Monday, February 11, 2013

തൊഴില്‍ കരാര്‍വല്‍ക്കരണം കൂടുന്നു


യുപിഎ ഭരണത്തില്‍ തൊഴില്‍രഹിത വളര്‍ച്ചയ്ക്കൊപ്പം രാജ്യം നേരിടുന്നത് തൊഴിലിന്റെ വന്‍തോതിലുള്ള കരാര്‍വല്‍ക്കരണമെന്ന് ആസൂത്രണ കമീഷന്‍ പഠനസംഘം. കാര്‍ഷികമേഖലയുടെ തകര്‍ച്ചയെ തുടര്‍ന്ന് നിര്‍മാണ, സേവന മേഖലകളിലേക്ക് കൂടുമാറിയ കര്‍ഷകത്തൊഴിലാളികളാണ് ഒരു സാമൂഹ്യസുരക്ഷയുമില്ലാത്ത കരാര്‍ തൊഴിലാളികളായി മാറുന്നത്. "എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം" നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് മാന്‍പവര്‍ റിസര്‍ച്ച് (ഐഎഎംആര്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

കാര്‍ഷികഭൂമിയില്‍നിന്ന് 2005-10ല്‍ 1.5 കോടി പേര്‍ നിര്‍മാണ, സേവന മേഖലകളിലേക്ക് മാറി. മൊത്തം തൊഴിലില്‍ കൃഷിയുടെ പങ്കാളിത്തം 57ല്‍നിന്ന് 53 ശതമാനമായി കുറച്ചായിരുന്നു ഈ തൊഴില്‍മാറ്റം. നിര്‍മാണമേഖലയില്‍ ഇതിനൊപ്പം 1.8 കോടിയുടെ വര്‍ധന വന്നു. ഇവരില്‍ മഹാഭൂരിപക്ഷത്തിനും കുറഞ്ഞ കൂലി അടക്കം കിട്ടുന്നില്ലെന്ന് ഐഎഎംആര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണമേഖലയിലെ 4.4 കോടി വരുന്ന മൊത്തം തൊഴിലാളികളില്‍ 4.2 കോടിക്കും ഒരു സാമൂഹ്യസുരക്ഷയുമില്ല. സന്തുലിതമായ വികസനത്തിനും അന്തസ്സുള്ള തൊഴില്‍സാഹചര്യത്തിനും പ്രതിബന്ധമുണ്ടാക്കുന്നതാണ് കരാര്‍വല്‍ക്കരണമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. തൊഴിലിന്റെ കരാര്‍വല്‍ക്കരണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് കൂടുതല്‍. കരാര്‍ തൊഴിലാളികളുടെ എണ്ണം ചെറുകിട അസംഘടിത തൊഴില്‍മേഖലയിലും വന്‍കിട നിര്‍മാണമേഖലയിലും വര്‍ധിക്കുകയും ചെയ്യുന്നു.

deshabhimani 110213

No comments:

Post a Comment