Sunday, February 17, 2013

കോപ്റ്റര്‍: സിബിഐ അന്വേഷണം പാളുന്നു


ഹെലികോപ്റ്റര്‍ കുംഭകോണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്ത്യക്ക് നല്‍കാനാകില്ലെന്ന ഇറ്റാലിയന്‍ കോടതി വിധി സിബിഐ അന്വേഷണത്തിന് തിരിച്ചടി. പ്രതിരോധമന്ത്രാലയത്തിന്റെയും സിബിഐയുടെയും സംയുക്തസംഘം ഇടപാടിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഞായറാഴ്ച ഇറ്റലിയിലേക്ക് പോകാനിരിക്കെയാണ് കോടതി വിധിയുണ്ടായത്. ഈ സാഹചര്യത്തില്‍ വ്യോമസേന വിഭാഗ ജോയിന്റ് സെക്രട്ടറി അരുണ്‍കുമാര്‍ ബാലിനെ തിങ്കളാഴ്ച ഇറ്റലിയിലേക്ക് അയക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പ്രതിരോധമന്ത്രാലയത്തില്‍നിന്ന് വിവരങ്ങള്‍ കിട്ടാത്ത സാഹചര്യത്തിലാണ് അന്വേഷണം ഇറ്റലിയിലേക്ക് നീട്ടാന്‍ സിബിഐ തീരുമാനിച്ചത്. ഇതിനായി റോമിലെ ഇന്ത്യന്‍ എംബസിയുടെയും ഇന്റര്‍പോളിന്റെയും സഹായം തേടി. രണ്ടും ഫലം കണ്ടില്ല. തുടര്‍ന്ന് പ്രതിരോധമന്ത്രാലയത്തിലെയും സിബിഐയിലെയും ഉദ്യോഗസ്ഥരെ ഇറ്റലിയിലേക്ക് അയച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു. സിബിഐയിലെ ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥനും നിയമവിദഗ്ധനും പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇറ്റലിയുടെ പബ്ലിക് പ്രോസിക്യൂട്ടറില്‍നിന്ന് വിവരം തേടാനാണ് പദ്ധതിയിട്ടത്. എന്നാല്‍, രഹസ്യ സ്വഭാവമുള്ള അന്വേഷണവിവരങ്ങള്‍ ഇന്ത്യക്ക് നല്‍കില്ലെന്ന കോടതിവിധിയോടെ പദ്ധതിപാളുമെന്ന വിലയിരുത്തലിലാണ് സിബിഐ. നേരത്തെ ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടി സിബിഐ പ്രതിരോധമന്ത്രാലയത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധമന്ത്രാലയം സിബിഐക്ക് കത്തുനല്‍കിയിരുന്നു. സിബിഐ ഇനിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇന്ത്യയിലെയും ഇറ്റലിയിലെയും പത്രറിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് വിശദീകരണം.

ഇടപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് ഇതിനകം ആരോപണം ഉയര്‍ന്നുകഴിഞ്ഞു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ രാഷ്ട്രീയമായ തിരിച്ചടിയും യുപിഎ സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. അന്വേഷണം നടത്തുന്നുവെന്ന തോന്നലുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിനാണ് ജോയിന്റ് സെക്രട്ടറിയെ ഇറ്റലിയിലേക്ക് അയക്കുന്നത്. എന്നാല്‍, ഇറ്റാലിയന്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനവും ഫലം ചെയ്യാനിടയില്ല. ബ്രിട്ടന്‍ കേന്ദ്രമായ ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായി നടത്തിയ 3546 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടില്‍ 362 കോടിയുടെ കോഴ കൈമാറിയതായാണ് ഇതുവരെ പുറത്ത് വന്നിരിക്കുന്ന വിവരം. 2010ലാണ് കരാര്‍ ഒപ്പിട്ടത്. ഇടപാടിലെ കോഴയെക്കുറിച്ചുള്ള വിവരം നേരത്തെ പുറത്തായിട്ടും പ്രതിരോധ മന്ത്രാലയം അനങ്ങിയില്ല. എന്നാല്‍, ഇന്ത്യയിലേക്ക് കോഴപ്പണം ഒഴുകിയ വിവരം ഇറ്റലിയില്‍ നിന്നുതന്നെ പുറത്തായതിനെ തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ഇതും ഇപ്പോള്‍ പാതിവഴിയില്‍ അവസാനിക്കുന്ന അവസ്ഥയിലാണ്.

കോപ്റ്റര്‍ ഇടപാട്; രേഖകള്‍ ഇന്ത്യയ്ക്ക് നല്‍കാനാവില്ലെന്ന് ഇറ്റലി

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ത്യക്ക് നല്‍കാനാവില്ലെന്ന് കേസ് പരിഗണിക്കുന്ന ഇറ്റാലിയന്‍ കോടതി. ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന് സിബിഐയുടെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേകസംഘം ഞായറാഴ്ച ഇറ്റലിയിലേക്ക് പോകുമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. പ്രതിരോധമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വ്യോമസേനാ പ്രതിനിധിയുള്‍പ്പെടുന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. കേസന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.

കരാര്‍ റദ്ദാക്കാന്‍ ബാധ്യതയില്ലെന്ന് വിദേശമന്ത്രി

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ കുംഭകോണത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുന്‍ സെക്രട്ടറിക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഇടപാട് രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന ആവശ്യവുമായി വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് രംഗത്തെത്തി. കുംഭകോണത്തില്‍ ഉള്‍പ്പെട്ട അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായുള്ള കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമല്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. കരാര്‍ റദ്ദാക്കാനുള്ള നടപടി തുടങ്ങിയെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം നിലനില്‍ക്കുമ്പോഴാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന മന്ത്രിയുടെ വിശദീകരണം. കമ്പനിക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചത് അന്വേഷണത്തിന്റെ പ്രാരംഭ നടപടി മാത്രമാണെന്നും ഖുര്‍ഷിദ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറിയും സോണിയ കുടുംബത്തിന്റെ അടുപ്പക്കാരനുമായ കനിഷ്ക സിങ് ഹെലികോപ്റ്റര്‍ ഇടപാടില്‍ വഹിച്ച പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി കിരിത് സോമയ്യ സിബിഐക്ക് കത്തയിച്ചിരുന്നു. 360 കോടിയുടെ അഴിമതി നടന്ന ഇടപാട് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉയര്‍ത്തുമെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിഷയത്തിന് രാഷ്ട്രീയമാനം നല്‍കരുതെന്ന് ഖുര്‍ഷിദിന്റെ ആവശ്യം. 2010ല്‍ നടന്ന ഇടപാടിനെക്കുറിച്ച് ഇതുവരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടന്ന ചോദ്യത്തിന് വിവരങ്ങള്‍ ശേഖരിച്ചുവരികയായിരുന്നെന്നും കമ്പനി തലവന്‍ ഇറ്റലിയില്‍ അറസ്റ്റിലായതാണ് കാര്യങ്ങള്‍ ഗൗരവത്തിലാക്കിയതെന്നും ഖുര്‍ഷിദ് പറഞ്ഞു.

deshabhimani 170213

No comments:

Post a Comment