Monday, February 4, 2013

കുര്യന് തുണയായി ബിജെപി ബന്ധവും


സോണിയ ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരനായ പി ജെ കുര്യന്‍ ബിജെപി ദേശീയനേതാക്കളുമായി സൂക്ഷിക്കുന്നതും ഗാഢസൗഹൃദം. കേസില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കുര്യന് വേണ്ടി സുപ്രീംകോടതിയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ജയ്റ്റ്ലി ഹാജരായത് ഇതേ കാരണത്താല്‍. തന്നെ ബലാത്സംഗം ചെയ്തവരില്‍ പി ജെ കുര്യനും ഉള്‍പ്പെടുന്നുവെന്ന സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴിയില്‍ അന്വേഷണം നടക്കാതിരിക്കാന്‍ കുര്യന് ജയ്റ്റ്ലിയുടെ സഹായം ലഭിച്ചെന്ന് ചുരുക്കം. രാജ്യസഭ ഉപാധ്യക്ഷസ്ഥാനത്ത് എതിരില്ലാതെ ഇരിപ്പുറപ്പിക്കാന്‍ കുര്യന് തുണയായതും ജയ്റ്റ്ലിയുമായുള്ള സൗഹൃദം.

കുര്യനെ പ്രതി ചേര്‍ക്കാന്‍ പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായം തള്ളണമെന്ന ആവശ്യം തൊടുപുഴ സെഷന്‍സ് കോടതി നിരാകരിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച കുര്യന്‍ അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് അരുണ്‍ ജയ്റ്റ്ലി ഹാജരായത്. പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ട എന്നായിരുന്നു ജയ്റ്റ്ലിയുടെ ന്യായം. ഇത് ശരിവച്ച അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ഹര്‍ജി മടക്കി. രാജ്യസഭാ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട ഘട്ടമെത്തിയപ്പോള്‍ മുഖ്യ പ്രതിപക്ഷമായ ബിജെപി മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പ്രഖ്യാപിച്ചു. കുര്യന്റെ സ്ഥാനാര്‍ഥിത്വമാണ് ബിജെപിയെ പിന്തിരിപ്പിച്ചത്. ബിജെപിയുടെ നിലപാട് വ്യക്തമായതോടെയാണ് മറ്റുള്ള പാര്‍ടികളും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്.

ആദ്യതവണ ഉപാധ്യക്ഷനായിരിക്കെ ബിജെപി നേതാക്കളെ പ്രീണിപ്പിക്കാന്‍ കുര്യന്‍ പ്രത്യേക താല്‍പ്പര്യമെടുത്തു. ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കുര്യനെ അരുണ്‍ ജയ്റ്റ്ലി പ്രശംസ കൊണ്ട് മൂടിയത് വാര്‍ത്തയായിരുന്നു. പ്രതിപക്ഷത്തിന് വേണ്ടത്ര പരിഗണന നല്‍കുന്ന സഭാധ്യക്ഷനായി കുര്യനെ ജയ്റ്റ്ലി വാഴ്ത്തി. എന്നാല്‍, ഡല്‍ഹി കൂട്ട ബലാത്സംഗ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ അധ്യക്ഷസ്ഥാനത്ത് കുര്യന്‍ പെടാപ്പാട് പെടുന്നതാണ് പിന്നീട് കണ്ടത്. കുര്യനെ കേസില്‍നിന്ന് ഊരാന്‍ സുകുമാരന്‍നായര്‍ക്കൊപ്പം ബിജെപി നേതൃത്വവും തുടക്കംമുതല്‍ രംഗത്തുണ്ടായിരുന്നു. പീഡനം നടന്ന ദിവസം കുര്യന്‍ തിരുവല്ലയില്‍ ഉണ്ടായിരുന്നെന്ന് പൊലീസിന് മൊഴി നല്‍കിയവരില്‍ ജില്ലയിലെ പ്രമുഖ ബിജെപി നേതാവ് ഉള്‍പ്പെട്ടതിന് കാരണവും വഴിവിട്ട ബന്ധമാണ്. ബലാത്സംഗം തടയാനുള്ള പുതിയ നിയമത്തിന്റെ ചര്‍ച്ച അടക്കം രാജ്യസഭയില്‍ നടക്കാനിരിക്കുകയാണ്. ലൈംഗികപീഡനം വിഷയമാകുന്ന ചര്‍ച്ചയില്‍ കുര്യന്‍ ആധ്യക്ഷ്യം വഹിക്കുന്നതെങ്ങനെയെന്ന ചോദ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിജെപി നിലപാടും ശ്രദ്ധേയമാകും.
(പി വി അഭിജിത്)

deshabhimani 040213

No comments:

Post a Comment