Tuesday, April 17, 2012

വിളപ്പില്‍ശാല തുറക്കണം; പഞ്ചായത്തിന്റെ ഹര്‍ജി തള്ളി


വിളപ്പില്‍ശാല മാലിന്യ പ്ലാന്റില്‍ പൊലീസ് സഹായത്തോടെ മാലിന്യം നിക്ഷേപിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിളപ്പില്‍ശാല പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഉപാധികളോടെ മാലിന്യം നിക്ഷേപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനെത്തിയ തിരുവനന്തപുരം കോര്‍പറേഷന്‍ അധികൃതരെയും പൊലീസിനെയും വിളപ്പില്‍ശാലയിലെ ജനങ്ങള്‍ തടഞ്ഞിരുന്നു. പ്രതിദിനം 90 മെട്രിക് ടണ്‍ ഖരമാലിന്യം വിളപ്പില്‍ശാലയില്‍ സംസ്കരിക്കാം. ജൈവമാലിന്യം മാത്രമേ സംസ്കരിക്കാവൂ. മറ്റു മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്. പ്രദേശത്തെ ജനങ്ങള്‍ക്ക് അസുഖമൊന്നുമുണ്ടാകുന്നില്ലെന്ന് മലനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പുവരുത്തണം. ഏതെങ്കിലും സാഹചര്യത്തില്‍ വ്യവസ്ഥകളും ഉപാധികളും പാലിക്കപ്പെടാത്ത പക്ഷം വിളപ്പില്‍ശാല പഞ്ചായത്തിന് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതി വിധിയില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. കേരളത്തില്‍ പൊതുവെയുള്ള പ്രശ്നമാണിതെന്നും മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

deshabhimani news

No comments:

Post a Comment