Monday, February 4, 2013
തൊഴില്‍ ലഭ്യത കുറയുന്നു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴില്‍ലഭ്യതയില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വന്‍കുറവ്. 2009-2010 മുതല്‍ 2011-12 വരെ തൊഴില്‍ നിരക്കില്‍ 25 ശതമാനത്തിന്റെ കുറവുണ്ടായെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വ്യക്തമാക്കി. ദളിത്, ആദിവാസി വിഭാഗത്തിനും സ്ത്രീകള്‍ക്കുമാണ് ഏറ്റവുമധികം തൊഴില്‍നഷ്ടം. തൊഴില്‍നിരക്കില്‍ വര്ഷംപ്രതിയുണ്ടാവുന്ന കുറവ് പദ്ധതിയുടെ ഭാവിതന്നെ അവതാളത്തിലാക്കും.
ഒരു വ്യക്തി ജോലിചെയ്യുന്ന ഒരു ദിവസമാണ് തൊഴില്‍ദിനമായി കണക്കാക്കുന്നത്. 2009-10ല്‍ 287 കോടി തൊഴില്‍ദിനങ്ങള്‍ ഉണ്ടായിരുന്നത് 2011-12ല്‍ 211 കോടിയായി കുറഞ്ഞു. ജനുവരി അവസാനംവരെയുള്ള കണക്കനുസരിച്ച് 2012-13ലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം 146 കോടി. ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുമാസമുള്ളപ്പോള് ശരാശരി കണക്കാക്കിയാല്‍ രണ്ടുമാസം കഴിഞ്ഞാലും കഴിഞ്ഞ വര്‍ഷത്തെ തൊഴില്‍ നിരക്ക് കൈവരിക്കാനാകില്ല. മൂന്ന് വര്‍ഷമായി ദളിത് വിഭാഗത്തിന്റെ തൊഴില്‍ ലഭ്യതയില്‍ 46 ശതമാനത്തിന്റെ കുറവുണ്ടായി. 86 കോടി തൊഴില്ദിനങ്ങളില്നിന്ന് 47 കോടിയായാണ് ഇടിവ്. ആദിവാസിവിഭാഗത്തില്‍ തൊഴില്‍ലഭ്യതയുടെ കുറവ് 35 ശതമാനം. 59 കോടി തൊഴില്‍ ദിനങ്ങള്‍ 38 കോടിയായി. സ്ത്രീകളുടെ തൊഴില്‍ലഭ്യതയും 25 ശതമാനം കുറഞ്ഞു.
മൂന്ന് വര്‍ഷമായി തൊഴില്‍ലഭ്യതയില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത് കര്‍ണാടകം (65 ശതമാനം), രാജസ്ഥാന് (53 ശതമാനം), അസം (52 ശതമാനം), ഗുജറാത്ത് (47 ശതമാനം), ബിഹാര്‍ (45 ശതമാനം), മധ്യപ്രദേശ് (40 ശതമാനം) എന്നിവയാണ്. പദ്ധതി നടത്തിപ്പിനുള്ള താല്പ്പര്യമില്ലായ്മയാല് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തതും പഞ്ചായത്ത് തലത്തിലെ ആസൂത്രണമില്ലായ്മയും പദ്ധതി പാളാന്‍ കാരണമായി. മഹാരാഷ്ട്ര, തമിഴ്നാട്, ഹരിയാന, ഛത്തീസ്ഗഢ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ തൊഴില്‍നിരക്ക് വര്‍ധിച്ചു. എന്നാല്‍, മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഛത്തീസ്ഗഢിലും ദളിത് വിഭാഗത്തിലെ തൊഴില്‍നിരക്കില്‍ കുറവുണ്ടായി. ഉയര്‍ന്ന ജാതിവിഭാഗത്തിലെ തൊഴില്ലഭ്യതയില്മാത്രമാണ് വര്‍ധന.
deshabhimani 040213
Labels:
തൊഴിലുറപ്പ് പദ്ധതി,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment