Monday, April 16, 2012
മലപ്പുറത്ത് കോണ്‍ഗ്രസ് തുറന്ന പോരിന്
മുസ്ലിംലീഗിന്റെ അടിമപ്പണി ഇനിയും വയ്യെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് തുറന്ന പോരിന്. ജില്ലയിലെ മുതിര്‍ന്ന നേതാവായ മന്ത്രി ആര്യാടന് മുഹമ്മദ് ഇക്കാര്യത്തില്‍ പരസ്യപ്രഖ്യാപനം നടത്തി. ആര്യാടന്റെ "തട്ടുപൊളിപ്പന്‍" പ്രസംഗം ലീഗിന്റെ ആട്ടുംതുപ്പുമേറ്റ് കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കുളിര്‍മഴയായി.
ജില്ലയില്‍ കോണ്‍ഗ്രസിന്റെ അടിമപ്പണിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും ജില്ലയിലെ സീറ്റുകള്‍ വിഭജിക്കുന്നത് ലീഗാണ്. അമര്‍ഷം ഉള്ളിലൊതുക്കി ലീഗ് നല്‍കുന്നത് വാങ്ങിപ്പോകാറാണ് പതിവ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും അതുതന്നെ സംഭവിച്ചു. ഇവിടെ ലോക്സഭാ സീറ്റ് സ്വപ്നം കാണാന്‍പോലും കോണ്‍ഗ്രസിന് അനുവാദമില്ല. അധികാരംകിട്ടിയതോടെ ലീഗിന്റെ അഹങ്കാരം വര്‍ധിച്ചു. മിക്ക പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് പൂര്‍ണമായി അവഗണിക്കപ്പെട്ടു. അതിന്റെ പൊട്ടലും ചീറ്റലും പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അഞ്ചാംമന്ത്രി വിവാദം കത്തിപ്പടര്‍ന്നത്. അഞ്ചാംമന്ത്രിയെ കിട്ടിയതോടെ മതിമറന്ന ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തെറിയഭിഷേകവുമായി രംഗത്തുവന്നു. ആര്യാടനെതിരെയായിരുന്നു രൂക്ഷവിമര്‍ശം. പറ്റാവുന്നിടത്തെല്ലാം കോണ്‍ഗ്രസും വിട്ടുകൊടുത്തില്ല. ഇ ടി മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് ധൈര്യം കാണിച്ചു. ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി നിര്‍വാഹക സമിതിയില്‍ ആര്യാടനും ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞിയും കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ തന്നെ മലപ്പുറത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജീവിക്കാന്‍ പറ്റുന്നില്ലെന്നും മന്ത്രിസ്ഥാനം നല്കിയാല് കോണ്‍ഗ്രസിന്റെ കഥ കഴിയുമെന്നുമാണ് മുഹമ്മദ് കുഞ്ഞി അന്ന് പറഞ്ഞത്.
ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതോടെ കോണ്‍ഗ്രസുകാരുടെ ഗ്യാസ് പോയിരുന്നു. ഇപ്പോള്‍ ആര്യാടന്റെ പ്രസംഗമാണ് അവര്‍ക്ക് ഊര്‍ജംനല്‍കുന്നത്. ജില്ലയിലെ ഏഴ് നഗരസഭകളിലും ഇരുപാര്‍ടികളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ട്. നഗരസഭാ യോഗങ്ങളില്‍ ലീഗ്-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള വാഗ്വാദം പതിവാണ്. കോണ്‍ഗ്രസ് അംഗം വൈസ് ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ച പെരിന്തല്‍മണ്ണ നഗരസഭയില്‍ വോട്ടെടുപ്പില്‍നിന്നും ലീഗ് കൗണ്‍സിലര്‍ വിട്ടു നിന്നത് ഇരുകൂട്ടര്‍ക്കുമിടയിലെ പടലപ്പിണക്കത്തിന്റെ ഭാഗമായാണ്. മിക്ക പഞ്ചായത്തിലും മൃഗീയ ഭൂരിപക്ഷമുപയോഗിച്ചാണ് ലീഗ് പ്രതിഷേധത്തെ നേരിടുന്നത്. ലീഗിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഇനിയും തലകുനിക്കാന്വയ്യെന്നാണ് കോണ്‍ഗ്രസ് അണികള്‍ നേതൃത്വത്തോട് പറയുന്നത്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ ജില്ലയില്‍ കോണ്‍ഗ്രസുണ്ടാവില്ലെന്ന് നേതൃത്വം ഭയപ്പെടുന്നു. ഇപ്പോള്‍തന്നെ കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങളില്‍ രാജി തുടരുന്നുണ്ട്. അണികളെ പിടിച്ചുനിര്‍ത്താനുള്ള അടവുകൂടിയാണ് ആര്യാടന്റെ പ്രസംഗം.
ആര്യാടന് സ്വീകരണം; കോണ്‍ഗ്രസ്- ലീഗ് പോര് പുതിയ വഴിത്തിരിവില്‍
മലപ്പുറം: മുസ്ലിംലീഗിന് അവരുടെ തട്ടകത്തില്‍തന്നെ കോണ്‍ഗ്രസിന്റെ തിരിച്ചടി. ലീഗിനെതിരെ ശക്തമായ നിലപാടെടുത്ത മന്ത്രി ആര്യാടന് മുഹമ്മദിന് മലപ്പുറത്ത് ഗംഭീര സ്വീകരണം നല്‍കിയാണ് കോണ്‍ഗ്രസ് പുതിയ പോര്‍മുഖം തുറന്നത്. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണത്തിന് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ട്. സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ ലീഗിന്റെ മണ്ഡലംതന്നെയാണ് സ്വീകരണം നല്കാന് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ഇ ടി മുഹമ്മദ് ബഷീറിനും എതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏറെ സന്തോഷിപ്പിച്ചാണ് ആര്യാടന് "ലീഗ് വധം" നടത്തിയത്. ജില്ലാ അതിര്‍ത്തിയായ ചങ്ങരംകുളത്തുനിന്നും നിലമ്പൂര്‍വരെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആര്യാടനെ അനുഗമിച്ചു. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലായിരുന്നു സ്വീകരണ പൊതുയോഗം.
കുഞ്ഞാലിക്കുട്ടിക്കും പാണക്കാട് തങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തകര്‍ തെറിയഭിഷേകം നടത്തി. "പോരിനുവന്നാല്‍ തെരുവില്‍ നേരിടു"മെന്നും കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാണക്കാട് തറവാട്ടില്‍നിന്നല്ലെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴക്കി. പ്രവര്‍ത്തകരുടെ കൈയിലുണ്ടായിരുന്ന ബാനറുകളിലും പാണക്കാട് തങ്ങള്‍ക്കും ലീഗ് നേതാക്കള്‍ക്കുമെതിരെയുള്ള വികാരം വ്യക്തമായിരുന്നു. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസും രോഷപ്രകടനത്തില്‍ മുഴങ്ങിക്കേട്ടു. മലപ്പുറം ഡിസിസി ഓഫീസിനുമുന്നില്‍ നല്കിയ സ്വീകരണത്തില്‍ അധ്യക്ഷതവഹിച്ച ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞിയും ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയാണുപയോഗിച്ചത്. കോണ്‍ഗ്രസിനെ അവഹേളിക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് മുഹമ്മദ്കുഞ്ഞി പറഞ്ഞു.
ആര്യാടന് മറുപടിയില്ല: ഇ ടി മുഹമ്മദ് ബഷീര്‍
മലപ്പുറം: ആര്യാടന് മുഹമ്മദിന്റെ പ്രസംഗത്തിന് മറുപടിയില്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. അഞ്ചാം മന്ത്രി സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ്സുമായും യുഡിഎഫുമായും ആലോചിച്ച് എടുത്തതാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും അപാകതയുള്ളതായി കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ലെന്നും ബഷീര്‍ "ദേശാഭിമാനി"യോട് പറഞ്ഞു.
deshabhimani 160412
Subscribe to:
Post Comments (Atom)
മുസ്ലിംലീഗിന്റെ അടിമപ്പണി ഇനിയും വയ്യെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് തുറന്ന പോരിന്. ജില്ലയിലെ മുതിര്‍ന്ന നേതാവായ മന്ത്രി ആര്യാടന് മുഹമ്മദ് ഇക്കാര്യത്തില്‍ പരസ്യപ്രഖ്യാപനം നടത്തി. ആര്യാടന്റെ "തട്ടുപൊളിപ്പന്‍" പ്രസംഗം ലീഗിന്റെ ആട്ടുംതുപ്പുമേറ്റ് കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കുളിര്‍മഴയായി.
ReplyDelete