Tuesday, February 5, 2013

ഭൂരിപക്ഷം തികയ്ക്കാന്‍ സസ്‌പെന്‍ഷന് കളമൊരുക്കുന്നു


യു ഡി എഫ് സര്‍ക്കാരിന് ഭൂരിപക്ഷം തികയ്ക്കാന്‍ നിയമസഭയില്‍ വീണ്ടും സസ്‌പെന്‍ഷന് കളമൊരുങ്ങുന്നു. ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്‍മേല്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. ഈ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ വിജയം സുഗമമാക്കുന്നതിനായാണ് സസ്‌പെന്‍ഷന് അരങ്ങൊരുക്കുന്നത്. ഇന്നലെ സ്പീക്കറുടെ ഡയസിലേക്ക് കയറിയ നാല് പ്രതിപക്ഷാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഭരണപക്ഷം സ്പീക്കറെ സമീപിച്ചുകഴിഞ്ഞു. ഇക്കാര്യത്തില്‍ സ്പീക്കറുടെ അറിയിപ്പ് വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
സാങ്കേതികമായി നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും വ്യാഴാഴ്ച നടക്കുന്ന നന്ദിപ്രമേയത്തിന്റെ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തികയ്ക്കാനാവുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണുള്ളത്. ഭരണപക്ഷത്ത് ആകെയുള്ള 74 പേരില്‍ നോമിനേറ്റഡ് അംഗത്തിന് ഈ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല. പിന്നെയുള്ളത്് 73 പേരാണ്. ഇതില്‍ വോട്ടെടുപ്പ് ദിവസം സഭയില്‍ എത്താന്‍ കഴിയാത്തവരുമുണ്ട്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍ എന്നിവര്‍ ഇന്നലെ സഭയിലുണ്ടായിരുന്നില്ല. ടൂര്‍ പരിപാടികള്‍ അനസരിച്ച് വ്യാഴാഴ്ചയും ഇവര്‍ക്ക് സഭയില്‍ പങ്കെടുക്കാന്‍ കഴിയുമെന്നതിന് ഉറപ്പില്ല. ഇവര്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണപക്ഷത്തിന്റെ അംഗബലം 70 ആയിക്കുറയും.

ഇതില്‍ എ ടി ജോര്‍ജ് ഇപ്പോഴും ചികിത്സയിലാണ്. സഭാ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല അദ്ദേഹം. ബാക്കിയുള്ള 69 ല്‍ ഒന്ന് സ്പീക്കറാണ്. പ്രതിപക്ഷത്ത് 68 പേരും സഭയിലുണ്ട്. ഈ സാഹചര്യത്തില്‍ നന്ദിപ്രമേയം പാസാകണമെങ്കില്‍ സ്പീക്കര്‍ കാസ്റ്റിംഗ് വോട്ട് ചെയ്യേണ്ടിവരുമെന്നതാണ് അവസ്ഥ. ഇതിനിടെ ശാരീരിക വൈഷമ്യമുള്ള തേറമ്പില്‍ രാധാകൃഷ്ണനെപ്പോലുള്ളവരുമുണ്ട്. ഇവരിലാര്‍ക്കെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നാല്‍ സര്‍ക്കാര്‍ താഴെ വീഴുകയായിരിക്കും ഫലം.

ഈ അവസ്ഥ ഒഴിവാക്കാനാണ് സസ്‌പെന്‍ഷന്‍ നടപടി ഭരണപക്ഷം സജീവമായി ആലോചിക്കുന്നത്. പ്രതിപക്ഷത്തെ നാല് പേലെ സസ്‌പെന്‍ഡ് ചെയ്താല്‍ അവരുടെ അംഗബലം 64 ആയിക്കുറയും. സര്‍ക്കാരിന് ഭീഷണിയില്ലാതെ മുന്നോട്ടുപോകുകയും ചെയ്യാം. അതുകൊണ്ടുതന്ന നാല് പേരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭരണപക്ഷം. ബഹളത്തിനിടെ സ്പീക്കറുടെ ഡയസിലേക്ക് കയറിയ വി ശിവന്‍കുട്ടി, ജെയിംസ് മാത്യു, ആര്‍ രാജേഷ്, ബാബു എം പാലിശേരി എന്നിവരാണ് സസ്പന്‍ഷന്‍ ഭീഷണി നേരിടുന്നത്.

janayugom 050213

No comments:

Post a Comment