Wednesday, April 18, 2012

വിടപറഞ്ഞത് മലയോരത്തെ ഉശിരനായ കമ്യൂണിസ്റ്റ് പോരാളി


കൊളത്തൂര്‍: മലയോരത്ത് കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയാണ് കഴിഞ്ഞ ദിവസം നിര്യാതനായ കൊളത്തൂരിലെ പി കുഞ്ഞിരാമന്‍ നായര്‍. വിളകൊയ്ത്ത് സമരത്തിനുള്‍പ്പെടെ നേതൃത്വം നല്‍കിയ കുഞ്ഞിരാമന്‍നായര്‍ 1953 മുതല്‍ കമൂണിസ്റ്റ് പാര്‍ടി അംഗമാണ്. കൊളത്തൂരിലും പരിസര പ്രദേശങ്ങളിലും ടി കുഞ്ഞമ്പുനായരോടൊപ്പം പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനമാണ് നടത്തിയത്. ജില്ലയില്‍ പല ഭാഗങ്ങളിലും നടന്ന വിളകൊയ്ത്ത് സമരങ്ങളുടെ തുടര്‍ച്ചയായി കണ്ണമ്പള്ളി മുത്തുനായര്‍, പയറ്റിയാല്‍ ഉമ്പുങ്ങന്‍, കുഞ്ഞമ്പുനായര്‍ എന്നിവരുടെ വയലുകള്‍ കൊയ്യുന്നതിന് നേതൃത്വം നല്‍കി. പാട്ടം പിരിച്ചെടുക്കുന്നതിന് രശീതി നല്‍കണമെന്നാവശ്യപ്പെട്ട് എ കെ ജിയുടെ നേതൃത്വത്തില്‍ ചെര്‍ക്കളയില്‍ നിന്നും എടനീരിലേക്ക് നടത്തിയ ജാഥയിലും പങ്കെടുത്തു.

അടിയന്തരാവസ്ഥക്കാലത്ത് ഇ കെ നായനാരെ ഒളിവില്‍ പാര്‍പ്പിക്കുന്ന ചുമതല കുഞ്ഞിരാമന്‍ നായര്‍ക്കായിരുന്നു. കല്ലളിയിലെ വീട്ടില്‍ നായനാരോടൊപ്പം കഞ്ഞി കുടിക്കുന്നതിനിടയില്‍ കോഴിയെ വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിചയമില്ലാത്ത ആളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കല്യാണം പറയാന്‍ വന്നയാളാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. സംശയം തോന്നി കോണ്‍ഗ്രസുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തുമ്പോഴേക്കും നായനാരെ പുഴ കടത്തി മുളിയാറിലെത്തിച്ചിരുന്നു. കര്‍ഷക സംഘത്തിലൂടെ പ്രവര്‍ത്തന രംഗത്തുവന്ന കുഞ്ഞിരാമന്‍ നായര്‍ മരണം വരെ പാര്‍ടി അംഗമായിരുന്നു. കര്‍ഷക സംഘത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയും കമ്യൂണിസ്റ്റുകാരെ ഒറ്റിക്കൊടുത്തും പ്രശ്നങ്ങളുണ്ടാക്കിയപ്പോള്‍ കുഞ്ഞമ്പു നായര്‍, ടി കൃഷ്ണന്‍ നായര്‍, ഇ കൃഷ്ണന്‍ നായര്‍, കൊട്ടന്‍, മുല്ലച്ചേരി കണ്ണന്‍ നായര്‍ എന്നിവരോടൊപ്പം ചെറുത്തുനില്‍പ് പോരാട്ടം നടത്തി. പ്രകടനവും പൊതുയോഗവും നടത്തിയതിന് നിയമലംഘനത്തിന് കേസെടുത്തു. മംഗളൂരുവിലാണ് കേസ് നടന്നത്.

deshabhimani news

No comments:

Post a Comment