Wednesday, April 18, 2012

ക്യൂബന്‍ പ്രശ്നം: അമേരിക്കന്‍ ഉച്ചകോടിയില്‍ ഭിന്നത


കാര്‍ടഗ്ന (കൊളമ്പിയ) : ക്യൂബയെ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി അമേരിക്കന്‍ രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ ഭിന്നത. ക്യൂബയെ അമേരിക്കന്‍ ഉച്ചകോടിയിലേക്ക് ക്ഷണിക്കണമെന്ന് ചില ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഉന്നയിച്ച ആവശ്യത്തെ യു എസ് എതിര്‍ത്തതിനെ തുടര്‍ന്നാണ് ഭിന്നത ഉടലെടുത്തത്.

അടുത്ത ഉച്ചകോടി സമ്മേളനത്തില്‍ ക്യൂബയെ കൂടി ക്ഷണിക്കണമെന്ന ആവശ്യം വെനിസ്വലയും ബൊളിവിയയുമുള്‍പ്പെടെ ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ അധികാരത്തിലുള്ള ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യത്തെ യു എസ് പ്രസിഡന്റ് ബരാക് ഒബാമ അനുകൂലിച്ചില്ല. ക്യൂബ ഇനിയും ഒരു ജനാധിപത്യ രാഷ്ട്രമായി തീര്‍ന്നിട്ടില്ലായെന്നവാദമാണ് അദ്ദേഹം ഉന്നയിച്ചത്. യു എസ് നിലപാടിന് കാനഡയുടെ പിന്തുണയും ഒബാമ അവകാശപ്പെട്ടു. ഇതേതുടര്‍ന്ന് ഉച്ചകോടിയുടെ അന്ത്യത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ക്യൂബയെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഒന്നുംതന്നെ പരാമര്‍ശിച്ചില്ല.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ യു എസിലെ ക്യൂബന്‍ കുടിയേറ്റക്കാരുടെ വോട്ടുകള്‍ നഷ്ടമാകാതിരിക്കാന്‍ വേണ്ടിയാണ് ഒബാമ ഈ നിലപാട് സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. ക്യൂബന്‍ ഗവണ്‍മെന്റിന്റെ എതിരാളികള്‍ വന്‍തോതില്‍ കുടിയേറിപ്പാര്‍ക്കുന്ന സ്ഥലമാണ് യു എസിലെ ഫ്ളോറിഡ സംസ്ഥാനം.

1959 ജനുവരി ഒന്നിന് ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബന്‍ വിപ്ളവ ഗവണ്‍മെന്റ് അധികാരത്തില്‍വന്നതിനെ തുടര്‍ന്ന് ആ രാഷ്ട്രത്തിനെതിരെ യു എസ് ഏര്‍പ്പെടുത്തിയ ഉപരോധം കഴിഞ്ഞ അമ്പതില്‍പ്പരം വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്.

2009 നുശേഷം ഇതാദ്യമായാണ് അമേരിക്കന്‍ രാഷ്ട്ര ഉച്ചകോടി ചേര്‍ന്നത്. 30  ല്‍പ്പരം രാഷ്ട്രങ്ങള്‍ പങ്കെടുത്തു. ഇടതുപക്ഷ ഭരണത്തിന്‍കീഴിലുള്ള ഇക്വഡോറും നിക്കരഗ്വയും ഉച്ചകോടിയില്‍ പങ്കെടുത്തില്ല.

ഫാക്ലാന്റ് (മാല്‍വിനാസ്) ദ്വീപസമൂഹങ്ങള്‍ക്ക്മേല്‍ അര്‍ജന്റീന ഉന്നയിച്ച അവകാശവാദത്തിന് പ്രസിഡന്റ് ഒബാമ പിന്തുണനല്‍കിയില്ല. പ്രശ്നത്തില്‍ യു എസിന് നിഷ്പക്ഷ നിലപാടാണുള്ളതെന്ന് ഒബാമ പറഞ്ഞു. ദക്ഷിണ അത്ലാന്റിക് സമുദ്രത്തിലുള്ള ഫാക്ലാന്റ് ദ്വീപുകള്‍ (മാല്‍വിനാസ്) ബ്രിട്ടന്റെ സംരക്ഷണയിലാണ്. ഇതിന്മേല്‍ അര്‍ജന്റീന ഉന്നയിച്ച അവകാശവാദം 1982 ല്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ കലാശിച്ചിരുന്നു.

അമേരിക്കന്‍ രാഷ്ട്ര ഉച്ചകോടിയില്‍ സ്വന്തം രഹസ്യാന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റം യു എസിന് നാണക്കേടുണ്ടാക്കി. കൊളമ്പിയായില്‍ എത്തിയ ഒരുസംഘം ഉദ്യോഗസ്ഥര്‍ വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചതാണ് വിവാദമായത്. ഇതേതുടര്‍ന്ന് അവരെ മടക്കിയയച്ചു.

കൊളമ്പിയായുമായുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഉച്ചകോടി വേദിയില്‍ ഒബാമ പ്രഖ്യാപിച്ചു. എന്നാല്‍ ഇത് അദ്ദേഹത്തിനു രാഷ്ട്രീയമായ തിരിച്ചടിയായിമാറി. കൊളമ്പിയായുമായുള്ള ബന്ധങ്ങള്‍ക്കെതിരെ ഒബാമയുടെ രാഷ്ട്രീയ സഖ്യശക്തികളായ ട്രേഡ് യൂണിയനുകളും ലിബറല്‍ ഗ്രൂപ്പുകളും രംഗത്തുവന്നു. തൊഴിലാളികളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങളും മാനിക്കാത്ത രാജ്യമാണ് കൊളമ്പിയായെന്ന് പ്രമുഖ ട്രേഡ് യൂണിയനായ എ എഫ് എല്‍-സി ഐ ഒയുടെ പ്രസിഡന്റ് റിച്ചാര്‍ഡ് എസ് ട്രുംക പറഞ്ഞു.

janayugom 170412

No comments:

Post a Comment