Monday, April 16, 2012

കൊണ്ടും കൊടുത്തും തങ്ങളില്‍ തല്ലിയും യു.ഡി.എഫ്


രാജ്യസഭാ സീറ്റ്: ജോര്‍ജ് പറയുന്നതില്‍ കാര്യമില്ല- പി ജെ ജോസഫ്

തൃശൂര്‍: കേരള കോണ്‍ഗ്രസ് എമ്മിനു ലഭിച്ച രാജ്യസഭാ സീറ്റ് ആര്‍ക്ക് നല്‍കണമെന്നത് പാര്‍ടി എക്സിക്യൂട്ടീവ് യോഗം തീരുമാനിക്കുമെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശവാദമുന്നയിക്കാന്‍ തനിക്കവകാശമില്ലെന്ന ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവനയെ ഒട്ടും ഗൗരവമായി കാണുന്നില്ല. അദ്ദേഹം പറയുന്നതില്‍ ഒരു കാര്യവുമില്ല. 38 അംഗങ്ങളുള്ള കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുള്‍പ്പെടെ 10 മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമുണ്ട്. അതുകൊണ്ട് 20 എംഎല്‍എമാരുള്ള ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ അപാകതയില്ലെന്നും ജോസഫ് പറഞ്ഞു.

അഞ്ചാം മന്ത്രി: വലിയ വിട്ടുവീഴ്ചകള്‍ ചെയ്തതിനുശേഷമെന്ന് മുസ്ലിംലീഗ്

കോഴിക്കോട്: അഞ്ചാം മന്ത്രിപദം ലഭിച്ചത് വലിയ വിട്ടുവീഴ്ചകള്‍ ചെയ്തശേഷമാണെന്ന് മുസ്ലിംലീഗ്. അരനൂറ്റാണ്ടിലധികം ലീഗിന്റെ കൈയിലുണ്ടായിരുന്ന രാജ്യസഭാംഗത്വം രണ്ട് പ്രാവശ്യം വേണ്ടെന്നുവെച്ച് കോണ്‍ഗ്രസിന് വഴിമാറിക്കൊടുത്തു. യു ഡിഎഫ് ബന്ധം സുദൃഢമാക്കാന്‍ പല ഘട്ടത്തിലും ലീഗ് വിലപ്പെട്ട വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ ഇ ടി മുഹമ്മദ്ബഷീര്‍ എംപിയും കെ പി എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് മന്ത്രിസഭാ വികസനത്തിന്റെ സദുദ്ദേശ്യം ഉള്‍ക്കൊള്ളുന്നതിന് പകരം സാമുദായികവല്‍ക്കരിക്കാനും വര്‍ഗീയമായി ചിത്രീകരിക്കാനും ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ഖേദകരമാണെന്നും നേതാക്കള്‍ പറഞ്ഞു. മുസ്ലിംലീഗ് ഇവിടെ അധികമായോ അനര്‍ഹമായോ ഒന്നും നേടിയിട്ടില്ല. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.

മുസ്ലിം-ക്രിസ്ത്യന്‍ എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ടെന്ന് പി സി ജോര്‍ജ്

കൊച്ചി: മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതില്‍ കോണ്‍ഗ്രസിലെ മുസ്ലിം-ക്രിസ്ത്യന്‍ എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. ഇതിന്റെ സ്വാഭാവിക അഭിപ്രായപ്രകടനങ്ങളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇത് വന്‍ പ്രശ്നമായി ചിത്രീകരിക്കേണ്ടതില്ല. രാജ്യസഭാ സീറ്റ് പ്രശ്നത്തില്‍ പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ടി ചെയര്‍മാന്റെ വിലക്കുള്ളതിനാല്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാം മന്ത്രി തീരുമാനം കെപിസിസി എക്സിക്യൂട്ടീവിന്റേതല്ല: ചാക്കോ

തൃശൂര്‍: അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് തീരുമാനമെടുത്തത് കെപിസിസി എക്സിക്യൂട്ടീവ് ചേര്‍ന്നല്ലെന്ന് പി സി ചാക്കോ. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കേണ്ടത് വേദികളിലാണ്. കെപിസിസി നയരൂപീകരണസമിതി ഇല്ലാതായതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് ചാക്കോ പറഞ്ഞു. പൊതുയോഗം വിളിച്ചല്ല അഞ്ചാം മന്ത്രിസ്ഥാനം പോലുള്ള സുപ്രധാന തീരുമാനം എടുക്കേണ്ടത്. മുഖ്യമന്ത്രിയും പാര്‍ലമെന്ററി പാര്‍ടി നേതാവും ചില നേതാക്കളും നേതാക്കള്‍ക്ക് ഇഷ്ടമുള്ളവരുമൊക്കെ ചേര്‍ന്നാണ് യോഗം ചേര്‍ന്നത്. അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ കെപിസിസി എക്സിക്യൂട്ടീവ് വിളിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് വിളിക്കണമെന്ന വി എം സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചാക്കോ.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കും: ചെന്നിത്തല

കൊച്ചി: കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുമായും മുതിര്‍ന്ന നേതാക്കളുമായും ആലോചിച്ച് കെപിസിസി നിര്‍വാഹകസമിതി വിളിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുതിര്‍ന്ന നേതാവ് വി എം സുധീരനും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന പി ടി തോമസിന്റെ പരാമര്‍ശത്തെക്കുറിച്ചും ലീഗിന്റെ നിലപാട് സംബന്ധിച്ച ചോദ്യത്തോടും ചെന്നിത്തല പ്രതികരിച്ചില്ല.

മുഖ്യമന്ത്രി മാപ്പ് പറയണം: ഫ്ളക്സ് ബോര്‍ഡുമായി യൂത്ത് കോണ്‍ഗ്രസ്

മേലാറ്റൂര്‍: അഞ്ചാംമന്ത്രി വിവാദത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എടപ്പറ്റയില്‍ യൂത്ത് കോണ്‍ഗ്രസ് ഫ്ളക്സ് ബോര്‍ഡുകള്‍. "മതത്തിന്റെ പേരില്‍ മതത്തെ ഇല്ലായ്മചെയ്യുന്ന മതവാദികള്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്ന പണച്ചാക്കുകള്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും കേരളത്തെ വീതിച്ചുനല്‍കിയതില്‍ മുഖ്യമന്ത്രി മാപ്പുപറയണ"മെന്നെഴുതിയ ബോര്‍ഡാണ് യൂത്ത് കോണ്‍ഗ്രസ് ആഞ്ഞിലങ്ങാടിയില്‍ സ്ഥാപിച്ചിരിക്കുന്നത്.

deshabhimani 160412

1 comment:

  1. കേരള കോണ്‍ഗ്രസ് എമ്മിനു ലഭിച്ച രാജ്യസഭാ സീറ്റ് ആര്‍ക്ക് നല്‍കണമെന്നത് പാര്‍ടി എക്സിക്യൂട്ടീവ് യോഗം തീരുമാനിക്കുമെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശവാദമുന്നയിക്കാന്‍ തനിക്കവകാശമില്ലെന്ന ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവനയെ ഒട്ടും ഗൗരവമായി കാണുന്നില്ല. അദ്ദേഹം പറയുന്നതില്‍ ഒരു കാര്യവുമില്ല. 38 അംഗങ്ങളുള്ള കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുള്‍പ്പെടെ 10 മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമുണ്ട്. അതുകൊണ്ട് 20 എംഎല്‍എമാരുള്ള ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ അപാകതയില്ലെന്നും ജോസഫ് പറഞ്ഞു.

    ReplyDelete