Tuesday, April 17, 2012

പിടിപ്പുകേട് മറയ്ക്കാന്‍ പുത്തന്‍ അടവുമായി തിരുവഞ്ചൂര്‍


തന്റെ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് താഴത്തങ്ങാടിയില്‍ റോഡും സംരക്ഷണഭിത്തിയും ഇടിഞ്ഞുവീണത് മറയ്ക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആടിനെ പട്ടിയാക്കുന്ന പ്രചാരണവുമായി രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ലക്ഷ്യമിട്ടാണ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് അദ്ദേഹത്തിന്റെ വസ്തുതാപരമല്ലാത്ത പ്രചാരണം.

സംരക്ഷണഭിത്തിയുടെ പ്ലാനിലും എസ്റ്റിമേറ്റിലും മാറ്റം വരുത്തി പൈലിങ് 15 മീറ്ററില്‍നിന്ന് ഒമ്പത് മീറ്ററാക്കി ചുരുക്കിയെന്നാണ് മന്ത്രിയുടെ വാദം. 2011 ഫെബ്രുവരി 18ന് പുതിയ പ്ലാനുണ്ടാക്കിയെന്നും പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു മുമ്പ് 2011 മെയ് അഞ്ചിനാണ് ആദ്യം റോഡ് ഇടിഞ്ഞത്. ഈ സമയത്ത് അവിടെ സംരക്ഷണഭിത്തി നിര്‍മിച്ചിട്ടില്ല. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റോഡ് ഇടിഞ്ഞ സാഹചര്യം കണക്കിലെടുത്ത് സംരക്ഷണഭിത്തിയുടെ പ്ലാനിലും എസ്റ്റിമേറ്റിലും മാറ്റം വരുത്തി. 2011 ജൂലൈ 25ന് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. പുതുക്കിയ പ്ലാനും എസ്റ്റിമേറ്റും പ്രകാരം ജോലി തുടങ്ങാമെന്നു കാട്ടി ജലസേചനവിഭാഗം ചീഫ് എന്‍ജിനിയര്‍ 2011 സെപ്തംബര്‍ 19ന് അനുമതി നല്‍കി. ഇതിനുശേഷമാണ് അറവുപുഴയില്‍ സംരക്ഷണഭിത്തി നിര്‍മാണം തുടങ്ങുന്നത്. വസ്തുത ഇതായിരിക്കെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്ലാനും എസ്റ്റിമേറ്റും മാറ്റിയെന്ന രീതിയില്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് മന്ത്രി.

ജനപ്രതിനിധി കടമ മറന്നു

2011 മെയ് അഞ്ച് കൂടാതെ 2011 ഡിസംബര്‍ 28നും അറവുപുഴയില്‍ റോഡ് ഇടിഞ്ഞു വീണു. അപ്പോഴും സംരക്ഷണഭിത്തി നിര്‍മിച്ചിട്ടില്ല. ഈ സമയം യുഡിഎഫ് സര്‍ക്കാരാണ് അധികാരത്തില്‍. തിരുവഞ്ചൂര്‍ റവന്യൂ മന്ത്രിയും. രണ്ടുപ്രാവശ്യം റോഡ് ഇടിഞ്ഞ സാഹചര്യം കണക്കിലെടുത്ത് സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനു മുമ്പ് വിദഗ്ധപരിശോധനയ്ക്കും തയ്യാറായില്ല. റോഡ് നിര്‍മിക്കുന്നത് പൊതുമരാമത്തും സംരക്ഷണഭിത്തി കെട്ടുന്നത് ജലസേചന വകുപ്പുമാണ്. ഈ രണ്ടു വകുപ്പുകളെയും കൂട്ടിയിണക്കി സംയുക്തപഠനം നടത്തിക്കേണ്ടത് സ്ഥലം എംഎല്‍എ കൂടിയായ തിരുവഞ്ചൂരാണ്. എന്നാല്‍ പ്രശ്നത്തിന് വേണ്ടത്ര ഗൗരവം അദ്ദേഹം നല്‍കിയില്ല.

ഡിസംബര്‍ 28നുശേഷം വീണ്ടും റോഡ് നിര്‍മിച്ചു. ഇതിനിടെ മണ്ണുപരിശോധനപോലും നടത്താതെ സംരക്ഷണഭിത്തിയുടെ നിര്‍മാണം തുടങ്ങി. വീണ്ടും ഏപ്രില്‍ ആറിനു രാത്രി റോഡില്‍ വിള്ളല്‍ കണ്ടെത്തി. അപ്പോഴും നടപടി ഉണ്ടായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കൊണ്ട് വിഷുദിനത്തില്‍ ഉദ്ഘാടനം നടത്താനുള്ള തിടുക്കത്തില്‍ അര ഇഞ്ച് കനത്തില്‍ മെറ്റല്‍ പാകി പണി തീര്‍ത്തു. ചികിത്സ ഫലിക്കാതെ ഒടുവില്‍ എട്ടിനു രാത്രി റോഡും സംരക്ഷണഭിത്തിയുമടക്കം നിലംപതിച്ചു. ഇതിനിടയ്ക്ക് ഒരു ഘട്ടത്തില്‍പോലും പണി വിലയിരുത്താന്‍ യോഗം ചേരാനോ സ്ഥലത്ത് പരിശോധന നടത്താനോ തിരുവഞ്ചൂര്‍ മെനക്കെട്ടില്ല. കുമരകം റോഡിന്റെ നിര്‍മാണം രാത്രിയില്‍ നടക്കുമ്പോഴും മുന്‍ എംഎല്‍എ വി എന്‍ വാസവന്‍ സ്ഥലത്ത് എത്താനും യോഗം ചേര്‍ന്ന് പണി വിലയിരുത്താനും തയ്യാറായത് നിര്‍മാണം വേഗത്തിലാക്കാന്‍ സഹായിച്ചിരുന്നു.

റോഡ് നിര്‍മാണം അട്ടിമറിക്കുന്നു

റോഡ് നിര്‍മാണം തുടക്കം മുതല്‍ തകര്‍ക്കാനായിരുന്നു തിരുവഞ്ചൂരിന്റെ ശ്രമം. "ജിഒ (ആര്‍ടി) നമ്പര്‍-1045/2009" ആയി 2009 ജൂലൈ 14ന് കോട്ടയം-കുമരകം റോഡ് നവീകരണത്തിനു ഭരണാനുമതി ലഭിച്ചു. 2011 ജൂലൈ വരെ രണ്ടു വര്‍ഷത്തേക്കായിരുന്നു ഭരണാനുമതി. ഇത് പുതുക്കി വാങ്ങാനും തിരുവഞ്ചൂര്‍ കൂട്ടാക്കിയില്ല. കുമരകം ആറ്റാമംഗലം പള്ളി മുതല്‍ ചെങ്ങളം വായനശാല വരെ റോഡ് ഒരു മീറ്റര്‍ ഉയരത്തില്‍ പൊക്കി ജിഎസ്ബി മിശ്രിതം ഉപയോഗിച്ച് ടാറിങ് നടത്തി. രണ്ടാം ഘട്ടം തുടങ്ങുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പായി. 15 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നതിനെ എതിര്‍ത്ത താഴത്തങ്ങാടിയിലെ സ്ഥലമുടമകളെ തിരുവഞ്ചൂര്‍ പിന്തുണച്ചു. കോട്ടയം നഗരത്തിലെ ഹോട്ടലില്‍ സ്ഥലമുടമകളെ വിളിച്ചുചേര്‍ത്ത് തനിക്ക് വോട്ടു തന്നാല്‍ റോഡിന്റെ വീതി 12 മീറ്ററായി കുറയ്ക്കാമെന്ന് ഉറപ്പുനല്‍കി. ആ ഉറപ്പ് പാലിക്കാനാണ് 2011 ജൂലൈയില്‍ ഭരണാനുമതി പുതുക്കാതിരുന്നത്. ഇതോടെ റോഡു പണി അഞ്ചുമാസം തടസ്സപ്പെട്ടു.

റോഡ് വികസനം അട്ടിമറിക്കുന്ന ഘട്ടത്തില്‍ നാട്ടുകാര്‍ സമരസമിതി രൂപീകരിച്ചു. സമരം ശക്തിപ്പെട്ടതോടെ പൊതുമരാമത്ത് മന്ത്രിയുടെ പാര്‍ടിക്കാര്‍ ബന്ധപ്പെട്ട് ഭരണാനുമതി നീട്ടി വാങ്ങി. ജിഒ നമ്പര്‍ 55/2012 ആയി ജനുവരി 11നാണ് ഇതിന്റെ ഉത്തരവ് ഇറങ്ങിയത്. റോഡ് 15 മീറ്ററില്‍ നിര്‍മിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. എന്നാല്‍ ഒരുവര്‍ഷം റവന്യൂമന്ത്രിയായ തിരുവഞ്ചൂര്‍ ഒരിഞ്ചു ഭൂമി പോലും ഏറ്റെടുത്തില്ല. കോട്ടയം, മുട്ടമ്പലം വില്ലേജുകളില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലനിര്‍ണയം മാത്രമാണ് കഴിഞ്ഞത്. വേളൂര്‍, തിരുവാര്‍പ്പ്, ചെങ്ങളം, കുമരകം ഉള്‍പ്പെടെ സ്ഥലവില ഇനിയും നിശ്ചയിക്കാനുണ്ട്.

deshabhimani 170412

1 comment:

  1. തന്റെ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് താഴത്തങ്ങാടിയില്‍ റോഡും സംരക്ഷണഭിത്തിയും ഇടിഞ്ഞുവീണത് മറയ്ക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആടിനെ പട്ടിയാക്കുന്ന പ്രചാരണവുമായി രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ലക്ഷ്യമിട്ടാണ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് അദ്ദേഹത്തിന്റെ വസ്തുതാപരമല്ലാത്ത പ്രചാരണം.

    ReplyDelete