Monday, April 16, 2012

സങ്കടക്കെട്ടഴിച്ച് കരിങ്കണ്ണിക്കുന്നുകാര്‍


കാനമധ്യത്തിലെ ജീവിത ദുരിതങ്ങളുടെ കെട്ടഴിച്ച് കരിങ്കണ്ണിക്കുന്ന് നിവാസികള്‍. കോളനി സന്ദര്‍ശിച്ച സിപിഐ എം-എകെഎസ് നേതാക്കളോടാണ് ഒറ്റപ്പെടലിന്റെ ദൈന്യത ഈ കാട്ടുനായ്ക്ക ജനവിഭാഗം നിരത്തിയത്. ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭിക്കാതെ മണിക്കൂറുകളോളം രക്തംവാര്‍ന്ന് മിനിയെന്ന യുവതി മരിക്കാനിടയായ സാഹചര്യത്തിലാണ് നേതാക്കള്‍ കോളനി സന്ദര്‍ശിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോളനിയിലെ ബാലന്റെ ഭാര്യ മിനി വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് രക്തംവാര്‍ന്ന് മരിച്ചത്. അമിതരക്തസ്രാവത്തെ തുടര്‍ന്ന് എട്ടര മണിയോടെ തന്നെ ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരോട് സഹായം തേടിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. രക്തംവാര്‍ന്ന് ബോധം നഷ്ടപ്പെട്ട മിനി അഞ്ച് മണിക്കൂറിന് ശേഷമാണ് കോളനിയില്‍ മരിച്ചത്. യഥാസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സഹായം നല്‍കാന്‍ തയ്യാറായിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു. പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് ജീവനക്കാര്‍ കോളനിയിലെത്തിയത് രണ്ട് മണിക്കാണ്. അപ്പോഴേക്കും മിനിയുടെ ശ്വാസം നിലച്ചിട്ട് രണ്ടുമണിക്കൂര്‍ പിന്നിട്ടിരുന്നു. മിനി മരിച്ചെങ്കിലും പ്രസവിച്ച നവജതാശിശുവിനെ വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ ഇതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. ചൊവ്വാഴ്ച തന്നെ കോളനിയില്‍ പ്രസവിച്ച മറ്റൊരു സ്ത്രയുടെ മുലപ്പാലാണ് മിനി പ്രസവിച്ച ആണ്‍കുട്ടിയും കുടിക്കുന്നത്. അധികൃതരുടെ അവഗണനയില്‍ ഒരു ജീവന്‍ നഷ്ടമായെന്ന ബോധ്യമായിട്ടുപോലും സ്ഥലം സന്ദര്‍ശിക്കാന്‍ ട്രൈബല്‍-റവന്യു ഉദ്യോഗസ്ഥര്‍ ഇതേവരെ തയ്യാറായിട്ടില്ല. ഇക്കാര്യം കോളനിക്കാര്‍ നേതാക്കളോട് പറഞ്ഞു.

അസഹ്യമായ ദുരിതങ്ങള്‍ തുടര്‍ക്കഥായയതോടെ കാടുമായുള്ള പരമ്പരാഗത ജൈവബന്ധവും മലദൈവവിശ്വാസങ്ങളും ഉപേക്ഷിക്കാന്‍ ഈ കോളനിക്കാര്‍ ഇന്ന് തയ്യാറാണ്. ജീവിക്കാന്‍ അല്‍പ്പം ഭൂമിമാത്രമാണ് ഇവരുടെ ആവശ്യം. അത്രമാത്രം ദുരിതങ്ങള്‍ ഇവര്‍ ഇതിനകം നേരിട്ടുകഴിഞ്ഞു. ഇനിയുമൊരു ദുരന്തം ആവര്‍ത്തിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ വിഭാഗത്തിനായുള്ള പ്രത്യേക മന്ത്രി തന്നെ തൊട്ടടുത്തുണ്ടായിട്ടും യാതൊരു ഫലമില്ലെന്നതാണ് അവസ്ഥ. ഉദ്യോഗസ്ഥര്‍ക്ക് പോലും ഈ കാട്ടുനായ്ക്കരുടെ ജീവന്‍ സംരക്ഷിക്കണമെന്ന താല്‍പ്പര്യം കാണിക്കുന്നില്ല. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, എകെഎസ് ജില്ലാ പ്രസിഡന്റ് സീതാബാലന്‍, അച്ചപ്പന്‍ തുടങ്ങിയവരാണ് കോളനി സന്ദര്‍ശിച്ചത്.

മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി വേണം: എകെഎസ്

കല്‍പ്പറ്റ: കരിങ്കണ്ണിക്കുന്ന് നിവാസികളെ മാറ്റിപാര്‍പ്പിക്കാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് എകെഎസ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. അധികൃതരുടെ അവഗണന മൂലമാണ് മിനിയെന്ന യുവതി കോളനിയില്‍ രക്തംവാര്‍ന്ന് മരിച്ചത്. ആശുപത്രിയിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ചിട്ടുപോലും നല്‍കാന്‍ തയ്യാറാകാതെ സര്‍ക്കാരില്‍ നിന്നും പണം ലഭിക്കില്ലെന്ന ന്യായത്തില്‍ മുഖം തിരിക്കുകയായിരുന്നു ട്രൈബല്‍ ചുമതലപ്പെട്ട ട്രൈബല്‍വകുപ്പ് ഉദ്യോഗസ്ഥന്‍. ഈ സംഭവം പൊതുസമൂഹത്തിനാകെ നാണക്കേടാണ്. ഇനിയും ഒരു മരണം ആവര്‍ത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം. ചുമതല നിര്‍വഹിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറാകണമെന്നും എകെഎസ് ആവശ്യപ്പെട്ടു.

ഇത്തരം ഉദ്യോഗസ്ഥരെ തുറങ്കിലടക്കണം

കഴിഞ്ഞദിവസം വിഷു ആഘോഷത്തിരക്കിനിടയിലാണ് കരിങ്കണ്ണിക്കുന്നില്‍നിന്ന് ആ വാര്‍ത്ത വന്നത്. ഒരു ആദിവാസി യുവതി പ്രസവത്തെത്തുടര്‍ന്ന് മരിച്ചു. പത്രങ്ങളിലെ സാധാരണ ചരമവാര്‍ത്തയില്‍നിന്ന് വ്യത്യസ്തമായി അതില്‍ ഒരു മാനുഷിക തലമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ നിസ്സംഗതയാണ് ഇവിടെ വില്ലനായത്. കൊടുംവനത്തില്‍ 36 കിലോമീറ്റര്‍ അകലെ ശരിയായ വാഹനസൗകര്യം പോലുമില്ലാത്ത ഒരു നാട്. വെളിച്ചം എത്തിപ്പെട്ടിട്ടില്ല. വനംവകുപ്പിന്റെ ബോട്ട് സര്‍വീസോ ആഴ്ചകള്‍ കൂടുമ്പോഴോ മറ്റോ എത്തുന്ന ജീപ്പോ ആണ് ഇവരുടെ ഏകവാഹനം. പ്രസവശേഷം രക്തസ്രാവം ഉണ്ടായപ്പോള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ മിനിയെന്ന യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. കോളനിയിലെ ഏക മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ അഞ്ചു കിലോമീറ്റര്‍ നടന്നുപോയി മറ്റൊരു ഫോണില്‍നിന്ന് വിവരം അറിയിച്ചിട്ടും കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഈ കോളനിയിലേക്ക് അവരെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല. ഒരുവാഹനം വിട്ടുകൊടുത്ത് ആശുപത്രിയിലേക്ക് എത്തിക്കാന്‍ അധികൃതര്‍ സന്മനസ്സ് കാണിച്ചിരുന്നുവെങ്കില്‍ ആ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് കോളനിയിലുള്ളവര്‍ പറയുന്നത്.

ഉദ്യോഗസ്ഥര്‍ ജനസേവകരാണ് എന്നാണ് വെപ്പ്. ഇവിടെ ഒരു യുവതിയുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ അശ്രദ്ധയും അലംഭാവവും കാണിച്ച ഈ ഉദ്യോഗസ്ഥരെ ജനസേവകരെന്ന് എങ്ങനെയാണ് വളിക്കാനാകുക. ഇത്തരം ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാരിനു സാധിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ ഇടപെടുന്ന കാലം വിദൂരമല്ല.

1 comment:

  1. കാനമധ്യത്തിലെ ജീവിത ദുരിതങ്ങളുടെ കെട്ടഴിച്ച് കരിങ്കണ്ണിക്കുന്ന് നിവാസികള്‍. കോളനി സന്ദര്‍ശിച്ച സിപിഐ എം-എകെഎസ് നേതാക്കളോടാണ് ഒറ്റപ്പെടലിന്റെ ദൈന്യത ഈ കാട്ടുനായ്ക്ക ജനവിഭാഗം നിരത്തിയത്. ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭിക്കാതെ മണിക്കൂറുകളോളം രക്തംവാര്‍ന്ന് മിനിയെന്ന യുവതി മരിക്കാനിടയായ സാഹചര്യത്തിലാണ് നേതാക്കള്‍ കോളനി സന്ദര്‍ശിച്ചത്.

    ReplyDelete