Friday, February 15, 2013
മന്ത്രിസഭയില്‍ രണ്ട് വേക്കന്‍സികള്‍
ഭരണമുന്നണിയില്‍ വനംമന്ത്രി കെ ബി ഗണേഷ്കുമാറിനെതിരായ പടയിളക്കം മുറുകുന്നതിനിടയില്‍ കൂറുമാറ്റ നിരോധന നിയമമനുസരിച്ച് അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള നടപടികളുമായി കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര് ബാലകൃഷ്ണപിള്ള മുന്നോട്ട്. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെ മന്ത്രിസ്ഥാനത്ത് നിന്നും പിന്‍വലിക്കാന്‍ കേരളാ കോണ്‍ഗ്രസി (ജേക്കബ്) ലും അണിയറ നീക്കങ്ങള്‍ ശക്തമായതോടെ മന്ത്രിസഭയില്‍ രണ്ട് വേക്കന്‍സികള്‍ക്കുള്ള സാധ്യതയേറുന്നു
''ഗണേശിനെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പാര്‍ട്ടിയുടെ രേഖാമൂലമുള്ള ആവശ്യം 21 ന് ചേരുന്ന യു ഡി എഫ് നേതൃയോഗം പരിഗണിക്കാമെന്നാണ് ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. അന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമമനുസരിച്ച് മന്ത്രി ഗണേഷിന്റെ നിയമസഭാംഗത്വം റദ്ദാക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. ഇനി ഈ പ്രശ്നം വലിച്ചു നീട്ടാനും ഇപ്പോഴത്തെ നിലപാടില്‍ നിന്നും പിന്നോട്ടു പോകാനും തങ്ങളെ കിട്ടില്ല''. ബാലകൃഷ്ണപിള്ള അറുത്തു മുറിച്ച് തന്നെ 'ജനയുഗ' ത്തോടു വ്യക്തമാക്കി.
ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണമുന്നണി നേതൃയോഗത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സി എം പി, സോഷ്യലിസ്റ്റ് ജനത, കേരളാ കോണ്‍ഗ്രസ് (ജേക്കബ്), ജെ എസ് എസ് പ്രതിനിധികള്‍ ഗണേശിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന പിള്ളയുടെ ആവശ്യത്തെ ഇതാദ്യമായി പിന്തുണച്ചതും ശ്രദ്ധേയമായി. മുസ്ലിം ലീഗിനും കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴികെയുള്ള വിഭാഗത്തിനും മറിച്ചൊരു അഭിപ്രായമല്ലെന്നും അറിവായി.
കേരളാ കോണ്‍ഗ്രസി(ബി) ന്റെ നോമിനിയായി മന്ത്രിസഭയിലെത്തിയ ഗണേഷിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യത്തെ അട്ടിമറിക്കാന്‍ നോക്കുന്നത് മുഖ്യമന്ത്രി മാത്രമാണെന്ന ആക്ഷേപവും പിള്ളക്കുണ്ട്.ഗണേഷിനെ മന്ത്രിയായി നിയമിച്ചത് ഗവര്‍ണറാണ്, മുഖ്യമന്ത്രിയാണ് എന്നൊക്കെ ചന്തത്തിന് പറയാവുന്നതേയുള്ളൂ. പക്ഷേ സാങ്കേതികത്വവും നിയമവ്യവസ്ഥകളും നേരെ മറിച്ചാണ്. ഗണേഷിനെ മന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച പാര്‍ട്ടിക്ക് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പറയാനുള്ള അധികാരവും ഉണ്ട്.
ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റുകയോ അദ്ദേഹം സ്വയം മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാകുകയോ ചെയ്യാതിരുന്നാല്‍ പാര്‍ട്ടി പ്രതിനിധിയായ ഗണേഷിനെ അയോഗ്യനാക്കി നിയമസഭാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ നിയമപ്രകാരമുള്ള അവകാശം നിക്ഷിപ്തമായിരിക്കുന്നത് കേരളാ കോണ്‍ഗ്രസി(ബി) ല്‍ മാത്രമാണ് - കൂറുമാറ്റ നിരോധന നിയമത്തിലെ പ്രസക്ത വ്യവസ്ഥകള്‍ ഉദ്ധരിച്ച് ബാലകൃഷ്ണപിള്ള സമര്‍ഥിച്ചു.മന്ത്രി ഗണേഷ് ഭരണമുന്നണിയില്‍ ഏകദേശം ഒറ്റപ്പെട്ടതോടെയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കാനുള്ള നടപടികളുമായി പിള്ള മുന്നോട്ടു നീങ്ങുന്നത്.
കെ എം മാണിയുടെയും ചെറുഘടകകക്ഷികളുടേയും തുറന്ന പിന്തുണയും ലീഗിന്റെ ധാര്‍മ്മിക പിന്തുണയുമായതോടെയാണ് ഇനി പഴയമട്ടിലുള്ള അഴകൊഴബന് സമീപനം മന്ത്രി ഗണേഷ്കുമാറിന്റെ കാര്യത്തില്‍ വേണ്ടെന്ന നിലപാട് പിള്ള സ്വീകരിച്ചത്.ഉമ്മന്‍ചാണ്ടിയാണെങ്കില്‍ ചെകുത്താനും കടലിനുമിടയില്‍. രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി വിവാദം അഴിച്ചുവിട്ട് ജാള്യതയിലായ എന്‍ എസ് എസ് കടുത്ത സര്‍ക്കാര്‍ വിരുദ്ധ നിലപാടിലേക്ക് നീങ്ങിക്കഴിഞ്ഞു.
മന്ത്രി ഗണേഷിന്റെ പ്രശ്നത്തില്‍ എന്‍ എസ് എസ് പിള്ളക്ക് പിന്നില്‍ മലപോലെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ഗണേഷ് പാര്‍ട്ടി ചെയര്‍മാന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നു പുറത്തുപോകണമെന്നും ആദ്യം ആവശ്യപ്പെട്ടത് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരായിരുന്നു.
എന്‍ എസ് എസിനെ പ്രീണിപ്പിക്കേണ്ടത് ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഭരണമുന്നണി അനിവാര്യതയായി കരുതുകയും ചെയ്യുന്നു. അതിനുവേണ്ടി മന്ത്രിഗണേഷ്കുമാറിനെ ബലിയാടാക്കാമെന്നു വെച്ചാല്‍ ഭരണം തൂങ്ങിക്കിടക്കുന്ന ഭൂരിപക്ഷമെന്ന മുടിനാരിഴ പൊട്ടുകയാവും ഫലം.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നകാര്യം ആലോചിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് (ജെ) ചെയര്മാന് ജോണി നെല്ലൂര്‍ വെളിപ്പെടുത്തിയതോടെ പ്രതിസന്ധി പിന്നെയും മൂര്‍ഛിക്കുന്നു. രണ്ടുമന്ത്രിമാര്‍ പുറത്താവുകയും അവര്‍ ഒന്നിച്ച് സര്‍ക്കാരിനെതിരേ നീങ്ങുകയും ചെയ്യുന്ന ഒരവസ്ഥയുണ്ടാവുന്നതും ഉമ്മന്‍ചാണ്ടിക്ക് പേക്കിനാവാകുമെന്ന് തീര്‍ച്ച.
janayugom 160213
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment