Sunday, April 15, 2012

മതേതരത്വ സംരക്ഷണ പോരാട്ടത്തെ പിന്തുണയ്ക്കും: ഇ പി


രാജ്യനന്മയും മതേതരത്വവും ലക്ഷ്യമാക്കിയുള്ള പോരാട്ടങ്ങള്‍ക്ക് പുരോഗമനപ്രസ്ഥാനം എല്ലാ സഹായവും നല്‍കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നയിക്കുന്ന കേരളയാത്രക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ജനങ്ങളില്‍ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്താനാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം പഠിപ്പിക്കുന്നത്. ഈ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കാന്‍ തയ്യാറാണ്. സമാധാനത്തിനുവേണ്ടിയുള്ള സാമൂഹ്യബോധം വളര്‍ത്തിയെടുക്കാന്‍ കേരളയാത്രക്ക് സാധിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കാന്തപുരത്തിന്റെ കേരളയാത്ര ലീഗ് ബഹിഷ്കരിക്കുന്നു

കണ്ണൂര്‍: കാന്തപുരത്തിന്റെ കേരളയാത്ര മുസ്ലിംലീഗ് ബഹിഷ്കരിക്കുന്നു. കാസര്‍കോടു നിന്ന് പര്യടനം തുടങ്ങിയ ജാഥ വയനാട് പിന്നിട്ടിട്ടും സ്വീകരണവേദികളില്‍ ലീഗ് നേതാക്കളുടെ സാന്നിധ്യമുണ്ടായില്ല. ഇ കെ സുന്നി വിഭാഗം ആവശ്യപ്രകാരമാണ് ലീഗ് നേതാക്കള്‍ കേരളയാത്ര വേദികള്‍ ബഹിഷ്കരിക്കുന്നത്. സിപിഐ എമ്മും കോണ്‍ഗ്രസും അടക്കമുള്ള എല്ലാ രാഷ്ട്രീയപാര്‍ടി പ്രതിനിധികളെയും സ്വീകരണപരിപാടികള്‍ക്ക് ക്ഷണിക്കുന്നുണ്ട്. നോട്ടീസിലും മറ്റും ലീഗ് നേതാക്കളുടെ പേര് അച്ചടിച്ചിരുന്നു. എന്നാല്‍ ഇ കെ വിഭാഗം കര്‍ശനിലപാട് അറിയിച്ചതോടെ സ്വീകരണപരിപാടികളില്‍ നിന്ന് ലീഗ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. കേരളയാത്രയെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് ചന്ദ്രിക ദിനപത്രത്തെയും വിലക്കിയിട്ടുണ്ട്. ഇതും ഇ കെ വിഭാഗത്തിന്റെ ഇടപെടല്‍മൂലമാണ്. ചന്ദ്രികയില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാത്തതില്‍ കാന്തപുരം വിഭാഗം പ്രതിഷേധത്തിലാണ്. ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹ്യസൈറ്റുകളിലും ചന്ദ്രിക ദിനപത്രത്തിന്റെ ഭീരുത്വത്തിനെതിരെ പരാമര്‍ശങ്ങളുണ്ട്.

കേരളയാത്ര മുസ്ലിംലീഗ് ബഹിഷ്കരിച്ചതില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യൂത്ത്ലീഗ് സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ബഹളവും വാക്കേറ്റവുമുണ്ടായി. മുസ്ലിം സംഘടനകളെ പാര്‍ടിയോട് അടുപ്പിക്കണമെന്ന ലീഗിന്റെ നയമാണ് ഇ കെ വിഭാഗത്തിന്റെ ഭീഷണിക്ക് വഴങ്ങി ഒഴിവാക്കിയതെന്ന് ഒരുവിഭാഗം വാദിച്ചു. കാന്തപുരത്തിന്റെ പരിപാടികളെ ഒരു കാരണവശാലും ലീഗ് പിന്താങ്ങരുതെന്ന് മറുവിഭാഗവും വാദിച്ചു. കാന്തപുരത്തിന്റെ ജാഥക്ക് സമാന്തരമായി ഇ കെ സുന്നിയുടെ യുവജനവിഭാഗമായ എസ്കെഎസ്എസ്എഫിന്റെ നേതൃത്വത്തില്‍ 18 മുതല്‍ 30 വരെ പ്രചാരണജാഥ നടത്തുന്നുണ്ട്. കേരളയാത്രയുടെ തോരണങ്ങളും പോസ്റ്ററുകളും ചിലയിടങ്ങളില്‍ നശിപ്പിച്ചു. മുസ്ലിംലീഗ് നിരന്തരം അക്രമം അഴിച്ചുവിടുന്ന തളിപ്പറമ്പ് കുപ്പത്ത് കഴിഞ്ഞദിവസം കേരളയാത്രയുടെ വാഹനവ്യൂഹത്തിനു നേരെ പടക്കമെറിഞ്ഞിരുന്നു.

ആണവനിലയം: സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം- കാന്തപുരം

കല്‍പ്പറ്റ: വ്യാപകമായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആണവ നിലയങ്ങളുടെ നിര്‍മാണത്തിലും പരിപാലനത്തിലും സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കേരളയാത്രയോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൗരന്മാരോടാണ് സര്‍ക്കാരിന്റെ പ്രാഥമിക കടപ്പാട്. അന്താരാഷ്ട്ര കരാറുകളുടെ പേരില്‍ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ തലപൊക്കാനുള്ള അവസരം ഉണ്ടാവരുത്. കൂടംകുളം നിവാസികളുടെ ആശങ്ക പരിഹരിച്ചശേഷമേ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ ഇല്ലാതാക്കരുത്. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവരെ നിയമ കുരുക്കുകളില്‍ പെടുത്തി നിശ്ശബ്ദരാക്കാനുള്ള നീക്കം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. എതിരഭിപ്രായങ്ങളെ ആശയപരമായും ചര്‍ച്ചകളിലൂടെയും പരിഹരിക്കാന്‍ സംവിധാനങ്ങളുണ്ടാവണം.

അഞ്ചാം മന്ത്രി വിവാദം സാമുദായികവല്‍ക്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയത്തില്‍ ഓരോ കക്ഷിക്കും തങ്ങളുടേതായ ന്യായാന്യായങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സമൂഹത്തിലേക്ക് വ്യാപിപ്പിക്കരുത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പക്ഷപാതവും, നിസ്സംഗപരവുമായ നിലാപാടുകള്‍ സ്വീകരിക്കരുത്. ആദിവാസികളടക്കമുള്ള ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങളോടൊപ്പം നില്‍ക്കാന്‍ സമൂഹം ജാഗ്രത കാണിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദാരിദ്ര്യരേഖ മാനദണ്ഡങ്ങള്‍ വയനാട് പോലെയുള്ള പ്രദേശങ്ങളില്‍ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ ഇടയാക്കും. നിലവിലുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണം- കാന്തപുരം ആവശ്യപ്പെട്ടു.

മന്ത്രിസ്ഥാനത്തര്‍ക്കം സാമുദായിക പ്രശ്നമാകുന്നതില്‍ ഭയം: കാന്തപുരം

തളിപ്പറമ്പ്: കേരളത്തില്‍ മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തര്‍ക്കം സാമുദായിക പ്രശ്നമായി മാറുമോയെന്ന് ഭയപ്പെടുന്നതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. കേരളയാത്രക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദോഹം. വര്‍ഗീയതയും വിദ്വേഷവും വളരുന്നത് ആപത്താണ്. ഇത് അരാജകത്വവും അക്രമവും ഉണ്ടാക്കാനേ ഉപകരിക്കൂ. മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള കലഹം ജനങ്ങളിലേക്ക് പകര്‍ന്ന്് കലാപമാക്കി മാറ്റരുത്. പൊലീസിനെ ഉപയോഗിച്ചുമാത്രം ഒരിടത്തും സമാധാനമുണ്ടാക്കാന്‍ സാധിക്കില്ല. സമാധാനം കൈവരിക്കണമെങ്കില്‍ ജനങ്ങള്‍ ധാര്‍മികബോധമുള്ളവരായി മാറണം. അതിനാണ് കേരളയാത്ര നടത്തുന്നതെന്ന് കാന്തപുരം പറഞ്ഞു.

deshabhimani 160412

1 comment:

  1. രാജ്യനന്മയും മതേതരത്വവും ലക്ഷ്യമാക്കിയുള്ള പോരാട്ടങ്ങള്‍ക്ക് പുരോഗമനപ്രസ്ഥാനം എല്ലാ സഹായവും നല്‍കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നയിക്കുന്ന കേരളയാത്രക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete