Sunday, February 17, 2013
"ഇതാ ഞങ്ങളുടെ ഷാവേസ്, ദൈവമേ നന്ദി"
കാരക്കാസ്: സോഷ്യലിസ്റ്റ് വിരുദ്ധര്‍ സ്വപ്നംകാണുകയും പ്രചരിപ്പിക്കുകയുംചെയ്ത "മരണ"ത്തില്‍നിന്ന് തങ്ങളുടെ വീരനായകന്‍ തിരിച്ചുവരുന്നതിന്റെ ആഹ്ലാദം വെനസ്വേലയില്‍ അലയടിച്ചു. ശസ്ത്രക്രിയക്കുശേഷം ക്യൂബയിലെ ആശുപത്രിയില്‍ തുടര്‍ചികിത്സയിലുള്ള പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ചിത്രം പുറത്തുവന്നതോടെ രാജ്യമെങ്ങും ഉത്സാഹഭരിതമായി. കൊട്ടും പാട്ടും മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍ തെരുവിലേക്കിറങ്ങി. "ഇതാ ഞങ്ങളുടെ ഷാവേസ്. അദ്ദേഹം ജീവിച്ചിരിക്കുന്നു. ഇതാ തെളിവ്. ദൈവത്തിനും ലോകത്തിനും നന്ദി"- ഷാവേസിന്റെ ചിത്രം പുറത്തുവന്നതിനെത്തുടര്‍ന്ന് കാരക്കാസില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്കിടയില്‍നിന്ന് അറുപത്തേഴുകാരി ഡോറ സാല്‍സെഡോ വിളിച്ചുപറഞ്ഞു. ഹ
വാനയിലെ ആശുപത്രിക്കിടക്കയില്‍ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം ആഹ്ലാദവാനായിരിക്കുന്ന ഷാവേസിന്റെ ചിത്രം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായ "ഗ്രാന്മ"യുടെ വ്യാഴാഴ്ചത്തെ പതിപ്പ് മക്കള്‍ക്കൊപ്പം വായിക്കുന്ന ഷാവേസിന്റെ ചിത്രങ്ങള്‍ മരുമകന്‍ ജോര്‍ജ് അരിയേസയാണ് ടെലിവിഷനിലൂടെ പുറത്തുവിട്ടത്. രണ്ടുമാസത്തിനുശേഷം തങ്ങളുടെ പ്രിയനേതാവിനെ കണ്ട വെനസ്വേലന്‍ ജനതയുടെ ആഹ്ലാദപ്രകടനങ്ങള്‍ വ്യക്തമാക്കിയത് സോഷ്യലിസ്റ്റ് വിരുദ്ധര്‍ക്കെതിരായ പ്രതിഷേധംകൂടിയായിരുന്നു.
അമ്പത്തെട്ടുകാരനായ ഷാവേസ് കഴിഞ്ഞ ഡിസംബര്‍ 10നാണ് അര്‍ബുദശസ്ത്രക്രിയക്കായി ഹവാനയിലേക്ക് പോയത്. ഇതിനുശേഷം അദ്ദേഹത്തിന്റെ ചിത്രമോ ശബ്ദമോ പുറത്തുവന്നിരുന്നില്ല. മറ്റേത് ലോകനേതാവിനേക്കാളും കൂടുതല്‍ മാധ്യമങ്ങളിലൂടെയും നേരിട്ടും ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന പ്രസിഡന്റിന്റെ അഭാവം രാജ്യത്ത് ഏറെ നിരാശ ഉളവാക്കിയിരുന്നു. ഷാവേസ് മരിച്ചുകഴിഞ്ഞെന്നുവരെ ഈ ഘട്ടത്തില്‍ സോഷ്യലിസ്റ്റ് വിരുദ്ധര്‍ നിര്‍ദയം പ്രചാരണം നടത്തി. എന്നാല്‍, ഷാവേസിന്റെ അഭാവത്തിലും ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗംഭീരവിജയം നല്‍കി ജനങ്ങള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. ജനുവരിയില്‍ നടത്തേണ്ടിയിരുന്ന സത്യപ്രതിജ്ഞയ്ക്ക് ഷാവേസിന് എത്താന്‍ കഴിയാത്തതിനാല്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നുവരെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഷാവേസ് മടങ്ങിയെത്തുന്നതുവരെ സത്യപ്രതിജ്ഞ നീട്ടിവച്ചിരിക്കുകയാണ് വെനസ്വേലന്‍ സര്‍ക്കാര്‍. ഷാവേസിന്റെ ചിത്രം പുറത്തുവന്നത് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി. പ്രസിഡന്റിന്റെ യഥാര്‍ഥ ആരോഗ്യസ്ഥിതി ചിത്രത്തില്‍ വ്യക്തമല്ലെന്നാണ് പ്രതിപക്ഷനേതാവായ ഹെന്‍റി കാപ്രിലെസ് പ്രതികരിച്ചത്. സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
deshabhimani 170213
Subscribe to:
Post Comments (Atom)
No comments:
Post a Comment