Wednesday, February 6, 2013

പി ജെ കുര്യന്‍: പൊലീസിനെ ഞെട്ടിച്ച് മഹിളാമാര്‍ച്ച്


 പി ജെ കുര്യനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭാകവാടത്തിലേക്ക് മാര്‍ച്ച് നടത്തി. നിരോധിതമേഖലയിലേക്ക് അപ്രതീക്ഷിതമായി നടത്തിയ മഹിളാ പ്രതിഷേധം നേരിടാന്‍ പൊലീസിനായില്ല. വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണ് നിയമസഭാകവാടത്തില്‍ ഉണ്ടായിരുന്നത്. ആവശ്യത്തിന് വനിതാപൊലീസുകാരും സ്ഥലത്തുണ്ടായില്ല. പി കെ ശ്രീമതി, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ, പ്രസിഡന്റ് ടി എന്‍ സീമ എംപി എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം പേര്‍ അണിചേര്‍ന്ന മാര്‍ച്ച് നിയമസഭാകവാടത്തില്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞു. അവരെ മറികടന്ന് അകത്തുകടന്ന പ്രവര്‍ത്തകരെ കൂടുതല്‍ പൊലീസ് എത്തി അറസ്റ്റു ചെയ്തു. എംഎല്‍എമാരായ കെ ലതിക, ഐഷാപോറ്റി, കെ എസ് സലീഖ എന്നിവരും സമരത്തില്‍ അണിചേര്‍ന്നു.പ്രശ്നത്തെചൊല്ലിയുള്ള ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.

മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചശേഷം വീണ്ടും നിയമസഭാപരിസരത്ത് സംഘര്‍ഷമുണ്ടായി. ദേശീയ മഹിളാ ഫെഡറേഷന്‍ അസോസിയേഷന്‍ ഇ എസ് ബിജിമോള്‍ എംഎല്‍യുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ബിജി മോളെ അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമത്തിനിടെ അവര്‍ക്ക് മര്‍ദ്ദനമേറ്റു. പിടിവലിക്കിടെ അവരുടെ മാല പൊട്ടി. ബിജിമോള്‍ നിരത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിക്കേറ്റ ബിജിമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗീതാഗോപി എംഎല്‍എയെയും അറസ്റ്റു ചെയ്തു. എംഎല്‍എമാരെ അറസ്റ്റു ചെയ്തതിനെതിരെ ഇടതുപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. എംഎല്‍എമാരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കറെ കണ്ടു. നടപടികള്‍ അല്‍പനേരം സ്തംഭിച്ചു. ഇതോടെ സൂര്യനെല്ലി വിഷയത്തില്‍ സഭക്കകത്തും പുറത്തും സംഘര്‍ഷഭരിതമായി.

നിയമസഭാസമ്മേളനം ചേര്‍ന്നു കൊണ്ടിരിക്കെയാണ് വനിതകള്‍ മാര്‍ച്ച് നടത്തിയത്. നിയമസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത വിധം അതിശക്തമായ പ്രതിഷേധമാണ് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ബുധനാഴ്ച സംഘടിപ്പിച്ചത്്. സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെ അറസ്റ്റുചെയ്യുക, രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു നിന്നും നീക്കുക, പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച്. കരിങ്കൊടിയേന്തി പ്രകടനമായെത്തിയവരെ അറസ്റ്റു ചെയ്തു നീക്കാന്‍ പൊലീസ് ശ്രമിച്ചു. വലിച്ചിഴച്ചാണ് സ്ത്രീകളെ പൊലീസ് വാഹനത്തില്‍ കയറ്റിയത്. പലര്‍ക്കും പരിക്കേറ്റു. ആശുപത്രിയില്‍ കൊണ്ടുപോകാതെ നേരെ നന്ദാവനം പൊലീസ് കയാമ്പിലേക്കാണ് സ്ത്രീകളെ കൊണ്ടുപോയത്. ആദ്യം അറസ്റ്റു ചെയ്തവരെ വിട്ടയക്കാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പി കെ ശ്രീമതി, കെ കെ ശൈലജ, ടി എന്‍ സീമ എംപി, എംഎല്‍എമാരായ കെ ലതിക, ഐഷാപോറ്റി,സൂസന്‍പോളി എന്നിവര്‍ നിയമസഭാകവാടത്തിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്നു സമരം ചെയ്തു. പതിനൊന്നരയോടെ അറസ്റ്റിലായവരെ വിട്ടയച്ചു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറെ കരി ഓയില്‍ ഒഴിച്ചതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നിയമസഭക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

രാജ്യമാകെ പെണ്‍കുട്ടികളും സ്ത്രീകളും ഉപദ്രവിക്കപ്പെടുമ്പോള്‍ രാജ്യസഭാ ഉപാധ്യക്ഷനെ മാത്രം സംരക്ഷിക്കുന്ന സോണിയാ ഗാന്ധിയുടെ നയം സ്ത്രീകള്‍ക്കനുകൂലമാണോയെന്ന് വ്യക്തമാക്കണമെന്ന്  പി കെ ശ്രീമതി ആവശ്യപ്പെട്ടു. പീഡനകേസില്‍ ഇരയുടെ മൊഴി മാത്രം മതി കേസെടുക്കാന്‍ എന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടും കേസെടുക്കാത്ത ഉമ്മന്‍ചാണ്ടിയുടെ നീക്കം അങ്ങേയറ്റം അപലപനീയമാണ്. സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരായിട്ടു മതി നിയമസഭയുടെ സുരക്ഷിതത്വമെന്ന് ടി എന്‍ സീമ എംപി പറഞ്ഞു. രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാട്ടുന്നത് നീതി നിഷേധമാണ്. സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിനെതിരെയാണ് പ്രതിഷേധം. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതുവരെ സമരം നടത്തുമെന്ന് കെ കെ ശൈലജ പറഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ സമരം ചെയ്ത മഹിളാപ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ പുനരന്വേഷിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് കുര്യനെതിരെ അനേഷണം നടത്താന്‍ തയ്യാറാവാത്തതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വി എസും മറ്റ് നേതാക്കളും പരിക്കേറ്റവരെ  ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

പി ജെ കുര്യനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

കോട്ടയം: സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. അന്ന് വൈകിട്ട് അഞ്ചിന് കുര്യന്റെ കാര്‍ കുമളി ഗസ്റ്റ് ഹൗസില്‍ കണ്ടതായി തൊഴിലാളി സംഘടനാ നേതാവ് അച്ചന്‍കുഞ്ഞ് വെളിപ്പെടുത്തി. ഇക്കാര്യം നേരത്തെ സിബി മാത്യൂസിനെ അറിയിച്ചിരുന്നുവെങ്കിലും മൊഴി രേഖപ്പെടുത്തിയില്ല. ഇപ്പോള്‍ യുടിയുസി നേതാവാണ് അച്ചന്‍കുഞ്ഞ്

deshabhimani

No comments:

Post a Comment