Monday, April 16, 2012

ലോഡ്ഷെഡിങ് പിന്‍വലിക്കില്ലെന്ന് വൈദ്യുതിബോര്‍ഡ്


കേന്ദ്രപൂളില്‍ നിന്ന് വെട്ടിക്കുറച്ച വൈദ്യുതിവിഹിതം പുനഃസ്ഥാപിച്ചിട്ടും ലോഡ്ഷെഡിങ് പിന്‍വലിക്കാന്‍ വൈദ്യുതിബോര്‍ഡ് തയ്യാറാകുന്നില്ല. വൈദ്യുതീകരിച്ച വീടുകള്‍ക്കുള്ള മണ്ണെണ്ണ വിതരണം കൂടി നിലച്ചതോടെ സംസ്ഥാനത്ത് ഗ്രാമങ്ങളും നഗരങ്ങളും ഇരുട്ടിലായി. കേന്ദ്രം കേരളത്തിന് 100 മെഗാവാട്ട് അധികവൈദ്യുതി വിഹിതം നല്‍കിത്തുടങ്ങിയെന്ന് ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാല്‍ അറിയിച്ചു. 100 മെഗാവാട്ട് കൂടി ലഭിച്ചതോടെ കേരളത്തിന്റെ വൈദ്യുതി വിഹിതം 1726 മെഗാവാട്ടായി. ഇതില്‍ 446 മെഗാവാട്ട് അണ്‍അലോക്കേറ്റഡ് ക്വാട്ടയില്‍നിന്നാണ്. അണ്‍അലോക്കേറ്റഡ് ക്വാട്ടയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, വേണുഗോപാല്‍ പറയുന്നത് ശരിയല്ലെന്നും സംസ്ഥാനത്ത് ഇനിയും 400 മെഗാവാട്ട് വൈദ്യുതി കമ്മിയുണ്ടെന്നുമാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതു വരെ ലോഡ്ഷെഡിങ് തുടരുമെന്നും മന്ത്രി പറയുന്നു.

അതിനിടെ, ലോഡ്ഷെഡിങ് രാത്രി ഒരു മണിക്കൂറാക്കാനും ഹൈടെന്‍ഷന്‍-എക്സ്ട്രാ ഹൈടെന്‍ഷന്‍ വൈദ്യുതി ഉപയോക്താക്കള്‍ക്ക് 20 ശതമാനം വൈദ്യുതിക്ക് അധികനിരക്ക് ഈടാക്കാനും ബോര്‍ഡ് നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി വീണ്ടും റെഗുലേറ്ററി കമീഷനെ സമീപിക്കാനാണ് ആലോചിക്കുന്നത്. രാത്രികാല ലോഡ്ഷെഡിങ് ഇപ്പോള്‍ ഔദ്യോഗികമായി അര മണിക്കൂര്‍ മാത്രമാണെങ്കിലും മിക്ക പ്രദേശത്തും രാത്രി ഒരു മണിക്കൂര്‍മുതല്‍ ഒന്നര മണിക്കൂര്‍വരെ അപ്രഖ്യാപിത ലോഡ്ഷെഡിങ് ഉണ്ട്. പകല്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതും പതിവാണ്.
സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയ വര്‍ഷങ്ങളിലൊന്നായിരുന്നു കഴിഞ്ഞവര്‍ഷം. എന്നിട്ടും പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ടിവന്നത് സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും പിടിപ്പുകേടാണ്. വേനല്‍ക്കാലത്തിന് വളരെ മുമ്പുതന്നെ പതിവില്‍ കൂടുതല്‍ ജലവൈദ്യുതി ഉപയോഗിച്ചതാണ് പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം. ഇങ്ങനെ ജലവൈദ്യുതി ഉപയോഗിച്ചാല്‍ വേനല്‍ക്കാലത്ത് കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അന്ന് മുന്നറിയിപ്പു നല്‍കിയിട്ടും അത് അവഗണിച്ചതാണ് പ്രതിസന്ധി ഇത്ര രൂക്ഷമാക്കിയത്. നിര്‍ത്തിവച്ച മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കുമെന്ന് പുതിയ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. ഭക്ഷ്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി ഷിബു ബേബിജോണും പുതിയ മന്ത്രിയുടെ പാര്‍ടി ചെയര്‍മാനുമായ ജോണി നെല്ലൂരും തമ്മില്‍ ഈ പ്രശ്നത്തിന്റെ പേരില്‍ വാക്പോര് നടത്തിയതൊഴികെ ഇതുവരെ പരിഹാരമായിട്ടില്ല.

deshabhimani 160412

1 comment:

  1. കേന്ദ്രപൂളില്‍ നിന്ന് വെട്ടിക്കുറച്ച വൈദ്യുതിവിഹിതം പുനഃസ്ഥാപിച്ചിട്ടും ലോഡ്ഷെഡിങ് പിന്‍വലിക്കാന്‍ വൈദ്യുതിബോര്‍ഡ് തയ്യാറാകുന്നില്ല. വൈദ്യുതീകരിച്ച വീടുകള്‍ക്കുള്ള മണ്ണെണ്ണ വിതരണം കൂടി നിലച്ചതോടെ സംസ്ഥാനത്ത് ഗ്രാമങ്ങളും നഗരങ്ങളും ഇരുട്ടിലായി. കേന്ദ്രം കേരളത്തിന് 100 മെഗാവാട്ട് അധികവൈദ്യുതി വിഹിതം നല്‍കിത്തുടങ്ങിയെന്ന് ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാല്‍ അറിയിച്ചു. 100 മെഗാവാട്ട് കൂടി ലഭിച്ചതോടെ കേരളത്തിന്റെ വൈദ്യുതി വിഹിതം 1726 മെഗാവാട്ടായി. ഇതില്‍ 446 മെഗാവാട്ട് അണ്‍അലോക്കേറ്റഡ് ക്വാട്ടയില്‍നിന്നാണ്. അണ്‍അലോക്കേറ്റഡ് ക്വാട്ടയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

    ReplyDelete