രാജ്യത്തെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണി ഉയര്‍ത്തി കള്ളനോട്ട് പ്രവഹിക്കുമ്പോഴും അന്വേഷണ സംവിധാനം നോക്കുകുത്തിയാകുന്നു. വിദേശങ്ങളില്‍നിന്നുള്ള കള്ളനോട്ട് എടിഎമ്മില്‍പോലും വ്യാപകം. വിദേശ എയര്‍പോര്‍ട്ടുകളിലെ മണി എക്സ്ചേഞ്ച് കേന്ദ്രങ്ങളില്‍ പോലും വ്യാജനോട്ടുകള്‍ സുലഭമായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ ദുബായില്‍നിന്ന് എത്തിയ കാസര്‍കോട് സ്വദേശിയില്‍നിന്ന് 9.75 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയിട്ട് ഒരുമാസം തികഞ്ഞിട്ടില്ല. ഇതിനുപിന്നാലെ ദുബായില്‍നിന്ന് എറണാകുളത്ത് ചികിത്സക്കെത്തിയ മലയാളിസ്ത്രീയില്‍ നിന്നും ഏറ്റവമൊടുവില്‍ ഇമാമിന്റെയും മുക്രിയുടെയും പക്കല്‍ നിന്നും കള്ളനോട്ട് പിടികൂടിയിരുന്നു.
പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളാണ് പ്രധാനമായും ദുബായ് വഴി ഇന്ത്യയിലേക്കു കടത്തുന്നതെന്നാണ് അന്വേഷണസംഘംപറയുന്നത്. തീവ്രവാദി സംഘടനയായ ലഷ്കര്‍ ഇ തോയ്ബയും മറ്റുമാണ് പിന്നിലെന്നും അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇതിനു തടയിടുന്നതിന് രാജ്യാന്തര അന്വേഷണ സംവിധാനം ഫലപ്രദമല്ല. കള്ളനോട്ട്സംഘം രാജ്യത്തിനകത്തും ഏറെയാണെന്ന് പറയുന്നു. എടിഎമ്മിലും മറ്റും കള്ളനോട്ട് എത്തുന്നത് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനഫലമാണെന്നാണ് സൂചന. എടിഎമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ പുറംകരാര്‍ എടുത്ത ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍പോലും ഇതില്‍ കണ്ണിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ബാങ്കിങ് മേഖലയില്‍നിന്നുള്ളവര്‍ പറയുന്നു. ബാങ്ക്ശാഖകള്‍ നല്‍കുന്ന പണംതന്നെയാണോ ഇവര്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്നത് എന്നതിന് ഉറപ്പില്ലാത്ത സ്ഥിതിയാണ്. ദുബായില്‍ നിന്നും ചികിത്സയ്ക്കെത്തി കള്ളനോട്ടുമായി പിടിയിലായ സ്ത്രീ തനിക്ക് ദുബായ് എയര്‍പോര്‍ട്ടിലെ മണിട്രാന്‍സ്ഫര്‍ ഏജന്‍സിയില്‍ നിന്നാണ് നോട്ട് ലഭിച്ചതെന്നാണ് വ്യക്തമാക്കിയത്. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള യുവാക്കളെയാണ് നേരത്തെ വിദേശങ്ങളില്‍നിന്ന് കള്ളനോട്ട് കടത്തുന്നതിന് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് വിപുലമായി. കള്ളനോട്ട് കേസുകളില്‍ സംസ്ഥാനത്ത് ഒതുങ്ങുന്ന അന്വേഷണം മാത്രമാണ് ഡിആര്‍ഐയും പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ നടത്തുന്നത്. ഓരോ നോട്ടും ഒറിജിനല്‍ നോട്ടുകള്‍ അച്ചടിക്കുന്ന ദേവാസിലെയും നാസിക്കിലെയും സെക്യൂരിറ്റി പ്രസ് അധികൃതര്‍ കള്ളനോട്ടെന്ന് സാക്ഷ്യപ്പെടുത്തണം. ഇതിന് കാലതാമസം എടുക്കുമെന്നതിനാല്‍ പ്രതികള്‍ ബുദ്ധിമുട്ടുകൂടാതെ ജാമ്യത്തിലിറങ്ങുന്നു.
deshabhimani 160213
No comments:
Post a Comment