സമൂഹത്തിലെ വമ്പന്‍മാര്‍ ഉള്‍പ്പെട്ട സൂര്യനെല്ലി കേസിലെ ഇരയ്ക്ക് തുണയേകിയത് ജനാധിപത്യമഹിളാ അസോസിയേഷനും സിപിഐ എമ്മും ഉള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ മാത്രം. സ്വഭാവഹത്യനടത്തി പ്രതികള്‍ പെണ്‍കുട്ടിയേയും കുടുംബത്തെയും സമൂഹമധ്യേ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ജനധിപത്യമഹിളാ അസോസിയേഷന്‍ ഒപ്പംനിന്ന് പ്രതിരോധിച്ചു. 16വര്‍ഷം നിരന്തരം ഇടപെട്ടതിന്റെ തെളിവാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി. മഹിളാഅസോസിയേഷന്‍ സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്ന് നീതിക്കുവേണ്ടി പൊരുതുകയായിരുന്നു. സൂര്യനെല്ലി സംഭവം പുറം ലോകം അറിഞ്ഞ ഉടനെ അസോസിയേഷന്‍ നേതാക്കളായ എം സി ജോസഫൈനും ടി എം കമലവും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. അവശയായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കാനും കേസിലെ പ്രതികളെ പിടികൂടുന്നതിനാവശ്യമായ നിയമപോരാട്ടം നടത്താനും സജീവമായി ഇടപെട്ടു. സുശീലാ ഗോപാലന്‍, സരോജിനി ബാലാനന്ദന്‍, എം സി ജോസഫൈന്‍ എന്നിവര്‍ പങ്കെടുത്ത് മൂന്നാറില്‍ വമ്പിച്ച പ്രതിഷേധയോഗവും നടത്തി നീതിക്കുവേണ്ടിയുള്ള പ്രത്യക്ഷ സമരത്തിന് തുടക്കംകുറിച്ചു.
ഈ ഘട്ടത്തില്‍ പെണ്‍കുട്ടിക്കെതിരെ ഉന്നതര്‍ ഭീഷണിയുമായി പലരൂപത്തില്‍ രംഗത്തെത്തി. തുടര്‍ന്ന് പെണ്‍കുട്ടിക്കും കുടുംബത്തിനും സര്‍വ സംരക്ഷണവും ഏര്‍പ്പാടാക്കി. സിപിഐ എം ജില്ലാസെക്രട്ടറിമാരായിരുന്ന എം എം മണി, വൈക്കം വിശ്വന്‍ എന്നിവര്‍ ഇടപെട്ടാണ് സംരക്ഷണം ഒരുക്കിയത്. അഭയകേസിന്റെ പേരുപറഞ്ഞ് ക്രൈംബ്രാഞ്ച് കോട്ടയത്തേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചതിനെതിരെയും പി കെ ശ്രീമതി ഉള്‍പ്പെടെ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ ഇടപ്പെട്ടു. ഇതിനെതിരെ എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ആദ്യം കക്ഷി ചേരാന്‍ മഹിളാഅസോസിയേഷനെ കോടതി അനുവദിക്കാതെ വന്നപ്പോള്‍ പ്രശ്നം മാധ്യമങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടിയതും മഹിളാ അസോസിയേഷനാണ്. പെണ്‍കുട്ടിക്കുണ്ടായ ദുരന്താനുഭവങ്ങളും അതിനുശേഷമുള്ള ഭീഷണിയും സംബന്ധിച്ചും മാധ്യമങ്ങളുടെ മുമ്പില്‍ പറയിപ്പിച്ചു. ഒടുവില്‍ മഹിളാ അസോസിയേഷന്‍ നേരിട്ട് കക്ഷി ചേര്‍ന്ന് കേസുമായി മുന്നോട്ടുപോവുകയായിരുന്നു. നിയമ പോരാട്ടം നടത്താന്‍ സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയും മഹിളാ അസോസിയേഷന്‍ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലാ കമ്മിറ്റികളും ഏറെ സാമ്പത്തിക സഹായം നല്‍കി.
ഒടുവിലായി പെണ്‍കുട്ടി ജോലി ചെയ്യുന്ന ഓഫീസില്‍വച്ച് കള്ളക്കേസില്‍ കുടുക്കിയപ്പോഴും മഹിളാ അസോസിയേഷന്‍ ഇടപ്പെട്ടു. പീഡനക്കേസില്‍ ഉള്‍പ്പെട്ട ഉന്നത കോണ്‍ഗ്രസ് നേതാവിനെതിരെ നിയമപോരാട്ടം നടത്താനും ആവശ്യമായ സഹായം നല്‍കി. പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടായ അപമാനത്തിനും ബുദ്ധിമുട്ടുകള്‍ക്കും കണക്കില്ലായിരുന്നു. അപ്പോഴും സത്യം പുറത്തുകൊണ്ടുവരാനും എല്ലാം പ്രതികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും ആ കുടുംബത്തിന് കരുത്തുപകര്‍ന്ന് സിപിഐ എം നിലകൊണ്ടു. നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പെണ്‍കുട്ടിക്ക് ദേവികുളം സെയില്‍സ് ടാക്സ് ഓഫീസില്‍ ജോലി നല്‍കി.
നിര്‍ണായക വിധിക്കുപിന്നില്‍ മഹിളാ അസോസിയേഷന്‍
ന്യൂഡല്‍ഹി: സൂര്യനെല്ലി കൂട്ടബലാത്സംഗക്കേസില്‍ വഴിത്തിരിവായ സുപ്രീംകോടതി വിധിക്കു പിന്നില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സജീവമായ ഇടപെടല്‍. പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ എട്ടുവര്‍ഷമായി പൊടിപിടിച്ചുകിടന്നത് ജനാധിപത്യ മഹിളാ അസോസിയേഷനാണ് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൂട്ടബലാത്സംഗക്കേസ് ഇത്രയും കാലമായിട്ടും തീര്‍പ്പാകാതെ കിടക്കുകയാണെന്ന് മഹിളാ അസോസിയേഷനുവേണ്ടി ഹാജരായ അഡ്വ. വി കെ ബിജു കോടതിയെ അറിയിച്ചു. ഡല്‍ഹി കൂട്ട ബലാത്സംഗത്തിനെതിരെ രാജ്യമെങ്ങും ഉയര്‍ന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. കേസ് തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടതിനെതിരെ ചീഫ് ജസ്റ്റിസ് രോഷവും ആശങ്കയും പ്രകടിപ്പിച്ചു. തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് എതിരായ അക്രമക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക ബഞ്ചിലേക്ക് സൂര്യനെല്ലി കേസ് എത്തിയത്.
deshabhimani 010213
No comments:
Post a Comment