അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ കുടുക്കാന്‍ നടന്ന രാഷ്ട്രീയ- മാധ്യമ ഗൂഢാലോചന വെളിപ്പെട്ടതോടെ, പങ്കാളികളായ പൊലീസ് ഉദ്യോഗസ്ഥരും നിയമത്തിന്റെ മുന്നിലേക്ക്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍, ഡിവൈഎസ്പി പി സുകുമാരന്‍, വളപട്ടണം സിഐ യു പ്രേമന്‍ എന്നിവരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നിയമ- നീതിന്യായ സംവിധാനങ്ങള്‍ക്ക് മുന്നിലുയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും. രാഷ്ട്രീയ യജമാനന്മാര്‍ക്കായി ഇവര്‍ നടത്തിയ നിയമനിഷേധം സംശയലേശമെന്യേ തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ നീതിപീഠത്തിനും ജനമനഃസാക്ഷിക്കും മുന്നില്‍ ഇവര്‍ കുറ്റവാളികളാണ്. സിപിഐ എമ്മിനെ ഷുക്കൂര്‍ വധവുമായി ബന്ധപ്പെടുത്താനുള്ള രാഷ്ട്രീയ- പൊലീസ് -മാധ്യമ ഗൂഢാലോചനയും ജനകീയ കോടതിയില്‍ വിചാരണ ചെയ്യപ്പെടുകയാണ്. കള്ളസാക്ഷികളെ അവതരിപ്പിച്ച് കൃത്രിമമായി പടച്ചുണ്ടാക്കിയ "തെളിവുകളു"മായാണ് ഷുക്കൂര്‍ കേസില്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയും അനുചരന്മാരും ആടിത്തിമിര്‍ത്തതെന്ന് വ്യക്തമായി. കുറ്റകൃത്യം കണ്ടുവെന്ന സാക്ഷിമൊഴിയിലൂടെ പ്രതിക്ക് ലഭ്യമാകുന്ന ശിക്ഷയ്ക്ക് തുല്യമായ ശിക്ഷയാണ് കള്ളസാക്ഷിക്കും ലഭിക്കുക. ഇക്കാര്യം ബോധ്യമായതിനാലാകാം താന്‍ പറയാത്ത കാര്യങ്ങളാണ് സാക്ഷിമൊഴിയായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് കാണിച്ച് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പഴയപുരയില്‍ അബു നിര്‍ബന്ധിതനായത്.
"അന്നേദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ പരിസരത്തുപോലും ഞാനോ, മുഹമ്മദ് സാബിറോ പോയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് അത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ലെന്നു"മാണ് അബു സത്യവാങ്മൂലത്തില്‍ പറയുന്നത്. മുസ്ലിംലീഗ് ആക്രമണത്തില്‍ പരിക്കേറ്റ സിപിഐ എം നേതാക്കളെ പ്രവേശിപ്പിച്ച ആശുപത്രിയുടെ നാലയലത്തേക്ക് ഏതെങ്കിലും ലീഗുകാരന്‍ പോകുമെന്ന് സാമാന്യബുദ്ധിയുള്ളവരാരും കരുതില്ല. അതുകൊണ്ടുതന്നെ "തങ്ങള്‍ അവിടെ പോയിട്ടില്ല, ഒന്നും അറിഞ്ഞിട്ടില്ല, മൊഴി നല്‍കിയിട്ടില്ല" എന്ന സത്യപ്രസ്താവനയുടെ വിശ്വാസ്യത വര്‍ധിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ യജമാനന്മാര്‍ പറഞ്ഞുകൊടുത്ത കല്‍പ്പിതകഥ സ്വന്തം അന്വേഷണവിവരങ്ങളായി അവതരിപ്പിക്കുകയായിരുന്നു.
ഫെബ്രുവരി 20ന് നടന്ന സംഭവത്തില്‍ സാക്ഷികളുടെ രംഗപ്രവേശം എതാണ്ട് ഒരുമാസത്തിനുശേഷമാണ്. യുഡിഎഫ് അനുകൂല പത്രങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്‍ബലത്തില്‍ "പാര്‍ടിക്കോടതി" വാര്‍ത്ത ചമച്ചതിനുശേഷമാണ് അബുവിന്റെയും മുഹമ്മദ് സാബിറിന്റെയും പേരില്‍ പൊലീസ് സാക്ഷിമൊഴികള്‍ സൃഷ്ടിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ സാക്ഷികളായിരുന്നുവെങ്കില്‍ പൊലീസിന്റെ മാസങ്ങള്‍ നീണ്ട ചോദ്യംചെയ്യല്‍ നാടകങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് പി ജയരാജന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ ജില്ലാപൊലീസ് മേധാവിക്ക് ഉത്തരം മുട്ടിയതും വെറുതെയല്ല. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുസ്ലിംലീഗ് നേതാക്കളും ചില മാധ്യമപ്രഭൃതികളും ഉള്‍പ്പെട്ട ഗൂഢാലോചനയില്‍ കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ട് പങ്കാളികളായി എന്നാണ് വ്യക്തമാകുന്നത്. ഭരണക്കാരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയോ പ്രീതി പിടിച്ചുപറ്റാന്‍ വേണ്ടിയോ ആകാം ഇത്. കാരണം എന്തുതന്നെയായാലും നട്ടെല്ലില്ലാത്ത, പൊലീസ് സേനക്കുതന്നെ അപമാനമായ ഈ ഉദ്യോഗസ്ഥര്‍ നിയമക്കുരുക്കിലാണ്.
സാക്ഷികളുടെ വെളിപ്പെടുത്തല്‍: പ്രതികരിക്കാനില്ലെന്ന് മന്ത്രി
തിരു: ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എക്കുമെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുള്ള സാക്ഷികളുടെ വെളിപ്പെടുത്തലിനെപ്പറ്റി പ്രതികരിക്കാനില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോടതിയിലുള്ള കേസായതിനാല്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വനങ്ങളില്‍ മാവേയിസ്റ്റ് സാന്നിധ്യമുള്ളതായി വനംവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
deshabhimani 160213
No comments:
Post a Comment