Saturday, April 21, 2012

ബഹ്റൈന്‍ വീണ്ടും പ്രക്ഷോഭത്തീയില്‍


മനാമ: വിവാദമായ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി കാറോട്ട മത്സരം തുടങ്ങാനിരിക്കേ ബഹ്റൈനില്‍ പ്രക്ഷോഭം വീണ്ടും രൂക്ഷമായി. ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഉപേക്ഷിച്ച ഗ്രാന്‍ഡ് പ്രിക്സ് ഇത്തവണയും നടത്താന്‍ അനുവദിക്കില്ലെന്ന് പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു. കനത്ത സുരക്ഷാസന്നാഹത്തില്‍ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് തയ്യാറെടുക്കവേ ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭം സുരക്ഷാസേന അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് സ്ഥിതി വഷളാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെവരെ സംഘര്‍ഷം തുടര്‍ന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍ വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. ഡസന്‍കണക്കിന് പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകര്‍ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഈ ഭരണത്തെ താഴെയിറക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്ന് പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ തുലയട്ടെയെന്നും അവര്‍ വിളിച്ചുപറഞ്ഞു.

വെള്ളിയാഴ്ചത്തെ ഫോര്‍മുല വണ്‍ പരിശീലനം നടന്ന സാക്കിര്‍ സര്‍ക്യൂട്ടിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച പ്രക്ഷോഭകര്‍ ടയറുകള്‍ കത്തിച്ചു. കാറോട്ടത്തിനുള്ള ടീമുകള്‍ എത്തിയ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കഴിഞ്ഞദിവസം പ്രക്ഷോഭകര്‍ പ്രകടനം നടത്തിയിരുന്നു. എണ്‍പതോളം ജനാധിപത്യവാദികളെ സുരക്ഷാസേന അറസ്റ്റുചെയ്തു. ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തെ ഇവിടെ ജനം സ്വീകരിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് പ്രക്ഷോഭകരുടെ ശ്രമമെന്ന് അല്‍ ജസീറ ലേഖകന്‍ പറഞ്ഞു. ഭരണകൂടത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ഫോര്‍മുല വണ്‍ സംഘടിപ്പിക്കുന്നതെന്നും സ്വേച്ഛാധിപത്യത്തെയും മനുഷ്യാവകാശലംഘനങ്ങളെയും സ്പോര്‍ട്സ് പിന്തുണക്കാന്‍ പാടില്ലെന്നും ബഹ്റൈന്‍ യൂത്ത് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് അല്‍ മസ്കാത്തി പറഞ്ഞു.

deshabhimani 210412

1 comment:

  1. വിവാദമായ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി കാറോട്ട മത്സരം തുടങ്ങാനിരിക്കേ ബഹ്റൈനില്‍ പ്രക്ഷോഭം വീണ്ടും രൂക്ഷമായി. ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഉപേക്ഷിച്ച ഗ്രാന്‍ഡ് പ്രിക്സ് ഇത്തവണയും നടത്താന്‍ അനുവദിക്കില്ലെന്ന് പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു.

    ReplyDelete