Monday, February 4, 2013

മുഖ്യമന്ത്രിക്ക് കുര്യന്റെ വേദനയേ മനസ്സിലാകൂ: പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി ജെ കുര്യന്റെ വേദനയേ മനസ്സിലാക്കുന്നുള്ളൂ എന്ന് സൂര്യനെല്ലി കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. "ഞങ്ങള്‍ അനുഭവിച്ച വേദന എന്തുകൊണ്ട് മുഖ്യമന്ത്രി കാണുന്നില്ല. കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന് തിടുക്കം. കേസ് നടത്തിപ്പ് സര്‍ക്കാരിന് ഒരുപാട് പണച്ചെലവുള്ള കാര്യമായിരിക്കും. അതുകൊണ്ടാവും തുടരന്വേഷണം വേണ്ടെന്ന് അദ്ദേഹം പറയുന്നത്. ഇതിന്റെ പേരില്‍ ഞങ്ങള്‍ക്ക് നീതി നിഷേധിക്കുന്നത് ശരിയല്ല. 17 വര്‍ഷമായി ഈ കേസുമായി ബന്ധപ്പെട്ട് വേദന അനുഭവിക്കുകയാണ് ഞങ്ങള്‍". പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് രക്ഷിതാക്കള്‍ തങ്ങളുടെ വേദന പങ്കുവച്ചത്.

"കുര്യന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് മകളാണ് പറഞ്ഞത്. ഉപദ്രവത്തിനിരയായ ഒരാള്‍ പറയുന്നത് എന്തുകൊണ്ട് മുഖ്യമന്ത്രി കേള്‍ക്കുന്നില്ല. പി ജെ കുര്യന്‍ ദിവസം രണ്ടുനേരം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാറുണ്ടെന്ന് പറയുന്നു. ഞങ്ങള്‍ ഈ കേസിന്റെ പേരില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് ദിവസം മുഴുവന്‍ പ്രാര്‍ഥിക്കുകയാണ്. അതെന്താണ് മനസ്സിലാക്കാത്തതെന്ന് രക്ഷിതാക്കള്‍ ചോദിച്ചു. കേസിനും തങ്ങള്‍ ജീവിച്ചിരിക്കുന്നതിനും ജനാധിപത്യ മഹിളാ അസോസിയേഷന്‍ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

സൂര്യനെല്ലിക്കേസ് അട്ടിമറിക്കാന്‍ ശ്രമം: വി എസ്

തൃശൂര്‍: സൂര്യനെല്ലിക്കേസിന്റെ പുനരന്വേഷണ സാധ്യത അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സൂര്യനെല്ലി വിഷയത്തില്‍ സ്വയം ന്യായീകരിച്ച് പി ജെ കുര്യനും കുര്യനെ ന്യായീകരിച്ച് കോണ്‍ഗ്രസ്, എന്‍എസ്എസ് നേതൃത്വവും രംഗത്തുവന്ന സാഹചര്യത്തില്‍, പുനരന്വേഷണ ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ സാധ്യതയില്ലേയെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സ്വാഭാവികമാണ്. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ നടപടി എന്തെന്ന് മനസ്സിലാക്കിയശേഷം ഇക്കാര്യത്തില്‍ താനും നിയമോപദേശം തേടുമെന്ന് വി എസ് പിന്നീട് പുലാമന്തോളില്‍ പറഞ്ഞു.

പുനരന്വേഷിക്കില്ലെന്ന നിലപാട് ഇരട്ടത്താപ്പ്: കോടിയേരി

കൊച്ചി: സുപ്രീം കോടതി ഇടപെട്ട കേസായതിനാല്‍ സൂര്യനെല്ലി കേസില്‍ പി ജെ കുര്യന്‍ എംപിയുടെ പങ്കുസംബന്ധിച്ച് പുനരന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജയകൃഷണന്‍ വധക്കേസിലും അഞ്ചേരി ബേബി വധക്കേസിലും സുപ്രീം കോടതിയുടെ തീര്‍പ്പുണ്ടായിരുന്നിട്ടും പുനരന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ സൂര്യനെല്ലി കേസില്‍ ആ തീരുമാനമെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു. എറണാകുളത്ത് സിപിഐ എം അഖിലേന്ത്യാ ജാഥയ്ക്ക് സ്വീകരണം നല്‍കാനുള്ള സ്വാഗതസംഘം രൂപീകരിക്കാന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കുര്യന്റെ പങ്കു സംബന്ധിച്ച പുനരന്വേഷണാവശ്യം അട്ടിമറിക്കപ്പെട്ടതിന്റെ തെളിവാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ പ്രസ്താവന. കുര്യന്റെ പങ്ക് അന്വേഷിക്കണമെന്ന സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ കത്തു കിട്ടിയ മുഖ്യമന്ത്രി, സുപ്രീം കോടതി ഇടപെട്ടതാണെന്ന ന്യായം പറഞ്ഞാണ് ആവശ്യം നിരാകരിച്ചത്. സെഷന്‍സ് കോടതിമുതല്‍ സുപ്രീം കോടതിവരെ പോയ കേസാണ് ജയകൃഷ്ണന്‍ വധക്കേസ്. എന്നിട്ടും കേസ് പുനരന്വേഷിക്കാനാണ് ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ചേരി ബേബി വധക്കേിലും ഇതുതന്നെ സംഭവിച്ചു. വീട്ടില്‍ കിടന്നുറങ്ങിയ സിപിഐ എംകാരനായ എം എം മണിയെ പിടിക്കാന്‍ 2000 പൊലീസാണ് മലകയറിയത്. കുര്യന്റെ കാര്യത്തില്‍ അതൊന്നുമില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സാധാരണ പൗരന്മാര്‍ക്കുമെല്ലാം വെവ്വേറെ നീതി നടപ്പാക്കുന്നു. ഇത് ഇരട്ടത്താപ്പാണ്. ആഭ്യന്തരമന്ത്രി പറഞ്ഞത് നിയമോപദേശം തേടുമെന്നാണ്. കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. അസിഫലിയോടാണ് ആഭ്യന്തരമന്ത്രി നിയമോപദേശം ചോദിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ കുര്യനെതിരെ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രതികരിച്ചിരിക്കെ അതിനെതിരായി കെപിസിസി എക്സിക്യൂട്ടീവ് അംഗം നിയമോപദേശം നല്‍കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. പി ജെ കുര്യന്‍ നിരപരാധിയാണെങ്കില്‍ ധൈര്യത്തോടെ അന്വേഷണത്തെ നേരിടണം. സ്ഥാനമാനങ്ങള്‍ രാജിവയ്ക്കണം. ആറുമാസത്തെ അന്വേഷണം കഴിയുമ്പോള്‍ നിരപരാധിയാണെങ്കില്‍ അദ്ദേഹത്തിന് തിരിച്ചുവരാം-കോടിയേരി പറഞ്ഞു.

തുടരുന്നത് ധാര്‍മികമല്ല: എം എ ബേബി

കണ്ണൂര്‍: പി ജെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് സൂര്യനെല്ലി കേസിലെ ഇര ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം രാജ്യസഭ ഉപാധ്യക്ഷപദവിയില്‍ തുടരുന്നതില്‍ ധാര്‍മികതയില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വമാണ്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബേബി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേസില്‍ പുനരന്വേഷണം നടത്തണം. പലതരം വെളിപ്പെടുത്തല്‍ വരികയാണ്. വിചാരണക്കോടതി ബഹുഭൂരിപക്ഷം പ്രതികളെയും ശിക്ഷിച്ചപ്പോള്‍ ഹൈക്കോടതി ഒരാളെമാത്രമേ കുറ്റക്കാരനായി കണ്ടുള്ളൂ. ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശക്കുന്നതാണ് സുപ്രീംകോടതി വിധി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അഭിപ്രായം വിശ്വാസത്തിലെടുക്കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. കുര്യനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെങ്കില്‍ അത് അന്വേഷണത്തില്‍ തെളിയുമെന്നും ബേബി പറഞ്ഞു.

രാജിവയ്ക്കണം: മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണം: ശൈലജ

കോട്ടയം: സൂര്യനെല്ലിക്കേസിലെ ഇര, പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചതായി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി കെ കെ ശൈലജ ആവശ്യപ്പെട്ടു. കുര്യനെതിരെ അന്വേഷണത്തിന് മുഖ്യമന്തി ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശൈലജ.

17 വര്‍ഷമായി മറ്റൊരു കുടുംബവും അനുഭവിക്കാത്ത വേദനയാണ് ഈ കുടുംബം അനുഭവിക്കുന്നത്. ഇവര്‍ക്ക് നീതി ലഭ്യമാക്കണം. കേരള സമൂഹമാകെ ആഗ്രഹിച്ച വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. എന്നാല്‍, തുടരന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദന ഉളവാക്കുന്നു. ഉപദ്രവിക്കപ്പെട്ട കുട്ടി പറയുന്നതാണ് മൊഴിയായി കേള്‍ക്കേണ്ടത്. മുഖ്യമന്ത്രിക്ക് കുട്ടി നല്‍കിയ പരാതിപ്രകാരം അന്വേഷിക്കണം. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് കാര്യമായി അവതരിപ്പിക്കാത്തതുകൊണ്ടാണ് പ്രതികളെ വെറുതെവിട്ടത്. സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ മാറ്റിവയ്പ്പിക്കാനായിരുന്നു ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് പി ശശിക്കെതിരെ വി എസ് ഉന്നയിച്ച ആരോപണത്തോട് മഹിളാ അസോസിയേഷന്‍ പ്രതികരിക്കുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേസ് ഒഴിവാക്കാന്‍ നീക്കം നടന്നത്. മറിച്ചുള്ള ആരോപണങ്ങള്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കും-ചോദ്യത്തിനു മറുപടിയായി ശൈലജ പറഞ്ഞു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍, സംസ്ഥാന കമ്മിറ്റി അംഗം പി എന്‍ സരസമ്മാള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു

പുനരന്വേഷിക്കണം: സുഗതകുമാരി

തിരു: സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യന്റെ പങ്ക് പുനരന്വേഷിക്കണമെന്ന് വനിതാ കമീഷന്‍ മുന്‍ അധ്യക്ഷകൂടിയായ സുഗതകുമാരി പ്രതികരിച്ചു. കുര്യന്‍ പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആദ്യം മുതലേ തന്നോട് പറഞ്ഞിരുന്നു. കേസ് കോടതിയിലായിരുന്നതിനാല്‍ അന്ന് കമീഷന് ഇടപെടാന്‍ കഴിയുമായിരുന്നില്ല. പെണ്‍കുട്ടി പഴയ മൊഴി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് വേദനിപ്പിച്ചു. ഐസ്ക്രീം കേസിലെ പോലെ പെണ്‍കുട്ടി മൊഴി മാറ്റുന്നില്ലെന്നതാണ്് പ്രധാനം. കേസ് പുനരന്വേഷിക്കണം. കുര്യന്‍ അന്വേഷണം നേരിടണം- സുഗതകുമാരി പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്കാരിക ഒത്തുചേരല്‍

കോട്ടയം: സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാംസ്കാരിക ഒത്തുചേരല്‍ സംഘടിപ്പിച്ചു. ഗാന്ധിസ്ക്വയറില്‍ നടന്ന ഒത്തുചേരല്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സൂര്യനെല്ലി കേസില്‍ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി വിധി സ്ത്രീസമൂഹത്തിനെതിരെ രാജ്യത്ത് വര്‍ധിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണെന്ന് സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു. ഈ കേസില്‍ കുറ്റാരോപിതനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാവണം. പെണ്‍കുട്ടി തുടക്കം മുതല്‍ നല്‍കിയ മൊഴിയുടെ പിന്‍ബലം ഈ കേസില്‍ നീതിപീഠം പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ബി ശശികുമാര്‍, ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. ഷീജ അനില്‍, വനിതാ സാഹിതി ജില്ലാ സെക്രട്ടറി എം എന്‍ ശ്യാമള, പുരോഗമന കലാസാഹിത്യസംഘം ഏരിയസെക്രട്ടറി ടി എ മോഹനന്‍, വി എം പ്രദീപ്, ഹരിപ്രിയ, പി പി ജോയി, മോനിച്ചന്‍ വാകത്താനം എന്നിവര്‍ സംസാരിച്ചു.

deshabhimani 040213

No comments:

Post a Comment