‍ ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രനും ലോകേശ്വര്‍സിങ്ങും മേല്‍പ്പറഞ്ഞ നിലപാട് ആവര്‍ത്തിച്ചു. പഞ്ചാബ് സര്‍ക്കാരും ഗുര്‍മീത്സിങ്ങും തമ്മിലുള്ള കേസ് (1996), ഒറീസ സര്‍ക്കാരും താകര ബസ്രയും തമ്മിലുള്ള കേസ് (2002), ഹിമാചല്‍പ്രദേശും രഘുബീറും തമ്മിലുള്ള കേസ് (1993) എന്നീ കേസുകളിലെല്ലാം സുപ്രീംകോടതി ഇതേ നിലപാട് ആവര്‍ത്തിച്ചു. സൂര്യനെല്ലിക്കേസില്‍ കുര്യനെതിരായി ഒരു കോടതിയിലും മൊഴി നല്‍കാന്‍ പെണ്‍കുട്ടിക്ക് അവസരം ലഭിച്ചില്ല.
(വി ജയിന്‍)

വേണ്ടത് പുനരന്വേഷണം

ന്യൂഡല്‍ഹി: പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് സൂര്യനെല്ലിക്കേസിലെ ഇര ആവര്‍ത്തിച്ചതോടെ പുനരന്വേഷണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. കുര്യനെതിരായ തന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവത്തില്‍ എടുത്തില്ലെന്ന് ഇരയായ പെണ്‍കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെയാണ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായത്. ബലാത്സംഗ കേസുകളില്‍ ഇരയുടെ മൊഴി പ്രധാന തെളിവായി കണക്കാക്കാമെന്ന് സുപ്രീംകോടതി പലതവണ വിധിച്ചിട്ടുണ്ട്. എന്നാല്‍, സൂര്യനെല്ലിക്കേസില്‍ ഇരയുടെ മൊഴി വിശ്വാസത്തിലെടുക്കുന്നതിനുപകരം കുര്യന്‍ സംഭവസ്ഥലത്ത് ഉണ്ടായിട്ടില്ലെന്ന് തെളിയിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യഗ്രത കാട്ടിയത്.

കുറ്റപത്രത്തില്‍ കുര്യന്റെ പേര് പൊലീസ് ഉള്‍പ്പെടുത്താതിരുന്നതിനെത്തുടര്‍ന്ന് പീരുമേട് കോടതിയില്‍ പെണ്‍കുട്ടി സ്വകാര്യ അന്യായം ഫയല്‍ചെയ്തു. കോടതിയുടെ സമന്‍സ് ലഭിച്ചിട്ടും വിചാരണയ്ക്ക് ഹാജരാകാതെ കുര്യന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കുര്യന്റെ അപേക്ഷ തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച് കുര്യന്‍ അനുകൂല ഉത്തരവ് നേടി. അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപെടലിനാല്‍ കുര്യനെതിരായ ഇരയുടെ ആരോപണം വിശദമായി പരിശോധിക്കാന്‍ കോടതികള്‍ക്ക് സാധിച്ചില്ല. കുര്യനെതിരെ കേസ് വേണ്ടെന്ന മുന്‍വിധി പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് ഹര്‍ജി നല്‍കണമെന്ന് അറിയിച്ച് തന്റെ അഭിഭാഷകന് പെണ്‍കുട്ടി അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് നിയമ സംവിധാനത്തില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ച് ജസ്റ്റിസ് വര്‍മ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പല നിരീക്ഷണങ്ങളും ഈ കേസില്‍ പ്രസക്തമാണ്. ബലാത്സംഗക്കേസുകളില്‍ പ്രതിക്ക് ശിക്ഷ വിധിക്കാന്‍ ഇരയുടെ മൊഴിതന്നെ ധാരാളമെന്ന് വര്‍മ സമിതി റിപ്പോര്‍ട്ട് അടിവരയിടുന്നു.

ഉമ്മന്‍ചാണ്ടി കുര്യന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നു: ടി എന്‍ സീമ

തിരു: സൂര്യനെല്ലിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശങ്ങള്‍ പി ജെ കുര്യന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഉമ്മന്‍ചാണ്ടിയില്‍നിന്നുണ്ടായത്. 17 വര്‍ഷമായി സൂര്യനെല്ലി പെണ്‍കുട്ടി ഒരേ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുര്യനെ ന്യായീകരിച്ച മുഖ്യമന്ത്രിയോട്, പെണ്‍കുട്ടി പറയുന്നത് കള്ളമാണ് എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഉത്തരംപറയാതെ ഒഴിഞ്ഞുമാറി. മുഖ്യമന്ത്രി പറയാതെ പറയുന്നത് പെണ്‍കുട്ടി പറയുന്നത് കള്ളമാണെന്നാണ്. കുര്യനും കേസില്‍ പ്രതിയാണെന്ന് കാണിച്ച് പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ പെണ്‍കുട്ടിയും കുടുംബവും ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ഈ സ്വകാര്യ അന്യായത്തിന്റെ തുടര്‍നടപടികളെക്കുറിച്ച് തങ്ങള്‍ക്ക് പിന്നീട് വിവരമൊന്നുമില്ലെന്നാണ് കുടുംബം പറയുന്നത്. ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പരാതി ഗൗരവമായി പരിശോധിക്കണം. ആവശ്യമെങ്കില്‍ പുനഃരന്വേഷണം നടത്തണം. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായതില്‍ മഹിളാ അസോസിയേഷന്റെ ജാഗ്രതയും ഫലപ്രദമായ ഇടപെടലുമുണ്ട്. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ അസോസിയേഷന്‍ തുടര്‍ന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ പറഞ്ഞു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ജി മീനാംബികയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പി ജെ കുര്യനെ അറസ്റ്റ് ചെയ്യണം: ശോഭ സുരേന്ദ്രന്‍

തൃശൂര്‍: സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യനെ അറസ്റ്റ് ചെയ്യണമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിലപാട് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. മുഖ്യമന്ത്രി പെണ്‍കുട്ടിക്ക് നീതി നിഷേധിക്കുകയാണ്. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്ത് കുര്യന്‍ തുടരുന്നത് ശരിയല്ല. പ്രശ്നത്തില്‍ സോണിയാഗാന്ധി പ്രതികരിക്കാന്‍ തയ്യാറാകണം. വനിതാകമീഷന്‍ ഇടപെടണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മഹിളാകോണ്‍ഗ്രസിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പീഡകരുടെ സംരക്ഷണ സംഘടനയായി മഹിളാകോണ്‍ഗ്രസ് മാറിയെന്നും അവര്‍ പറഞ്ഞു.

പി ജെ കുര്യന്‍ രാജിവയ്ക്കണം: ജനതാദള്‍

കണ്ണൂര്‍: പീഡിപ്പിച്ചുവെന്ന് സൂര്യനെല്ലി പെണ്‍കുട്ടി ഉറപ്പിച്ചുപറയുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ പദവി രാജിവയ്ക്കണമെന്ന് ജനതാദള്‍ എസ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസും സെക്രട്ടറി ജനറല്‍ സി കെ ഗോപിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാഹചര്യത്തെളിവുകളെല്ലാം കുര്യനെതിരാണ്. വിലക്കയറ്റത്തിനെതിരെ 26ന് കലക്ടറേറ്റുകള്‍ക്കുമുന്നില്‍ ധര്‍ണ നടത്തുമെന്നും ഇവരറിയിച്ചു.

സുകുമാരന്‍നായരും കുര്യനും രാജിവയ്ക്കണം: പിഡിപി

ആലപ്പുഴ: സുകുമാരന്‍നായരും പി ജെ കുര്യനും സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍എസ്എസിന്റെ മതനിരപേക്ഷത കളഞ്ഞുകുളിച്ച ജനറല്‍ സെക്രട്ടറി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. സൂര്യനെല്ലിക്കേസിന്റെ ഇപ്പോഴത്തെ പുരോഗതിയുടെ അടിസ്ഥാനത്തില്‍ തീര്‍ത്തും നിരപരാധിയെന്ന് തെളിഞ്ഞശേഷമേ പി ജെ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കാവൂ. ബംഗ്ലൂര്‍ സൗഖ്യാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനിയെ കേരളത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഗൂഢാലോചന'യില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്ക് , കുര്യന്‍

കൊച്ചി: സൂര്യനെല്ലിക്കേസില്‍ തനിക്കെതിരെയുള്ള 'ഗൂഢാലോചന'യില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് പി ജെ കുര്യന്‍ ആരോപിച്ചു.. ഒരു വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കുര്യന്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കെതിരെ ആഞ്ഞടിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മാത്രം തനിക്കെതിരെ സൂര്യനെല്ലിക്കേസ് ഉയര്‍ന്നു വരുന്നതില്‍ ചിലരുടെ ഇടപെടലുണ്ട്. ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന പ്രബലവിഭാഗമാണ് തനിക്കെതിരെ നീങ്ങുന്നത്.

കേരള പൊലീസിനെയും കുര്യന്‍ വിമര്‍ശിച്ചു. തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ജോഷ്വയെന്ന ഉദ്യോഗസ്ഥനെ വിജിലന്‍സ് മേധാവിയായി നിയമിക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്തയച്ചു. മറുപടി പോലുമുണ്ടായില്ല. മാത്രമല്ല ഒരു എംപിയുടെ പേരില്‍ തനിക്കെതിരെ ഊമക്കത്തയച്ചതിനെക്കുറിച്ചന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് അനങ്ങിയിട്ടില്ല. കത്തിനു പിന്നില്‍ താന്‍ മൂലം അവസരം നഷ്ടമായ ആളുകളാണെന്നും കുര്യന്‍ പറഞ്ഞു. അന്വേഷണോദ്യോഗസ്ഥനായ ജോഷ്വക്കെതിരെ കുര്യന്‍ മറ്റൊരു ചാനലില്‍ വിമര്‍ശനമുന്നയിച്ചു. പ്രതികളില്‍ ചിലരെ ജോഷ്വ ഭീഷണിപ്പെടുത്തി. തന്റെ പേര് പറയണമെന്ന് പ്രതികളോട് ജോഷ്വ ആവശ്യപ്പെട്ടതായും കുര്യന്‍ പറഞ്ഞു.


എജി പ്രതിഭാഗം വക്കീല്‍

കൊച്ചി: സുപ്രീംകോടതി ഉത്തരവനുസരിച്ച് സൂര്യനെല്ലി കേസ് ഹൈക്കോടതിയില്‍ വീണ്ടുമെത്തുമ്പോള്‍ സര്‍ക്കാരിനുവേണ്ടി കേസ് നടത്തേണ്ടത് നേരത്തെ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒരാളൊഴികെയുള്ള പ്രതികളെ വെറുതെവിട്ട ഹൈക്കോടതിവിധി വരുമ്പോള്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകരിലൊരാള്‍ ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി ആയിരുന്നു. സര്‍ക്കാര്‍ വാദിയായ കേസ് വീണ്ടും കോടതിയിലെത്തുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കേസ് നടത്തേണ്ടത് ഇതേ എജി. ഈ കേസില്‍ നിന്ന് എ ജിയെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ കേസ് നടത്തിപ്പിന്റെ വിശ്വാസ്യത നഷ്ടമാകും എന്നതാണ് സ്ഥിതി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരില്‍ പ്രമുഖനായ കോണ്‍ഗ്രസ് നേതാവ് ജേക്കബ്ബ് സ്റ്റീഫന്‍കൂടി പ്രതിയായ കേസ് എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനും സാധ്യതയുണ്ട്.

അതിനിടെ, കുര്യനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ 2007 ലെ വിധിയുടെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുകയാണ്. കഴിഞ്ഞ ദിവസം "ഞെട്ടിപ്പിക്കുന്"തെന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതി റദ്ദാക്കിയ 2005ലെ ഡിവിഷന്‍ ബെഞ്ച് വിധിയെ ആധാരമാക്കിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2007ല്‍ കുര്യനെ കുറ്റവിമുക്തനാക്കിയത്. കേസിലെ സാക്ഷിയായ പെണ്‍കുട്ടിയുടെ മൊഴികള്‍ വിശ്വസിക്കാനാകില്ലെന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിഗമനം കുര്യനുവേണ്ടി കോടതിയില്‍ ഉദ്ധരിച്ചിരുന്നു. ഇതും പരിഗണിച്ചാണ് കുര്യനെ കേസില്‍ നിന്നൊഴിവാക്കിയത്. ആ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി തന്നെ റദ്ദാക്കിയതോടെ കുര്യനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുന്നു.


deshabhimani 030213

No comments:

Post a Comment