ജനകീയ നാടകപ്രവര്‍ത്തനത്തിനിടെ രക്തസാക്ഷിയായ സഫ്ദര്‍ ഹശ്മിയുടെ അമ്മയും എഴുത്തുകാരിയുമായ കമര്‍ ആസാദ് ഹശ്മി അന്തരിച്ചു. പ്രതികൂലമായ ജീവിതസാഹചര്യങ്ങള്‍ ഉറച്ച മനസ്സോടെ നേരിട്ട് ഡല്‍ഹിയിലെ പുരോഗമനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെയാകെ "അമ്മാജി"യായി മാറിയ കമറിന് 86 വയസ്സായിരുന്നു. മസ്തിഷ്കാഘാതമാണ് മരണകാരണം.
സിപിഐ എം പ്രവര്‍ത്തകയായിരുന്നു. മൃതദേഹം ലാധി റോഡ് വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. സാമൂഹ്യപ്രവര്‍ത്തകയും അന്‍ഹദ് പ്രവര്‍ത്തകയുമായ ശബ്നം ഹശ്മി മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 1926 മാര്‍ച്ച് നാലിനാണ് കമര്‍ ജനിച്ചത്. പിതാവ് അസ്ഹര്‍ അലി ആസാദ് എഴുത്തുകാരനായിരുന്നു. കമര്‍ മൂന്നു പുസ്തകം രചിച്ചിട്ടിണ്ട്. മകനും വിഖ്യാത ഇടതുപക്ഷ നാടകപ്രവര്‍ത്തകനുമായ സഫ്ദര്‍ ഹശ്മിയുടെ ജീവചരിത്രമായ "പാഞ്ച്വാന്‍ ചിരാഗും" ഇതില്‍പ്പെടുന്നു.
2004ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കമറിന് ഗുരുതരപരിക്കേറ്റു. തലച്ചോറിന് അടക്കം ഓപ്പറേഷന്‍ വേണ്ടിവന്നു. ഇതിനുശേഷവും കമര്‍ പുസ്തകരചനയില്‍ മുഴുകി. ചെറിയ കുട്ടികളുമായി ഇടപഴകുന്ന അധ്യാപകര്‍ക്കുള്ള പുസ്തകം എസ്സിഇആര്‍ടി ഡല്‍ഹിക്കായി അവര്‍ തയ്യാറാക്കി. അധ്യാപന ജീവിതത്തിന്റെ അനുഭവപാഠങ്ങള്‍ പിന്‍ബലമായി. 70-ാം വയസ്സില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലൂടെ ഖമര്‍ തന്റെ ഇച്ഛാശക്തിയുടെ ആഴം വെളിവാക്കി. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ആവശ്യപ്പെട്ട് "അന്‍ഹദ്" സംഘടിപ്പിച്ച പരിപാടിയില്‍ കമര്‍ മുന്‍നിരയിലുണ്ടായിരുന്നു.
എല്ലാവരുടെയും "അമ്മാജി"
ന്യൂഡല്‍ഹി: നാടകാവതരണത്തിനിടെ ഗുണ്ടകളുടെ ആക്രമണത്തില്‍ മകന്‍ സഫ്ദര്‍ ഹാഷ്മി കൊല്ലപ്പെട്ടതറിഞ്ഞപ്പോള്‍ മനോധൈര്യം വീണ്ടെടുത്ത് കമര്‍ ആസാദ് ഹാഷ്മി ആഹ്വാനംചെയ്തു-"കണ്ണീര്‍ തുടയ്ക്കുക, ജ്വാലകള്‍ തെളിക്കുക". എന്നും അസാധാരണ ധീരതയും വാത്സല്യവും പ്രകടിപ്പിച്ചതുകൊണ്ടാണ് കമര്‍ എല്ലാവര്‍ക്കും "അമ്മാജി" ആയത്.
സിപിഐ എം അംഗമായിരുന്ന കമറിന് പുരോഗമന ആശയങ്ങള്‍ കുടുംബത്തില്‍നിന്നാണ് പകര്‍ന്നുകിട്ടിയത്. യാഥാസ്ഥിതികത്വം വലിച്ചെറിഞ്ഞ അമ്മ സുബൈദ ഖാത്തൂണ്‍ മകള്‍ക്ക് പിന്‍ബലമായി. ഒന്‍പതാം വയസ്സില്‍ കമര്‍ ബുര്‍ഖ ഉപേക്ഷിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം 1940കളില്‍ ഡല്‍ഹിയിലെത്തിയ കമര്‍ വിഭജനകാലത്ത് സഹോദരന്റെ സഹൃത്തായ ഹനീഫ് ഹാഷ്മിയുടെ വീട്ടിലാണ് കുറച്ചുകാലം താമസിച്ചത്. ഹാഷ്മി കുടുംബവുമായി കമറിന്റെ ബന്ധം തുടങ്ങിയത് അങ്ങനെയാണ്. വിഭജനത്തിന്റെ ദുരിതം ഏറ്റുവാങ്ങിയ കമറിനും കുടുംബത്തിനും പിന്നീട് പുരാനകിലയിലെയും ഹുമയൂണ്‍ ശവകുടീരത്തിലെയും അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു. പിതാവിന്റെ പേര്‍ഷ്യന്‍ കവിതകളുടെ കൈയെഴുത്ത് പ്രതിയുമായി കമര്‍ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് നീങ്ങി. തുടര്‍ന്ന് പാകിസ്ഥാനിലേക്ക്. ഹനീഫ് ഹാഷ്മിയും കമറും തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, ഹനീഫ് ഇന്ത്യയിലും കമര്‍ പാകിസ്ഥാനിലുമായി. പാകിസ്ഥാനിലുണ്ടായിരുന്ന ഹനീഫിന്റെ സൃഹൃത്തും ഉറുദു കവിയും കമ്യൂണിസ്റ്റ് സജ്ജാദ് സഹീറിന്റെ പ്രേരണയില്‍ ഖമര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് ഹനീഫ് ഹാഷ്മിയും കമറും വിവാഹിതരാകുകയുംചെയ്തു.
ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ 1961ല്‍ തുടങ്ങിയ നേഴ്സറി സ്കൂളുകളില്‍ ഒന്നിന്റെ ഹെഡ്മിസ്ട്രസായി കമര്‍ ചുമതലയേറ്റു. അതിനകം അവര്‍ ബിഎ പൂര്‍ത്തിയാക്കിയിരുന്നു. 1990 വരെ നേഴ്സറി അധ്യാപികയായി തുടര്‍ന്നു. മികച്ച അധ്യാപികയ്ക്കും ഏറ്റവും വലിയ നേഴ്സറി സ്കൂള്‍ നടത്തുന്നതിനുമുള്ള ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം കമറിനെ തേടിയെത്തി. കുടുംബാംഗങ്ങളെ കാണാന്‍ മൂന്നു വര്‍ഷമായി എല്ലാ ആഴ്ചയും അലിഗഢ് യാത്ര നടത്തുമായിരുന്നു. ട്രെയിനില്‍ ജനറല്‍ കംപാര്‍ട്മെന്റിലായിരുന്നു യാത്രകള്‍. സഫ്ദര്‍ ഹാഷ്മിയുടെ സ്മരണാര്‍ഥം രൂപീകരിച്ച "സഹ്മതി"ന്റെയും&ാറമവെ; മകള്‍ ശബ്നം ഹാഷ്മിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്‍ഹദിന്റെയും പ്രവര്‍ത്തനത്തില്‍ കമര്‍ മുഴുകി. പിതാവിന്റെ പേര്‍ഷ്യന്‍ കവിതകളുടെ ആദ്യ വോള്യം പുറത്തിറക്കുകയുംചെയ്തു. നേത്രദാനസമ്മതപത്രത്തില്‍ കമര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ഒപ്പിട്ടുനല്‍കിയിരുന്നു.
deshabhimani 030213
No comments:
Post a Comment