Sunday, February 10, 2013

പരീക്ഷക്കാലവും ഇരുട്ടിലാകും


പരീക്ഷാക്കാലത്തും വൈദ്യുതി നിയന്ത്രണത്തില്‍ ഇളവുണ്ടാവില്ലെന്ന് സൂചന. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി മണിക്കൂറുകള്‍ നീളുന്ന ലോഡ്ഷെഡിങ് ജൂണ്‍ 15 വരെ തുടരാനാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. മാര്‍ച്ച് ആദ്യം എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങുന്നതിനുമുന്നോടിയായി ലോഡ്ഷെഡിങ് പിന്‍വലിച്ചേക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാവാനിടയില്ല. അന്തര്‍സംസ്ഥാന വൈദ്യുതി കോറിഡോര്‍ നേരത്തേ ബുക്ക് ചെയ്യാത്തതുമൂലം മാര്‍ച്ചില്‍ പുറമെനിന്ന് വൈദ്യുതി കൊണ്ടുവരാനാവില്ലെന്ന് കെഎസ്ഇബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാര്‍ച്ച് നാലിന് ഹയര്‍സെക്കന്‍ഡറി പരീക്ഷയും 11ന് എസ്എസ്എല്‍സി പരീക്ഷയും ആരംഭിക്കും. ഇരു പരിക്ഷകള്‍ക്കുമായി ഒമ്പതു ലക്ഷത്തോളം കുട്ടികളാണ് തയ്യാറെടുക്കുന്നത്. ഒന്നര ലക്ഷത്തോളംപേര്‍ എഴുതുന്ന വിവിധ പ്രൊഫഷണല്‍ എന്‍ട്രന്‍സ് പരീക്ഷകളും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. വിവിധ സര്‍വകലാശാല പരീക്ഷകളും ഇതേസമയം തുടങ്ങും. ആദ്യമായാണ് പരീക്ഷാക്കാലത്ത് കേരളത്തില്‍ ഇത്രയും കടുത്ത വൈദ്യുതിനിയന്ത്രണം വരുന്നത്. എസ്എസ്എല്‍സി പരിക്ഷക്ക് ഇതിനുമുമ്പ് ഒരിക്കലും ലോഡ്ഷെഡിങ് ഉണ്ടായിട്ടില്ല.

ലോഡ് ഷെഡിങ്ങിനു പുറമെ സബ്സ്റ്റേഷന്‍ അറ്റകുറ്റപ്പണികളുടെ മറവില്‍ പല പ്രദേശങ്ങളിലും പകല്‍ പൂര്‍ണമായി വൈദ്യുതി മുടങ്ങുന്നു. വടക്കന്‍ കേരളത്തിലേക്ക് പതിവുള്ളതിന്റെ പകുതി വൈദ്യുതിയാണ് ഇപ്പോള്‍ നല്‍കുന്നത്. കേരളവും തമിഴ്നാടും പുറമെനിന്ന് വൈദ്യുതി കൊണ്ടുവരുന്നത് സൗത്ത്-2 കോറിഡോര്‍ വഴിയാണ്. ഒരു വര്‍ഷം മുമ്പേ കോറിഡോര്‍ ബുക്കിങ് ആരംഭിക്കും. സൗത്ത്-2 കോറിഡോര്‍ നേരത്തേ തമിഴ്നാട് ബുക്ക് ചെയ്തതിനാല്‍ മാര്‍ച്ചില്‍ കേരളത്തിനു പുറമെനിന്ന് വൈദ്യുതികൊണ്ടുവരാനാവാത്ത സ്ഥിതിയാണെന്ന് വൈദ്യുതി ബോര്‍ഡ് സൂചിപ്പിച്ചു. ഏപ്രിലിലും സമാനസ്ഥിതിയാകും. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിനു കുട്ടികള്‍ക്ക്് ഇതു ദോഷമാകും. പകല്‍നേരത്തെ വൈദ്യുതിനിയന്ത്രണം ഓണ്‍ലൈന്‍ പരീക്ഷകളെയും ബാധിക്കും.
(വി എം രാധാകൃഷ്ണന്‍)

deshabhimani 110213

No comments:

Post a Comment