Wednesday, February 20, 2013

സ്വന്തം ഫോട്ടോ തിരിച്ചറിയാനാകാതെ മൂന്നാംസാക്ഷി


സ്വന്തം ഫോട്ടോ പോലും തിരിച്ചറിയാനാകാതെ സാക്ഷി കോടതിയില്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംസാക്ഷി ടി പി മനീഷ്കുമാറാണ് സാധാരണയില്‍കൂടുതല്‍ വലിപ്പമുള്ള തന്റെ ഫോട്ടോകള്‍ മനസ്സിലാകുന്നില്ലെന്നുപറഞ്ഞ് കോടതിയില്‍ ഒഴിഞ്ഞുമാറിയത്. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതിഭാഗത്തിനുവേണ്ടി അഡ്വ. കെ വിശ്വന്‍ വിസ്തരിക്കുമ്പോഴാണ് ഈ രംഗങ്ങള്‍ അരങ്ങേറിയത്. ആര്‍എംപി വളണ്ടിയര്‍ യൂണിഫോമില്‍ ചന്ദ്രശേഖരന്റെ സംസ്കാരച്ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്ന ഫോട്ടോകളാണ് അഭിഭാഷകന്‍ കാണിച്ചുകൊടുത്തത്. ഫോട്ടോകള്‍ ക്ലിയറല്ലെന്ന് സാക്ഷി ആവര്‍ത്തിച്ചപ്പോള്‍ ലെന്‍സ് ഉപയോഗിച്ച് നോക്കണമെന്നായി അഭിഭാഷകന്‍. ലെന്‍സ് വച്ചുനോക്കിയിട്ടും മനസ്സിലാകുന്നില്ലെന്നായിരുന്നു മൊഴി. തുടര്‍ന്ന് ആധുനിക ഇലക്ടോണിക്സ് സംവിധാനമുപയോഗിച്ച് സാക്ഷിയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. വിശ്വന്‍ അപേക്ഷ നല്‍കി. ഇതിന്മേല്‍ 25ന് കോടതി തീരുമാനമെടുക്കും.

പ്രോസിക്യൂഷന്‍ സാക്ഷിയുടെ വിശ്വാസ്യത തകരുന്ന രംഗങ്ങള്‍ക്കും കോടതി സാക്ഷിയായി. ആര്‍എംപിക്കാര്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട രണ്ടുകേസുകളില്‍ താന്‍ സാക്ഷിയായിരുന്നില്ലെന്ന് നേരത്തെ മനീഷ്കുമാര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കേസ് രേഖകള്‍ ബുധനാഴ്ച ഹാജരാക്കിയപ്പോള്‍ രണ്ടുകേസുകളിലും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നെന്ന് മനീഷ്കുമാര്‍ സമ്മതിച്ചു. സംഭവം നടന്ന് നാലുദിവസം നാട്ടിലുണ്ടായിരുന്നില്ലെന്നുപറഞ്ഞ സാക്ഷിയുടെ മൊഴിയും പൊളിഞ്ഞു. പിറ്റേന്ന് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും വള്ളിക്കാട്ട് സംസ്കാരച്ചടങ്ങിലും പങ്കെടുത്തതായി പ്രതിഭാഗം വിസ്താരത്തില്‍ മനീഷ്കുമാര്‍ മൊഴി നല്‍കി. ആര്‍എംപി പ്രവര്‍ത്തകനായ താന്‍ ദേശാഭിമാനി പത്രം മാത്രമേ വായിക്കാറുള്ളുവെന്നും മനോരമ, മാതൃഭൂമി, മാധ്യമം, കേരള കൗമുദി പത്രങ്ങള്‍ വായിക്കാറില്ലെന്നും മൊഴിയില്‍ പറയുന്നു. മറ്റു പത്രങ്ങള്‍ വായിക്കാതിരിക്കാന്‍ കാരണമെന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല.

വ്യാഴാഴ്ച വിചാരണയില്ല. കേസ് ഡയറിയിലെ ഒന്നാംസാക്ഷിയും വടകര എസ്ഐയുമായ പി എം മനോജിനെ വെള്ളിയാഴ്ച വിസ്തരിക്കും. വള്ളിക്കാട് ബ്രദേഴ്സ് ക്ലബ് ഭാരവാഹികളും 182, 183 സാക്ഷികളുമായ സൂരജ്, ശിവരാജന്‍ എന്നിവരെ 23ന് വിസ്തരിക്കും. 25ന് 6, 7, 8 സാക്ഷികളുടെയും 26ന് 11 മുതല്‍ 15 വരെയുള്ള സാക്ഷികളുടെയും വിസ്താരം നടക്കുമെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി അറിയിച്ചു.

deshabhimani 210213

No comments:

Post a Comment