Monday, February 11, 2013

വയലാര്‍രവിയും പീഡന വിവാദക്കുരുക്കില്‍


പി ജെ കുര്യനെതിരെ സൂര്യനെല്ലി കേസില്‍ ശക്ഷിക്കപ്പെട്ട ഏക പ്രതി അഡ്വ. ധര്‍മരാജന്റെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകയോട് കേന്ദ്രമമന്ത്രി വയലാര്‍ രവി നടത്തിയ അശ്ലീലച്ചുവയുള്ള പരാമര്‍ശം കത്തുന്ന വിവാദത്തിലേക്ക്.

കുര്യനെതിരായ പ്രചാരണങ്ങള്‍ വേണ്ടുവോളം ആഘോഷിച്ചോളൂ എന്ന ആമുഖത്തോടെ തുടങ്ങിയ രവിയോടു മാധ്യമ പ്രവര്‍ത്തക ചോദിച്ചു: 'സ്ത്രീകള്‍ക്കെതിരായ പീഡനം തടയുന്നതിനുള്ള ബില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാതിരിക്കേ കുറ്റാരോപിതനായ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തിരുന്ന് സഭാനടപടികള്‍ നിയന്ത്രിക്കുന്നത് ശോഭകേടല്ലേ?'

എന്നാല്‍ തെല്ലും രോഷാകുലനാകാതെ തന്നെ വയലാര്‍ രവി മറുപടി നല്‍കിയത് സ്ത്രീ പീഡനവിരുദ്ധ ബില്‍ ഞങ്ങള്‍ പാസാക്കിക്കൊള്ളാം എന്നായിരുന്നു. അടുത്ത വാചകത്തില്‍ യുവമാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേ ലൈംഗികാരോപണച്ചുവയുള്ള പരാമര്‍ശം വയലാര്‍രവി നടത്തിയതു മാധ്യമ പ്രവര്‍ത്തകരടക്കം ചുറ്റും കൂടിനിന്നവരെയെല്ലാം അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു: 'നിങ്ങള്‍ക്ക് കുര്യനോട് വ്യക്തമായ എന്തോ വിരോധമുണ്ട്. പണ്ടെപ്പോഴെങ്കിലും കുര്യനുമായി എന്തെങ്കിലും കുഴപ്പമുണ്ടായിട്ടുണ്ടോ?'

മാധ്യമ പ്രവര്‍ത്തക അതുകേട്ട് സ്തബ്ധയായി നില്‍ക്കുന്നതിനിടയില്‍ ഒരു കൊലച്ചിരിയോടെ കേന്ദ്ര മന്ത്രി വയലാര്‍ രവി രംഗംവിടുകയായിരുന്നു. മാധ്യമങ്ങളില്‍ വയലാര്‍ രവിയുടെ ഈ പരാമര്‍ശം ലൈവായിട്ടു പുറത്തുവന്നതോടെ മാധ്യമ ലോകത്തുമാത്രമല്ല പൊതു സമൂഹത്തിലാകെയും പ്രതിഷേധത്തിന്റെ വേലിയേറ്റം തന്നെയുണ്ടായിട്ടുണ്ട്.

വാക്കുകൊണ്ടോ നോക്കുകൊണ്ടോ ചേഷ്ടകൊണ്ടോ ഒരു സ്ത്രീയെ അപമാനിച്ചാല്‍ അത് സ്ത്രീപീഡനകുറ്റത്തിന്റെ പരിധിയില്‍ വരുമെന്നാണ് നിലവിലെ നിയമത്തിലെ വ്യവസ്ഥ. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന സ്ത്രീപീഡന നിരോധന ബില്ലിലെ വ്യവസ്ഥകള്‍ ഇതിലേറെ കര്‍ക്കശമാണെന്നിരിക്കേയാണ് വയലാര്‍ രവിയുടെ മാധ്യമ പ്രവര്‍ത്തകയോടുള്ള ഈ അസഭ്യപരാമര്‍ശമൊന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കുര്യനെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ സഭ്യതയുടെ സീമകള്‍പോലും ലംഘിക്കുന്ന മനോനിലയിലേക്ക് കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിലെ സീനിയര്‍ നേതാവുമായ വയലാര്‍ രവിപോലും തരംതാണുപോയത് പരക്കെ അപലപിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

janayugom 120213

No comments:

Post a Comment