Friday, May 4, 2012

ലക്ഷങ്ങള്‍ ചെലവിട്ട് ഗോത്രമേള; ആദിവാസിയുടെ ജീവിതം ദുരിതത്തില്‍തന്നെ


കല്‍പ്പറ്റ: ചാത്തിക്ക് വയസ് 80 ആയി. ഇതുവരെയും സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഈ ആദിവാസി വൃദ്ധന് കഴിഞ്ഞിട്ടില്ല. രണ്ട് മക്കളും അവരുടെ കുടുംബവും വൃദ്ധയും രോഗിയുമായ ഭാര്യയുമൊത്ത് താല്‍ക്കാലിക ഷെഡില്‍ ചാത്തി ജീവിതം തള്ളി നീക്കുകയാണ്. കല്‍പ്പറ്റ നഗരത്തിലെ പടപുരം തലാരംകുന്ന് കോളനിയില്‍ ആര്‍ക്കും ഇപ്പോള്‍ വീടില്ല. പത്തോളം വീടുകള്‍ പണിപൂര്‍ത്തിയാകാതെ കിടക്കുന്നു. നിരവധി പേര്‍ക്ക് അതുമില്ല.വീട് നിര്‍മിക്കാന്‍ സ്വന്തമായി ഭൂമിയില്ല. റേഷന്‍ കാര്‍ഡില്ല. കോളനിയിലെത്താന്‍ വഴിയില്ല. കറണ്ടില്ല. മണ്ണെണ്ണയില്ല. കുടിവെള്ളമില്ല. കക്കൂസില്ല.ആദിവാസികളെ സംസ്കാരം പഠിപ്പിക്കാന്‍ മന്ത്രിയും പരിവാരങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന ഗോത്രമഹോത്സവത്തെക്കുറിച്ച് ഇവര്‍ക്ക് ഒന്നും അറിയില്ല.അതേ പറ്റി കേട്ടിട്ട് പോലുമില്ല.കോടികള്‍ ചെലവിട്ട് നടത്തുന്ന മഹോത്സവം നടത്തുന്നവര്‍ക്ക് ഇവരുടെ പ്രശ്നം അറിയാന്‍ സമയവുമില്ല.

നഗരസഭ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിയ വാംബേ പദ്ധതിയിലാണ് കോളനിയില്‍ 12 വീടുകള്‍ അനുവദിച്ചത്. നിര്‍മാണചുമതല സര്‍ക്കാര്‍ ഏജന്‍സികളായ കോസ്റ്റ്ഫോര്‍ഡിനെയും നിര്‍മിതി കേന്ദ്രയേയും ഏല്‍പ്പിച്ചു. എന്നാല്‍ കോളനിയിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ ഒരു കിലോമീറ്ററോളം സാധനങ്ങള്‍ തലച്ചുമടായി ഏറ്റേണ്ടിവരുന്നതിനാല്‍ വീട് നിര്‍മാണം ഈ ഏജന്‍സികള്‍ നിര്‍ത്തിവെച്ചു. ഇതോടെ ഈ കുടുംബങ്ങള്‍ തലചായ്ക്കാനൊരിടമില്ലാതെ നരകിക്കുകയാണ്. ഓലകൊണ്ട് കെട്ടിമറച്ച താല്‍ക്കാലിക ഷെഡുകളിലാണ് ഇവര്‍ താമസിക്കുന്നത്.മഴ വന്നാല്‍ വീടിനകം മുഴുവന്‍ വെള്ളത്തിലാകും. താമസിച്ചിരുന്ന വീടുകള്‍ പൊളിച്ചാണ് വീട് നിര്‍മിക്കാന്‍ ആരംഭിച്ചത്.വീട് നിര്‍മാണത്തിന്റെ ഭാഗമായി വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. സര്‍ക്കാര്‍ രേഖകളില്‍ ഈ കോളനിക്കാര്‍ക്ക് വൈദ്യുതി കണക്ഷനുണ്ട്. സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം വൈദ്യുതി കണക്ഷനുള്ള കുടുംബങ്ങള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയേ ലഭിക്കൂ. അതിനാല്‍ കോളനിയിലെ പലര്‍ക്കും മുമ്പ് ഒന്നര ലിറ്റര്‍ മണ്ണെണ്ണ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ അര ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുന്നത്. ഒരുമാസം 25 കിലോ അരി കിട്ടുന്നതും ഇനി മുതല്‍ ഉണ്ടാവില്ല.

പണമില്ലാത്തതിന്റെ പേരില്‍ അതും വെട്ടിക്കുറച്ച സര്‍ക്കാര്‍ എന്തിനാ ലക്ഷങ്ങള്‍ ചെലവിട്ട് ഗോത്രഫെസ്റ്റ് നടത്തുന്നതെന്നാണ് ചാത്തിയെപ്പോലുള്ളവര്‍ ചോദിക്കുന്നത്. സ്വന്തമായി വീടില്ലാത്ത ഒന്നിലേറെ കുടുംബങ്ങള്‍ ഒരു കുടുംബത്തിന് പോലും താമസിക്കാന്‍ കഴിയാത്ത കൊച്ച് കൂരയിലാണ് കുഞ്ഞ്കുട്ടി പരിവാരങ്ങളുമായി കഴിയുന്നത്. വീടും വീട് നിര്‍മിക്കാന്‍ ഭൂമിയും അനുവദിക്കണമെന്ന് അപേക്ഷിച്ച് ഈ കോളനിയിലെ ശാന്ത കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
(പി ഒ ഷീജ)

ചെലവ് ഒന്നര കോടി

മാനന്തവാടി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഗോത്രമേള വിവാദങ്ങള്‍ ബാക്കിയാക്കി വെള്ളിയാഴ്ച സമാപിക്കും. ദേശീയ ഗോത്രമേള എന്നാണ് പേരെങ്കിലും രാജ്യത്തെ ആദിവാസികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തില്ല. യുവജന ക്ഷേമവകുപ്പും പട്ടികവര്‍ഗ ക്ഷേമവകുപ്പും ഒരു കോടി രൂപയാണ് ആദ്യം നീക്കിവെച്ചതെങ്കില്‍ സമാപനമാകുമ്പോഴേക്കും ഒന്നരകോടിയായി ഇത് വര്‍ധിപ്പിച്ചു എന്നറിയുന്നു. കേരളത്തില്‍നിന്നുള്ള 700 പേര്‍ ഉള്‍പ്പെടെ 1000 പ്രതിനിധികളാണ് മേളയ്ക്ക് എത്തിയതെന്നാണ് പറയപ്പെടുന്നത്. ബുധനാഴ്ച ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിനിധികളെ കൊണ്ടുപോയി. കര്‍ണാടകയില്‍ നിന്നുള്ളവര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഇവര്‍ക്കായി വ്യാഴാഴ്ച പ്രത്യേക ടൂര്‍ ഏര്‍പ്പാടാക്കി ഇതിനായി പ്രത്യേകം വാഹനം ഏര്‍പ്പാടാക്കിയതിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടായത്.

ജില്ലയിലെ ആദിവാസി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടച്ച് മാധ്യമങ്ങളിലൂടെ ഉയര്‍ന്നുനില്‍ക്കുന്നതിന് മന്ത്രി പി കെ ജയലക്ഷ്മി നടത്തിയ അഭ്യാസം മാത്രമായി ഗോത്രായനം മാറിയെന്ന ആക്ഷേപം ശക്തമാണ്. ഒന്നരക്കോടി രുപ ചെലവഴിച്ച് നടത്തിയ ഗോത്രായനത്തിന്റെ നേട്ടം ചില ഉദ്യോഗസ്ഥര്‍ക്കുംഭരണകക്ഷിയിലെ ചില നേതാക്കള്‍ക്കും മാത്രമാണ്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് പരിപാടി നടത്തിയത്. ലക്ഷങ്ങളാണ് ഇതിനുവേണ്ടി ചെലവിട്ടത്.

മേളയുടെ തുടക്കത്തില്‍ തന്നെ ജില്ലയിലെ ഏറ്റവും പ്രബലമായ ആദിവാസി സംഘടനയായ എകെഎസ് മേളയ്ക്കെതിരെ രംഗത്തുവന്നിരുന്നു. ഭൂരഹിതരുള്‍പ്പെടെയുള്ള ആദിവാസി ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ മേള നടത്തുന്നതിനെയാണ് എകെഎസ് ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തത്. ഗോത്രമഹാസഭ നേതാവ് സി കെ ജാനുവും ജയലക്ഷ്മിക്കെതിരെ നിശിതവിമര്‍ശനം ഉന്നയിച്ചിട്ടും മന്ത്രി പ്രതികരിച്ചില്ല. ആദിവാസി കലകളെയും ആചാരങ്ങളെയും വില്‍പ്പന ചരക്കാക്കാനാണ് ഗോത്രായനം എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഗോത്രായനത്തിന്റെ ചെിലവ് പരസ്യപ്പെടുത്തണമെന്ന ആവശ്യം ഫെസ്റ്റ് തീരുംമുമ്പേ ഉയര്‍ന്നതും ഇക്കാര്യത്താലാണ്. ഗോത്രായനത്തിന്റെ വേദിയില്‍ വെച്ച് പുഞ്ചകൃഷിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തത് ചില പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന ആക്ഷേപവും മന്ത്രിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ആദിവാസികളില്‍ എണ്ണംകൊണ്ട് പ്രബലരായ പണിയ വിഭാഗത്തെ ബോധപൂര്‍വം തഴയുന്നതിന്റെ തുടര്‍ച്ചയായിരുന്നു ഈ ആനുകൂല്യവിതരണം എന്നാണ് ആക്ഷേപം.

deshabhimani 040512

1 comment:

  1. ചാത്തിക്ക് വയസ് 80 ആയി. ഇതുവരെയും സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഈ ആദിവാസി വൃദ്ധന് കഴിഞ്ഞിട്ടില്ല. രണ്ട് മക്കളും അവരുടെ കുടുംബവും വൃദ്ധയും രോഗിയുമായ ഭാര്യയുമൊത്ത് താല്‍ക്കാലിക ഷെഡില്‍ ചാത്തി ജീവിതം തള്ളി നീക്കുകയാണ്. കല്‍പ്പറ്റ നഗരത്തിലെ പടപുരം തലാരംകുന്ന് കോളനിയില്‍ ആര്‍ക്കും ഇപ്പോള്‍ വീടില്ല. പത്തോളം വീടുകള്‍ പണിപൂര്‍ത്തിയാകാതെ കിടക്കുന്നു. നിരവധി പേര്‍ക്ക് അതുമില്ല.വീട് നിര്‍മിക്കാന്‍ സ്വന്തമായി ഭൂമിയില്ല. റേഷന്‍ കാര്‍ഡില്ല. കോളനിയിലെത്താന്‍ വഴിയില്ല. കറണ്ടില്ല. മണ്ണെണ്ണയില്ല. കുടിവെള്ളമില്ല. കക്കൂസില്ല.ആദിവാസികളെ സംസ്കാരം പഠിപ്പിക്കാന്‍ മന്ത്രിയും പരിവാരങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന ഗോത്രമഹോത്സവത്തെക്കുറിച്ച് ഇവര്‍ക്ക് ഒന്നും അറിയില്ല.അതേ പറ്റി കേട്ടിട്ട് പോലുമില്ല.കോടികള്‍ ചെലവിട്ട് നടത്തുന്ന മഹോത്സവം നടത്തുന്നവര്‍ക്ക് ഇവരുടെ പ്രശ്നം അറിയാന്‍ സമയവുമില്ല.

    ReplyDelete