Friday, February 8, 2013

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കര്‍മപദ്ധതി


മലപ്പുറം: പങ്കാളിത്ത പെന്‍ഷനെതിരായ ഐതിഹാസിക സമരത്തിന്റെ ആവേശത്തുടിപ്പില്‍ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച പതാക ഉയരും. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് സമ്മേളനം രൂപംനല്‍കും. "പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, സാമൂഹ്യ നന്മകള്‍ വീണ്ടെടുക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി ഒമ്പതുമുതല്‍ 12 വരെ മലപ്പുറത്താണ് സമ്മേളനം.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ പൂര്‍ണമായും അട്ടിമറിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന പരാതി ശക്തമാണ്. വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗിന്റെ അജന്‍ഡകളാണ് പലപ്പോഴും നടപ്പാക്കുന്നത്. സിബിഎസ്ഇ സ്കൂളുകള്‍ക്ക് വ്യാപകമായി എന്‍ഒസി നല്‍കിയ സര്‍ക്കാര്‍ നടപടി ഇതിന് പ്രധാന തെളിവാണ്. സിബിഎസ്ഇ അനുവദിക്കുന്നതിനുള്ള മാനദണ്ഡം റദ്ദാക്കി ഹൈക്കോടതി വിധി പ്രസ്താവിച്ചിട്ടും ഇതിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സിബിഎസ്ഇ മാനേജ്മെന്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പൊതുവിദ്യാലയങ്ങളുടെ ഉന്നമനത്തിനുള്ള 554 കോടിയുടെ എസ്എസ്എ ഫണ്ട് കഴിഞ്ഞകൊല്ലം വിനിയോഗിച്ചിട്ടില്ല. വിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച പല പദ്ധതികളും ഇതിനകം നിര്‍ത്തലാക്കി. കേന്ദ്രപദ്ധതിയായ രാഷ്ട്രീയ മാധ്യമ ശിക്ഷ അഭിയാന്‍ (ആര്‍എംഎസ്എ) പദ്ധതി നിലച്ചമട്ടാണ്. രണ്ട് വിദ്യാഭ്യാസ പ്രോജക്ടുകള്‍ക്കും ഡയറക്ടര്‍മാരില്ലാതായിട്ട് മാസങ്ങളായി. അധ്യാപക പരിശീലനം പൂര്‍ണമായി അട്ടിമറിച്ചു. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ അധ്യാപക പാക്കേജ് അധ്യാപക സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് ഏകികൃത തിരിച്ചറിയല്‍ കാര്‍ഡ് നടപ്പാക്കാനെന്ന പേരില്‍ അധ്യാപക തസ്തിക നിര്‍ണയം നീട്ടിക്കൊണ്ടുപോയി. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എങ്ങുമെത്താത്തതിനാല്‍ തസ്തിക നിര്‍ണയം നീളുന്ന അവസ്ഥയാണ്. നൂറുകണക്കിന് അധ്യാപകരുടെ ജോലി സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ കഴിഞ്ഞ അധ്യയനവര്‍ഷം അനുവദിച്ച അധിക ബാച്ചുകളില്‍ ഇതുവരെ അധ്യാപക തസ്തിക സൃഷ്ടിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിച്ച് അഴിമതിക്ക് കളമൊരുക്കുകയും ചെയ്തു.എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഐടി @ സ്കൂള്‍ തകര്‍ച്ചയുടെ വക്കിലാണ്. വിദ്യാഭ്യാസ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ കര്‍മപരിപാടികള്‍ കെഎസ്ടിഎ സമ്മേളനത്തെ സജീവമാക്കും.

സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് ആശങ്കാജനകം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളിലെ വന്‍ കൊഴിഞ്ഞുപോക്ക് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. പ്രാഥമികതലം കഴിഞ്ഞാലാണ് വന്‍തോതിലുള്ള കൊഴിഞ്ഞുപോക്ക്. കേന്ദ്രീയ വിദ്യാലയ സംഘടന്‍ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ അവകാശനിയമം വിഭാവനം ചെയ്യുന്നത് എട്ടുവര്‍ഷം സാര്‍വത്രിക പ്രാഥമികവിദ്യാഭ്യാസമാണ്. ഉച്ചഭക്ഷണപദ്ധതി കൂടുതല്‍ വിദ്യാര്‍ഥികളെ സ്കൂളുകളിലേക്ക് ആകര്‍ഷിക്കുന്നു. എന്നാല്‍, അധ്യാപകരുടെ നിലവാരവും അധ്യയനിലവാരവും പ്രതീക്ഷിക്കുന്ന നിലവാരത്തിലെത്തുന്നില്ല. വിദ്യാഭ്യാസ അവകാശനിയമം പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്നും അല്ലെങ്കില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസസൗകര്യം ലഭ്യമാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങള്‍ സമീപപ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.

വിവാദ സ്കൂളുകളില്‍ സര്‍ക്കാര്‍ ആനുകൂല്യം: ലോകായുക്ത അന്വേഷിക്കും

തിരു: മലബാറിലെ എയ്ഡഡ് പദവി നല്‍കാത്ത 33 സ്കൂളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ അനധികൃതമായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നു എന്നാരോപിച്ച് നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. ലോകായുക്തയുടെ ഏജന്‍സി നേരിട്ട് അന്വേഷണം നടത്തണമെന്ന് ലോകായുക്ത ജസ്റ്റിസ് എം എം പരീതുപിള്ള, ഉപലോകായുക്ത ജസ്റ്റിസ് കെ കെ ദിനേശന്‍ എന്നിവടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഓരോ സ്കൂളിന്റെയും മാനേജ്മെന്റ് ഏതാണെന്നും വിദ്യാര്‍ഥികളുടെ എണ്ണവും ഡിവിഷനും എത്രയാണെന്നും സാമ്പത്തിക സഹായം ലഭിക്കുന്നത് ഏതെല്ലാം വിധത്തിലാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്താനാണ് നിര്‍ദേശം. അധ്യാപകരുടെ യോഗ്യത, നിശ്ചിതയോഗ്യതയുള്ളവരാണോ നിയമനം നടത്തിയത്, സംഭാവനകള്‍ സ്വീകരിച്ചതിന്റെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ ഏജന്‍സി പരിശോധിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. കൊല്ലം മയ്യനാട് സ്വദേശി എസ് സുനില്‍കുമാറാണ് പരാതി നല്‍കിയത്. ധന-വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിമാരാണ് എതിര്‍കക്ഷികള്‍. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതെന്ന് പരാതിയില്‍ പറഞ്ഞു.

deshabhimani 080213

No comments:

Post a Comment