Friday, February 8, 2013

പ്രക്ഷോഭംകൊണ്ട് ഫലമില്ലെന്ന പ്രചാരണം ഗൗരവമായി കാണണം: പിണറായി


ജനകീയ പ്രക്ഷോഭങ്ങള്‍കൊണ്ട് ഫലമില്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള കുപ്രചാരണങ്ങളെ ഗൗരവമായി കാണണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടികളെല്ലാം വ്യാപകമായ പ്രതിഷേധത്തിനും പ്രക്ഷോഭങ്ങള്‍ക്കും കാരണമായിക്കൊണ്ടിരിക്കെ അവയെ നിരുത്സാഹപ്പെടുത്താനാണ് സര്‍ക്കാര്‍ നെറികെട്ട ഈ പ്രചാരണം അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയുടെ എ പി വര്‍ക്കി അനുസ്മരണം തിരുവാങ്കുളത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജന്രദോഹനയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിലെല്ലാം വന്‍ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടന്നപ്പോള്‍ അതിനെതിരെ ഐതിഹാസികമായ പ്രക്ഷോഭമാണുണ്ടായത്. പാചകവാതക സബ്സിഡി വെട്ടിക്കുറച്ചതിനും വിലക്കയറ്റത്തിനുമെതിരെ സംസ്ഥാനവ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നു. സംസ്ഥാനത്തിന്റെ തെക്കേയറ്റംമുതല്‍ വടക്കേയറ്റംവരെ ലക്ഷങ്ങള്‍ അണിനിരന്നാണ് അടപ്പുകൂട്ടി സമരം വിജയിപ്പിച്ചത്. എതിരാളികളുടെപോലും പിന്തുണ നേടാന്‍ ആ പ്രക്ഷോഭത്തിനായി. സമീപകാല ചരിത്രത്തിലൊന്നും കാണാത്ത ആവേശവും പിന്തുണയുമാണ് ഭൂപ്രശ്നം ഉന്നയിച്ചു നടന്ന സമരങ്ങളില്‍ കാണാനായത്. അനുകൂലമായ ഉറപ്പുകള്‍ നല്‍കി സര്‍ക്കാര്‍ സമരം ഒത്തു തീര്‍പ്പാക്കിയിട്ടും നേട്ടമൊന്നുമുണ്ടായില്ലെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. മിച്ചഭൂമി ഏറ്റെടുക്കുമെന്നും അര്‍ഹര്‍ക്ക് വിതരണംചെയ്യുമെന്നും പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുമെന്നും ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കി. കൃഷിഭൂമി ദുരുപയോഗം തടയുമെന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കേണ്ടിവന്നു. ഇങ്ങനെ സമരത്തിലൂടെ ഉന്നയിച്ച കാര്യങ്ങളിലെല്ലാം അനുകൂലമായ ഉറപ്പുകള്‍ നല്‍കിയ സര്‍ക്കാര്‍ അതൊന്നും വലിയ കാര്യമല്ലെന്ന പ്രചാരണമാണ് പിന്നീട് നടത്തിയത്.

അധ്യാപകരുടെയും ജീവനക്കാരുടെയും സമരത്തിന് പൊതുസമൂഹത്തിന്റെ വിപുലമായ പിന്തുണ നേടാനായി. സമരത്തെ എതിര്‍ത്ത ഭരണാനുകൂല സംഘടനകളിലെ അംഗങ്ങള്‍പോലും സമരത്തില്‍ പങ്കാളികളായി. അതുകൊണ്ടാണ് ഓഫീസുകളെല്ലാം നിശ്ചലമായത്. സമരത്തെ തെരുവില്‍ നേരിട്ട ഘട്ടത്തില്‍ എല്ലാ വിഭാഗവും അതിനെതിരെ രംഗത്തിറങ്ങി. ചര്‍ച്ചയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് ഒടുവില്‍ അതിന് വഴങ്ങേണ്ടിവന്നു. പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ മിനിമം പെന്‍ഷന്‍ ഉണ്ടാകില്ലെന്നു പറഞ്ഞ സര്‍ക്കാര്‍ മിനിമം പെന്‍ഷന്‍ ഉണ്ടാകുമെന്ന ഉറപ്പു നല്‍കേണ്ടിവന്നു. ജീവനക്കാരുടെ പണം എവിടെ നിക്ഷേപിക്കുമെന്ന് പറയാനാകില്ലെന്നായിരുന്നു ആദ്യനിലപാട്. സമരത്തിന്റെ ഭാഗമായി അത് ട്രഷറിയില്‍ നിക്ഷേപിക്കുമെന്നു പറയേണ്ടിവന്നു.

ഇതൊക്കെയായിട്ടും നെറികെട്ട കുപ്രചാരണം അഴിച്ചുവിടുന്നതിനെ ഗൗരവത്തോടെ കാണണം. സമരങ്ങള്‍കൊണ്ട് നേട്ടമുണ്ടാകില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതുകൊണ്ടൊന്നും പ്രക്ഷോഭങ്ങള്‍ ഇല്ലാതാകാന്‍ പോകുന്നില്ല. ഓരോ ഘട്ടത്തിലും ജനപിന്തുണയും പങ്കാളിത്തവും വര്‍ധിക്കുകയാണ്. 20, 21 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിലും സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ദേശീയ പ്രക്ഷോഭങ്ങളിലും അതാണ് കാണാന്‍പോകുന്നത്. സൂര്യനെല്ലി പ്രശ്നത്തില്‍ പ്രക്ഷോഭം നടത്തിയ വനിതാ എംഎല്‍എമാര്‍ ഉള്‍പ്പെടെ സ്ത്രീകളെ തെരുവില്‍ തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണം. ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതു നടക്കട്ടെ. പ്രതിഷേധത്തിനുനേരെ ഉന്തും തള്ളും പിടിവലിയുമല്ല ഉണ്ടായത്. ഭീകരമായ മര്‍ദനമാണ്. എന്നിട്ടും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്നു പറയുന്നത് ഒരുതരം ഹുങ്കാണ്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. സൂര്യനെല്ലി കേസില്‍ കൂടുതല്‍ തെളിവുകളാണ് വന്നിട്ടുള്ളത്. പീഡനത്തിനിരയായ പെണ്‍കുട്ടി പി ജെ കുര്യനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയുംചെയ്യുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുനരന്വേഷണത്തിന് തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

deshabhimani 080213

No comments:

Post a Comment