Sunday, February 17, 2013

കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എയെ കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമം


ചാവക്കാട്: എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിനെത്തിയ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എയെ കോണ്‍ഗ്രസ് നേതാവിന്റെയും ക്രിമിനലിന്റെയും നേതൃത്വത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമം. കോണ്‍ഗ്രസ് നേതാവും ചാവക്കാട് നഗരസഭാ ആറംവാര്‍ഡ് കൗണ്‍സിലറുമായ പി യതീന്ദ്രദാസും ഗുണ്ടാലിസ്റ്റില്‍പ്പെട്ട പുന്ന നൗഷാദും ചേര്‍ന്നാണ് ആക്രമണത്തിന് ശ്രമിച്ചത്. 11,70,000 രൂപ വകയിരുത്തി സഞ്ചാരയോഗ്യമാക്കിയ പുന്നയില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു എംഎല്‍എ. കാല്‍ നൂറ്റാണ്ടിലേറെയായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന റോഡാണ് എംഎല്‍എ ഫണ്ടിനു പുറമെ 5,90,000 രൂപകൂടി ഉപയോഗിച്ച് നഗരസഭ ടാറിങ് അടക്കമുള്ള പണി പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കിയത്.

ശനിയാഴ്ച രാവിലെ പത്തോടെ ഉദ്ഘാടനത്തിന് എംഎല്‍എ വന്നപ്പോള്‍ ഇരുപതോളം പേര്‍ ചേര്‍ന്ന് തടയുകയായിരുന്നു. എംഎല്‍എ സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ സംഘര്‍ഷം ഒഴിവായി. പൊതുചടങ്ങ് അലങ്കോലമാക്കി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ കെ വി അബ്ദൂള്‍ഖാദര്‍ കുത്തിയിരിപ്പുസമരം നടത്തി. എംഎല്‍എയെ കൈയേറ്റം ചെയ്തതറിഞ്ഞ് നൂറ്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. 48 മണിക്കൂറിനകം പുന്ന നൗഷാദ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് ഉറപ്പിലാണ് ആളുകള്‍ പിരിഞ്ഞുപോയത്.

deshabhimani 170213

No comments:

Post a Comment