Wednesday, April 18, 2012

മമതയെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍നിന്ന് നീക്കണമെന്ന്


മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യവെബ്സൈറ്റുകളിലൂടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഉടന്‍ നീക്കംചെയ്യണമെന്ന് പശ്ചിമബംഗാള്‍ പൊലീസ്. ഇത്തരം ചിത്രങ്ങള്‍ പ്രചരിക്കുന്നതു വിലക്കി ബംഗാള്‍ സിഐഡി എല്ലാ സാമൂഹ്യവെബ്സൈറ്റുകള്‍ക്കും കത്തയച്ചു. മമതയെക്കുറിച്ച് ഫോട്ടോകാര്‍ട്ടൂണ്‍ ഒരുക്കിയതിന്റെപേരില്‍ ജാദവപുര്‍ സര്‍വകലാശാല അധ്യാപകന്‍ അംബികേഷ് മഹാപത്രയെ മര്‍ദിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് പുതിയ തീട്ടൂരം. മഹാപത്രയുടെ അറസ്റ്റിനെത്തുടര്‍ന്ന് മമതയുടെ നടപടികളെ വിമര്‍ശിച്ചും കളിയാക്കിയും നിരവധി ചിത്രങ്ങളും സന്ദേശങ്ങളും വെബ്സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്ന കംപ്യൂട്ടറുകളുടെ ഐപി വിലാസം കണ്ടെത്തി ഉടമസ്ഥരെ പിടികൂടാനുള്ള തിരക്കിലാണ് സിഐഡി വിഭാഗം.

എന്നാല്‍, അധ്യാപകനെ അറസ്റ്റുചെയ്ത മമതയുടെ ഫാസിസ്റ്റ് നടപടിക്കെതിരെ ബംഗാളില്‍ പ്രതിഷേധം രൂക്ഷമായി. കലാ സാംസ്കാരിക സമിതികളുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധപ്രകടനം നടന്നു. നൂറുകണക്കിന് ആളുകള്‍ അണിചേര്‍ന്ന പ്രകടനം കോളേജ് സ്ക്വയറില്‍നിന്ന് ആരംഭിച്ച് ധരംതലയില്‍ സമാപിച്ചു. മമതയെ അധികാരത്തിലേറ്റാന്‍ വേണ്ടി പ്രവര്‍ത്തിച്ച പല പ്രമുഖരും പ്രകടനത്തില്‍ അണിനിരന്നു. പ്രസിദ്ധ സാഹിത്യകാരി മഹാശ്വേതാദേവി മമതയുടെ നടപടികളെ വിമര്‍ശിച്ചുകൊണ്ട് തുറന്ന കത്ത് എഴുതി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. തനിക്കെതിരെ ശബ്ദിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലന്ന ഫാസിസ്റ്റ് നിലപാടിലേക്കാണ് അവര്‍ നീങ്ങുന്നത്. വിമര്‍ശം ഉള്‍ക്കൊള്ളാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള പക്വത പ്രകടിപ്പിക്കണമെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. തൃണമൂല്‍ വിമത എംപി കബീര്‍ സുമന്‍ മമതയുടെ നടപടിയെ വിമര്‍ശിച്ച് കവിത എഴുതി.

deshabhimani 180412

No comments:

Post a Comment