Thursday, February 14, 2013

പി ജയരാജനും ടി വി രാജേഷിനുമെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് സാക്ഷികള്‍


കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എക്കുമെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് സാക്ഷി. തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തിലാണ്, ഷുക്കൂര്‍ കേസില്‍ സാക്ഷിയായി പൊലീസ് അവതരിപ്പിച്ച തളിപ്പറമ്പ് സര്‍സയ്യിദ് ഹൈസ്കൂള്‍ പ്യൂണും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ കപ്പാലത്തെ പഴയപുരയില്‍ അബു ഇക്കാര്യം വെളിപ്പെടുത്തിയത്.

2012 ഫെബ്രുവരി 20ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍നിന്ന് സിപിഐ എം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു വി വേണു ഷുക്കൂറിനെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്നത് ജയരാജനും രാജേഷും കേട്ടുവെന്നായിരുന്നു അബുവിന്റെയും മറ്റൊരു സാക്ഷിയായ മുഹമ്മദ് സാബിറിന്റെയും മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മെയ് 16ന് വളപട്ടണം സിഐ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ആ സമയം മുറിയിലുണ്ടായിരുന്ന ജയരാജനും ടി വി രാജേഷും കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും തടഞ്ഞില്ലെന്നാരോപിച്ച് ഐപിസി 118 പ്രകാരമാണ് പ്രതിചേര്‍ത്തത്. ഈ മൊഴിയാണ് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അബു തിരുത്തിയത്.

"ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകരെന്ന നിലയില്‍ അന്യായക്കാരനോ മുഹമ്മദ് സാബിറോ സംഭവ ദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ പരിസരത്തു പോലും പോയിട്ടില്ല. അതുകൊണ്ടു തന്നെ അന്യായക്കാരനോ സാബിറോ അന്വേഷണ ഉദ്യോഗസ്ഥന് അത്തരമൊരു മൊഴികൊടുത്തിട്ടില്ല. യു വി വേണു പറയുന്ന കാര്യം കേട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ 118ാം വകുപ്പ് പ്രകാരം ഇവരും പ്രതിചേര്‍ക്കപ്പെടുമായിരുന്നു". അഡ്വ. കെ ബാലകൃഷ്ണന്‍ നായര്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും നേതൃതവത്തില്‍ നടന്ന ഉന്നതതല രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിലൂടെ മറനീക്കി പുറത്തുവന്നത്. ഷൂക്കുര്‍ വധത്തില്‍ സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം ആശ്രയിച്ച കള്ളസാക്ഷികളാണ് അബുവും സാബിറുമെന്നും ഈ സത്യവാങ്മൂലത്തിലുടെ തെളിഞ്ഞു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സിഐ യു പ്രേമന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അബുവും സാബിറുമാണ് സാക്ഷികളാണെന്ന് പറയുന്നുണ്ട്. ജയരാജനും രാജേഷിനും ജാമ്യം നിഷേധിക്കാന്‍ കോടതിയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും മറ്റും മുഖ്യമായി ആശ്രയിച്ചതും ഇവരുടെ സാക്ഷിമൊഴിയായിരുന്നു.

deshabhimani

1 comment: