Sunday, February 17, 2013

മാവോയിസ്റ്റ് ഭീഷണി സൂര്യനെല്ലിയില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍: കോടിയേരി


കണ്ണൂര്‍: സൂര്യനെല്ലി പ്രശ്നത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ഉമ്മന്‍ചാണ്ടി കണ്ട വഴിയാണ് മാവോയിസ്റ്റ് ഭീഷണിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇതിന്റെ പേരില്‍ അതിര്‍ത്തി സ്റ്റേഷനുകളിലെ ആയുധങ്ങള്‍ മാറ്റിയത് ഗുരുതര പ്രശ്നമാണ്. ഈ സ്റ്റേഷനുകളിലെ പൊലീസുകാരുടെ സുരക്ഷപോലും അപകടത്തിലാക്കിയിരിക്കയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പാടി വാസു വധക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ നടന്ന സത്യഗ്രഹത്തെ അഭിവാദ്യംചെയ്യുകയായിരുന്നു കോടിയേരി.

നിയമവാഴ്ചയില്ലാത്ത സംസ്ഥാനമായി യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ മാറ്റി. രാഷ്ട്രീയ താല്‍പര്യത്തിന് നിയമവാഴ്ച തകര്‍ക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ആവര്‍ത്തിച്ചു പറയുന്നത്. നിയമത്തിന് അങ്ങനെയൊരു വഴിയില്ല. നീതിയുടെ വഴിക്കാണ് നിയമം പോകേണ്ടത്. ഇവിടെ രണ്ടുതരം നീതിയാണ്. സിപിഐ എമ്മുകാര്‍ക്ക് ഒരു നീതി. കോണ്‍ഗ്രസുകാര്‍ക്ക് മറ്റൊരു നീതി. അതുകൊണ്ടാണ് നാല്‍പ്പാടി വാസു വധക്കേസിലും സുര്യനെല്ലിക്കേസിലുമൊക്കെ നിര്‍ണായക വെളിപ്പെടുത്തലുകളുണ്ടായിട്ടും തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തത്. സിപിഐ എമ്മുകാരെ കുടുക്കാന്‍ പ്രസംഗത്തിന്റെ പേരിലടക്കം തുടരന്വേഷണം നടത്തുന്നു. സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെ സുപ്രീംകോടതി വിട്ടതാണെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ്. ഒരു കോടതിയിലും കുര്യന്‍ വിചാരണ നേരിട്ടിട്ടില്ല; നിരപരാധിത്വം തെളിയിച്ചിട്ടുമില്ല.

ആദ്യം തെളിവില്ലെന്നു പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഒഴിവാക്കി. പെണ്‍കുട്ടി പീരുമേട് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയതിനെ തുടര്‍ന്ന് കുര്യന് സമന്‍സ് അയച്ചു. അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. പീരുമേട് കോടതിയില്‍തന്നെ നിരപരാധിത്വം തെളിയിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതിനെതിരെ കുര്യന്‍ സുപ്രീംകോടതിയെ സമീപിച്ചു. ട്രയല്‍ കോടതിയായ തൊടുപുഴ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി ഉത്തരവായത്. കേസ് നിലനില്‍ക്കുന്നതാണെന്നും വിചാരണ നേരിടണമെന്നും സെഷന്‍സ് കോടതി ഉത്തരവിട്ടു. കുര്യന്‍ വീണ്ടും ഹൈക്കോടതിയില്‍ പോയി. ഇതിനിടയിലാണ് കേസിലെ 35 പ്രതികളെയും വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി. ഇക്കാര്യം ചൂണ്ടിക്കാട്ടി കുര്യനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പെണ്‍കുട്ടിയുടെ സ്വകാര്യ അന്യായത്തില്‍ സര്‍ക്കാരിനെന്തു കാര്യമെന്നാണ് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചത്. പെണ്‍കുട്ടിതന്നെ അപ്പീല്‍ നല്‍കിയപ്പോള്‍, സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ മറ്റൊരു അപ്പീല്‍ പരിഗണിക്കാനാവില്ലെന്നു പറഞ്ഞ് അതും തള്ളി. ഇങ്ങനെ തീര്‍ത്തും സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണ് കുര്യന്‍ പ്രതിസ്ഥാനത്തുനിന്ന് രക്ഷപ്പെട്ടത്. തുടരന്വേഷണം ആവശ്യമില്ലെന്നു വരുത്താന്‍ ഇപ്പോള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച നിയമോപദേശങ്ങളും വിചിത്രമാണ്. കെപിസിസി അംഗമായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലി, നിയമവകുപ്പ് സെക്രട്ടറി എന്നിവരില്‍നിന്ന് മറ്റൊരു റിപ്പോര്‍ട്ട് പ്രതീക്ഷിക്കാനാവില്ല. മുന്‍ ജഡ്ജിയും ഇപ്പോള്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ അഭിഭാഷകനുമായ പത്മനാഭന്‍ നായര്‍ തന്റെ മുമ്പാകെ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. കേസില്‍ നിര്‍ണായകമാകുന്ന പുതിയ വിവരങ്ങളൊന്നും അദ്ദേഹത്തെ കാണിച്ചില്ലെന്നു വ്യക്തം- കോടിയേരി പറഞ്ഞു

deshabhimani 170213

No comments:

Post a Comment