Monday, February 18, 2013

ദുരിതജീവിതത്തിന് വിട; ഭാസ്കരന് ഇനി ഇ എം എസ് ഭവന്‍ സ്വന്തം


ഫറോക്ക്: അകക്കണ്ണിന്റെ കാഴ്ചയില്‍ സംഗീതം സമരായുധമാക്കിയ ഭാസ്കരന് ഇനി സ്വന്തം വീട്ടില്‍ തലചായ്ക്കാം. സ്നേഹവും ആര്‍ദ്രതയും വറ്റിയിട്ടില്ലാത്ത നാട്ടുകാരും കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരും ചേര്‍ന്ന് അന്ധ ഗായകന്‍ പി പി ഭാസ്കരന് നിര്‍മിച്ചു നല്‍കിയ വീടായ ഇ എം എസ് ഭവനിന്റെ താക്കോല്‍ എളമരം കരീം എംഎല്‍എ കൈമാറി. ഫറോക്ക് ഗ്രാമപഞ്ചായത്തില്‍ ഇ എംഎസ് ഭവനപദ്ധതി പ്രകാരമാണ് വീട് ലഭിച്ചത്. സിപിഐ എം ഈസ്റ്റ് നല്ലൂര്‍ ബ്രാഞ്ച് ആണ് വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളായ ഇ എം എസിനെയും നായനാരെയും ഏറെ ആരാധിക്കുന്ന ഭാസ്കരന്റെ ആഗ്രഹപ്രകാരമാണ് വീടിന് ഇ എം എസ് ഭവന്‍ എന്ന് പേരിട്ടത്.

ട്രെയിനിലും മറ്റും പാട്ടുപാടി ലഭിക്കുന്ന വരുമാനംകൊണ്ടാണ് 86 വയസ് പിന്നിട്ട ഭാസ്കരനും ഭാര്യ ചെല്ലമ്മയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ആദ്യകാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമ്മേളന വേദികളില്‍ സ്ഥിരമായി വിപ്ലവഗാനം പാടി ശ്രദ്ധയാകര്‍ഷിച്ച ഗായകനാണ് ഭാസ്കരന്‍. ഉറച്ച സിപിഐ എം സഹയാത്രികനുമാണ്. ചെങ്കൊടിയെ നെഞ്ചേറ്റുന്ന ഭാസ്കരന്‍ ചുകപ്പ് ഷര്‍ട്ടേ ധരിക്കാറുള്ളു. ഇരുപതോളം വിപ്ലവഗാനങ്ങള്‍ സ്വന്തമായി രചിച്ച് ആലപിച്ചിട്ടുള്ള ഭാസ്കരന്റെ കണ്ഠങ്ങളില്‍ സിനിമാ ഗാനങ്ങളുടെ ഈരടികളും ഭദ്രം. ജനിച്ച് മൂന്ന്മാസം പ്രായമായപ്പോള്‍ വസൂരി വന്നാണ് കാഴ്ച നഷ്ടപ്പെട്ടത്. ഒരുവയസാകുമ്പോഴേക്കും ഭാസ്കരന്റെ അച്ഛന്‍ കോളറ ബാധിച്ചു മരിച്ചു. പിന്നീട് ഏറെ ദുരിതം താണ്ടിയായിരുന്നു ജീവിതം. ഭാസ്കരന്റെയും ചെല്ലമ്മയുടെയും മക്കളായ ദേവി, സുലോചന, അംബിക എന്നീ മൂന്ന് പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞു. നല്ലൂരില്‍ പനോളിപ്പറമ്പില്‍ ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ വീട്ടിലായിരുന്നു വൃദ്ധദമ്പതികളുടെ താമസം.

ഇവരുടെ ദുരിതം മനസ്സിലാക്കിയാണ് നാട്ടുകാരും സിപിഐ എം പ്രവര്‍ത്തകരും സഹായ ഹസ്തവുമായി മുന്നോട്ട് വന്നത്. ഇ എം എസിന്റെ മകള്‍ ഇ എം രാധയും ചടങ്ങിന് സാക്ഷിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളക്കട സരസു അധ്യക്ഷയായി. ഭവന നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ തിയ്യത്ത് ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ എം പി സുരേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി മജീദ്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എം പ്രജല, ബ്ലോക്ക് പഞ്ചായത്തംഗം കെ സോമന്‍, മുന്‍ എംഎല്‍എ വി കെ സി മമ്മദ്കോയ, പി സുബ്രഹ്മണ്യന്‍നായര്‍, എം ഉണ്ണികൃഷ്ണന്‍, എന്‍ കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ പി രാമചന്ദ്രന്‍ നായര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ഇ സുഭാഷ് നന്ദിയും പറഞ്ഞു.

deshabhimani 180213

No comments:

Post a Comment