Sunday, February 17, 2013

ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം നിയമവൃത്തി തരംതാണു


നിയമവൃത്തിയുടെ നിലവാരത്തകര്‍ച്ചയില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമസ് കബീര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തിലുള്ള ദൗര്‍ബല്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നിയമവ്യവസ്ഥ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഇന്നലെ രാജ്യത്തിന്റെ ശ്രദ്ധക്ഷണിച്ചു. ഇന്ത്യന്‍ ബാര്‍ കൗണ്‍സിലിന്റെ സുവര്‍ണജൂബിലി ആഘോഷവേളയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും ചീഫ്  ജസ്റ്റിസും നീതിന്യായ രംഗത്തെ ദൗര്‍ബല്യങ്ങളിലേക്ക് വിരല്‍ചൂണ്ടി.

''നമുക്കായി നാംതന്നെ ആവിഷ്‌ക്കരിച്ച നിലവാരത്തിലേക്ക് നോക്കണം. അത് എത്രമാത്രം നമുക്ക് പരിപാലിക്കാനായി.? അമ്പതു വര്‍ഷമായി ഈ നിലവാരം, ഈ മൂല്യങ്ങള്‍ എത്രത്തോളം നമുക്ക് കാത്തുസൂക്ഷിക്കാനായി.? നിലവാരത്തകര്‍ച്ചക്ക് കാരണങ്ങള്‍ പലതുണ്ട്''- ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍.

കോടതിവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അഭിഭാഷകര്‍ ചിലപ്പോഴൊക്കെ പൂര്‍ണമായോ വേണ്ടവിധത്തിലോ സജ്ജരല്ലെന്നും ഈ ദൗര്‍ബല്യം പരിഹരിക്കപ്പെടണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തൊഴില്‍പരമായ മര്യാദയും രീതിയും കൊണ്ട് വ്യത്യസ്തമായൊരു ലോകം സൃഷ്ടിക്കാന്‍ കഴിയും മെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസ് തീര്‍പ്പാക്കാന്‍ ബദല്‍ സംവിധാനം ആവിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടി.ഗ്രാമീണരുടെ പടിവാതില്‍ക്കലേക്ക് നീതി എത്തിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്ര മാതൃകയില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച ചീഫ് ജസ്റ്റിസ്, ഗ്രാമീണജനതക്കിടയില്‍ അവബോധം വളര്‍ത്താന്‍ ഇന്ത്യന്‍ ബാര്‍ കൗണ്‍സിലിനോടും സംസ്ഥാന ബാര്‍ കൗണ്‍സിലുകളോടും ആവശ്യപ്പെട്ടു.

ഇന്ത്യയിലെമ്പാടും മൂന്നു കോടിയിലേറെ കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തില്‍ നീതി ത്വരിതപ്പെടുത്താന്‍ അഭിഭാഷകരും ജുഡിഷ്യറിയും യോജിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ശക്തവും ഫലപ്രദവുമായ നീതിനിര്‍വ്വഹണ സമ്പ്രദായം കെട്ടിപ്പെടുക്കാന്‍ ജുഡിഷറിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്വത്തെപറ്റി ബോധ്യമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്താന്‍ ന്യായാസനവും അഭിഭാഷകരും യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് നിര്‍ണായക പ്രാധാന്യമുള്ള കാര്യമാണെന്ന് എടുത്തുകാട്ടി.

''കോടതികളില്‍, വിശിഷ്യാ വിചാരണ കോടതികളില്‍ വന്‍തോതില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ആശങ്കാജനകമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങളുടെ അറിവും പരിചയസമ്പത്തും വിനിയോഗിക്കാന്‍ നീതിന്യായ സമൂഹത്തോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.'' ഡോ. സിങ് പറഞ്ഞു.

 janayugom 170213

No comments:

Post a Comment