Monday, February 11, 2013

പണിമുടക്കില്‍ രണ്ടുനാള്‍ കേരളം നിശ്ചലമാകും

സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ- ജനദ്രോഹനയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് നടക്കുന്ന രണ്ടുദിവസത്തെ പൊതുപണിമുടക്കില്‍ കേരളം നിശ്ചലമാകും. ദേശീയ ട്രേഡ് യൂണിയനുകളുടെയും കേന്ദ്ര ഫെഡറേഷനുകളുടെയും ദേശീയ കണ്‍വന്‍ഷന്‍ തീരുമാനപ്രകാരം 20നും 21നുമാണ് പൊതുപണിമുടക്ക്. കേരളത്തില്‍ തൊഴിലാളികളും ജീവനക്കാരും അധ്യാപകരുമടക്കം അരക്കോടിയിലേറെ തൊഴിലെടുക്കുന്നവര്‍ പണിമുടക്കില്‍ അണിചേരും. മാധ്യമങ്ങള്‍, ആശുപത്രി, പാല്‍ തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്.

നാലുവര്‍ഷമായി എല്ലാ ട്രേഡ് യൂണിയനും സംയുക്തമായി ആവശ്യപ്പെട്ടിട്ടും തൊഴിലാളികളുടെ സുപ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഭരണാധികാരികള്‍ തൊഴിലാളിവിരുദ്ധനടപടികള്‍ തീവ്രമായി മുന്നോട്ടുകൊണ്ടുപോകുന്നു. വിലക്കയറ്റം, സാമ്പത്തികമാന്ദ്യംമൂലമുള്ള തൊഴില്‍നഷ്ടം, തൊഴില്‍നിയമലംഘനങ്ങള്‍, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കല്‍ എന്നിവയ്ക്കെതിരെയാണ് പ്രക്ഷോഭം. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എഐയുടിയുസി, എഐസിസിടിയു, യുടിയുസി, ടിയുസിസി, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ, എസ്ടിയു, ടിയുസിഐ, എന്‍എല്‍ഒ, എന്‍എല്‍സി, കെടിയുസി എം, കെടിയുസി പി സി തോമസ് വിഭാഗം എന്നീ സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

സ്ഥിരം സ്വഭാവമുള്ള തൊഴിലുകളില്‍ കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനവും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, എല്ലാ തൊഴില്‍മേഖലയിലും വിലസൂചികയുമായി ബന്ധപ്പെടുത്തി മിനിമം വേതനം 10,000 രൂപയില്‍ കുറയാതെ നല്‍കാന്‍ നിയമഭേദഗതി ചെയ്യുക, ബോണസ്, പ്രോവിഡന്റ് ഫണ്ട് എന്നിവ നല്‍കുന്നതിനുള്ള പരിധി ഇല്ലാതാക്കുക, ഗ്രാറ്റുവിറ്റി ആനുകൂല്യം വര്‍ധിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുക, 45 ദിവസത്തിനകം ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുക, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 87, 98 കണ്‍വന്‍ഷനുകള്‍ അംഗീകരിക്കുക എന്നീ ആവശ്യങ്ങളും ദേശീയ ട്രേഡ് യൂണിയനുകളുടെയും കേന്ദ്ര ഫെഡറേഷനുകളും മുന്നോട്ടുവയ്ക്കുന്നു. പണിമുടക്കിന്റെ വിജയത്തിനായി വിപുലമായ പ്രചാരണമാണ് ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി ഏറ്റെടുക്കുന്നത്. ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ക്ക് തൊഴിലാളികളും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു. 11 മുതല്‍ മണ്ഡലാടിസ്ഥാനത്തില്‍ പ്രചാരണജാഥകള്‍ സംഘടിപ്പിക്കും. 18നും 19നും വ്യാപാരസ്ഥാപനങ്ങളില്‍ തൊഴിലാളി സംഘങ്ങള്‍ സമരസന്ദേശമെത്തിക്കും. 18നു പഞ്ചായത്തുതലത്തില്‍ വിളംബരജാഥകള്‍. പണിമുടക്കുന്ന തൊഴിലാളികളും ജീവനക്കാരും അധ്യാപകരും പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങള്‍ക്കു മുന്നിലും പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.


പൊതുപണിമുടക്ക്: രാജ്യമെങ്ങും വിപുലമായ തയ്യാറെടുപ്പ്

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഐതിഹാസിക പ്രതിരോധത്തിന് രാജ്യമെങ്ങും വിപുലമായ തയ്യാറെടുപ്പ്. 20നും 21നും നടക്കുന്ന പൊതുപണിമുടക്കില്‍ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും അണിനിരക്കും. 2012 സെപ്തംബറില്‍ ദ്വിദിന പൊതുപണിമുടക്ക് പ്രഖ്യാപിച്ചയുടന്‍ സംസ്ഥാനങ്ങളില്‍ അതിനുള്ള ഒരുക്കവും ആരംഭിച്ചു. ഏറ്റവും താഴേ തലത്തില്‍വരെ പണിമുടക്ക് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് നടക്കുന്നത്. ഉരുക്ക്, കല്‍ക്കരി, പെട്രോളിയം, എന്‍ടിപിസി, പവര്‍ ഗ്രിഡ്, സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍, പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും മോട്ടോര്‍വ്യവസായം എന്നീ മേഖലകളില്‍ വിപുലമായ കണ്‍വന്‍ഷനുകള്‍ ചേര്‍ന്ന് പൊതുപണിമുടക്കില്‍ അണിചേരാന്‍ തൊഴിലാളികളെ ആഹ്വാനംചെയ്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ബാങ്കിങ് മേഖലയില്‍ ഒറ്റക്കെട്ടായ പണിമുടക്കിന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആഹ്വാനം നല്‍കിക്കഴിഞ്ഞു. ടെലികോംമേഖലയില്‍ 13 ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പണിമുടക്കിനിറങ്ങും. ഇന്‍ഷുറന്‍സ് മേഖലയിലും പണിമുടക്ക് പൂര്‍ണമാകും. തുറമുഖങ്ങള്‍ രണ്ടു ദിവസങ്ങളിലും സ്തംഭിക്കും. ഇതിനായി അഖിലേന്ത്യാ സംഘടനകള്‍ ആഹ്വാനം നല്‍കി.

അങ്കണവാടി, ആശ, ഉച്ചഭക്ഷണ പരിപാടി തുടങ്ങിയ കേന്ദ്രപദ്ധതികളിലെ ഒരു കോടി തൊഴിലാളികള്‍ പണിമുടക്കും. സ്വകാര്യമേഖലയിലെ വന്‍ വ്യവസായകേന്ദ്രങ്ങളാകെ സ്തംഭിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നിര്‍മാണം, ബീഡി, കൈത്തറി, പവര്‍ലൂം, ചുമട് തുടങ്ങി അസംഘടിത മേഖലകളിലെ കോടിക്കണക്കിനു തൊഴിലാളികള്‍ പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കയാണ്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന പൊതുപണിമുടക്കിന് പിന്തുണയുമായി മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ട്രേഡ് യൂണിയന്‍ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അഖിലേന്ത്യാ കിസാന്‍സഭ, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നിവ പൊതുപണിമുടക്കില്‍ അണിചേരാന്‍ ആഹ്വാനം നല്‍കി. ഇതിനകം നടന്ന 14 ഏകദിന പൊതുപണിമുടക്കിനുശേഷവും ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന യുപിഎ സര്‍ക്കാരിന് കനത്ത മുന്നറിയിപ്പാകും പണിമുടക്കെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു.


ദേശീയപണിമുടക്കില്‍ ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ അണിനിരക്കും

ആലപ്പുഴ: കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ 20, 21 തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയപണിമുടക്കില്‍ മുഴുവന്‍ ബാങ്ക് ജീവനക്കാരും അണിനിരക്കണമെന്ന് ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന്‍ 11-ാം ദേശീയസമ്മേളനം അഭ്യര്‍ഥിച്ചു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ അതിവേഗത്തിലുള്ള ശാഖാവികസനം ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായും ഉടന്‍ നിയമനം നടത്താത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കും. ജനവിരുദ്ധമായ ബാങ്കിങ് പരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നും അനിയന്ത്രിതമായ വിലക്കയറ്റം തടയാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമാപനസമ്മേളനത്തില്‍ പ്രസിഡന്റ് ഷാജു ആന്റണി അധ്യക്ഷനായി. ബെഫി സംസ്ഥാന സെക്രട്ടറി സി ജെ നന്ദകുമാര്‍, സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ അഡ്വ. പ്രതിഭാഹരി, കെ ജെ തോമസ്, ടി നരേന്ദ്രന്‍, പി എന്‍ നന്ദകുമാരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി എന്‍ നന്ദകുമാരന്‍നായര്‍ (പ്രസിഡന്റ്), ഷാജു ആന്റണി (ജനറല്‍ സെക്രട്ടറി), കെ ജെ തോമസ്, ടി നരേന്ദ്രന്‍, പി എ ജോസ് (വൈസ് പ്രസിഡന്റുമാര്‍), എം പ്രഭാകരന്‍ (സെക്രട്ടറി), വി രാജേഷ് (ഓര്‍ഗനൈസിങ് സെക്രട്ടറി), ടോമി മൈക്കിള്‍, എസ് ഭവാല്‍, എന്‍ എന്‍ ബൈജു, പി എന്‍ രവീന്ദ്രന്‍, എ വി ഗോപിനാഥന്‍, വി പി ലുക്ക്മാന്‍ (അസിസ്റ്റന്റ് സെക്രട്ടറിമാര്‍), പി എച്ച് വിനീത (ട്രഷറര്‍), എം വി രാധാകൃഷ്ണന്‍ (അസിസ്റ്റന്റ് ട്രഷറര്‍).

ദ്വിദിന പണിമുടക്ക് കേന്ദ്രത്തിന് താക്കീതാകും: ഗുരുദാസ് ദാസ് ഗുപ്ത

കൊച്ചി: ഫെബ്രുവരി 20നും 21നും നടക്കുന്ന ദേശീയ പണിമുടക്ക് സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഭീകരതക്കെതിരായ ശക്തമായ താക്കീതാകുമെന്ന് എഐടിയുസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന പ്രധാനമന്ത്രിയും സര്‍ക്കാരും വന്‍കിട കോര്‍പറേറ്റുകളുടെ പിടിയിലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രിയും ധനമന്ത്രി പി ചിദംബരവും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയും ചേര്‍ന്ന മൂവര്‍സംഘമാണ് ഭരണം നയിക്കുന്നത്. കിങ്ഫിഷര്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും നികുതിവെട്ടിപ്പുനടത്തുന്ന സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമാണ് ഇവര്‍ക്ക് താല്‍പ്പര്യം. ഭരണം ഇവരിലേക്ക് കേന്ദ്രീകരിക്കുന്നതില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ അതൃപ്തിയുണ്ട്. കോര്‍പറേറ്റുകള്‍ പറയുന്നതുപോലെയാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം. ഭരണത്തിന്റെ നിയന്ത്രണം കോര്‍പറേറ്റുകളുടെ കൈയിലാണ്. അവരുടെ അപ്രീതിക്കിരയാകുന്ന ജയ്പാല്‍ റെഡ്ഡിയെപ്പോലുള്ള മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുന്നതും കണ്ടു. മൂവര്‍സംഘം നടപ്പാക്കുന്ന സാമ്പത്തിക ഭീകരതയുടെ ഭാഗമായി തൊഴില്‍നിയമങ്ങളും തൊഴിലവകാശങ്ങളുമെല്ലാം ഇല്ലാതായി. വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി. ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. സമസ്ത മേഖലയിലും തകര്‍ച്ച നേരിട്ടിട്ടും സര്‍ക്കാര്‍ ദുരൂഹമായ മൗനത്തിലാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തൊഴിലാളി യൂണിയനുകളെല്ലാം യോജിപ്പ് കേന്ദ്രസര്‍ക്കാരിനെതിരെ പണിമുടക്കിന് തയ്യാറായത്. 11 യൂണിയനുകളാണ് നേതൃത്വം നല്‍കുന്നതെങ്കിലും വിപുലമായ പിന്തുണയാണ് എല്ലായിടത്തുനിന്നും കിട്ടുന്നത്. അഫിലിയേഷനില്ലാത്ത 3,400 തൊഴിലാളിസംഘടനകള്‍ പിന്തുണ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ പാര്‍ടികളും പണിമുടക്കുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക: കെഎസ്കെടിയു

തിരു: അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി കര്‍ഷകത്തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ തെറ്റായ നയങ്ങളും കുത്തകകളെ പ്രീണിപ്പിക്കുന്ന നിലപാടുംമൂലം രാജ്യവ്യാപകമായി കര്‍ഷകരും തൊഴിലാളികളും ജീവനക്കാരും സാധാരണക്കാരുമടക്കം സമസ്തമേഖലകളിലും ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. സാധാരണക്കാരന്റെ കണ്ണീരൊപ്പുന്നതിനു പകരം സബ്സിഡികളടക്കം നിര്‍ത്തലാക്കി കുത്തകകളെയും കോര്‍പറേറ്റുകളെയും പ്രീണിപ്പിക്കാന്‍ കോടികള്‍ കൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരായി നടത്തുന്ന പൊതുപണിമുടക്ക് ചരിത്രസംഭവമാക്കാന്‍ മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും പണിമുടക്കി കാര്‍ഷികമേഖല നിശ്ചലമാക്കണമെന്ന് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവനും ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദനും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani 110213

No comments:

Post a Comment