Tuesday, February 19, 2013

മുഖ്യമന്ത്രിക്ക് കെ കെ ശൈലജയുടെ തുറന്ന കത്ത്


കണ്ണൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിയെയും കുടുംബത്തെയും തുടര്‍ച്ചയായി വേട്ടയാടുന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുറന്ന കത്തയച്ചു. 17 വര്‍ഷമായി വേദനമാത്രം തിന്നുന്ന ഈ കുടുംബത്തോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയെ അധിക്ഷേപിച്ച ജസ്റ്റിസ് ബസന്തിനെതിരെ നിയമ നടപടിക്ക് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് താങ്കളുടെയും താങ്കളുടെ പാര്‍ടിയുടെ ചില നേതാക്കളുടെയും പരാമര്‍ശങ്ങള്‍ താങ്കളില്‍നിന്ന് നീതി ലഭ്യമാകില്ല എന്ന തോന്നലിന് ശക്തി പകരുന്നതാണ്. ഡല്‍ഹി സംഭവംപൊലെതന്നെ പൈശാചികമായ അതിക്രമത്തിന് സ്കൂള്‍ വിദ്യാര്‍ഥിനി വിധേയയായ സംഭവമായിരുന്നു സൂര്യനെല്ലിയിലേത്. 42 ദിവസം 40 നരാധമന്മാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ രഹസ്യ സങ്കേതത്തില്‍ കൊണ്ടുപോയി ആക്രമിച്ചത് മനസാക്ഷിയുള്ളവര്‍ക്ക് പൊറുക്കാനാവുന്നതല്ല. എന്നിട്ടും കുറ്റവാളികള്‍ക്കുവേണ്ടി വിധി പറഞ്ഞ ജസ്റ്റിസ് ബസന്തിനെ ന്യായീകരിച്ചുകൊണ്ടും പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിച്ചുകൊണ്ടും താങ്കളുടെ പാര്‍ടി നേതാക്കളില്‍ ചിലര്‍ പരസ്യ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്. ശനിയാഴ്ച മസ്ക്കറ്റില്‍ വച്ച് കെ സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സംസ്കാര സമ്പന്നമായ സമൂഹത്തിന് അംഗീകാരിക്കാനാവാത്തതും എതിര്‍പ്പുളവാക്കുന്നതുമാണ്. ഈ സന്ദര്‍ഭത്തില്ലെങ്കിലും മുഖ്യമന്ത്രി എന്ന നിലയില്‍ സുധാകരനെതിരെ കേസെടുക്കാന്‍ താങ്കള്‍ ഉത്തരവിടും എന്നു കരുതിയവര്‍ക്ക് തെറ്റി.

ഈ ഭരണത്തില്‍ വനിതാ കമീഷനും നോക്കുകുത്തിയായിരിക്കുന്നു. അതിക്രമത്തിനിരയായ പെണ്‍കുട്ടിക്ക് നേരെ കടുത്ത പദപ്രയോഗങ്ങള്‍ ഉണ്ടായിട്ടും വനിതാ കമീഷന് അനക്കമില്ല. ജസ്റ്റിസ് ജെ എസ് വര്‍മ കമീഷന്‍ റിപ്പോര്‍ട്ടും കേന്ദ്രഗവണ്‍മെന്റ് പാസാക്കിയ അതിക്രമത്തിനെതിരായ ഓര്‍ഡിനന്‍സും വായിച്ചു നോക്കിയിരുന്നെങ്കില്‍ വനിതാ കമീഷന്‍ സ്വമേധയാ സുധാകരനെതിരെ കേസെടുക്കേണ്ടതായിരുന്നു. ഇങ്ങനെയാണ് ഭരണം മുന്നോട്ട് പോകുന്നതെങ്കില്‍ സ്ത്രീകളും കുട്ടികളും ഭയപ്പാടില്ലാതെ എങ്ങനെ ജീവിക്കും? നിരവധി പേരുടെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയായ പെണ്‍കുട്ടി വേദനകൊണ്ട് പുളയുമ്പോഴും അതിക്രമങ്ങളില്‍ ആനന്ദിക്കുകയായിരുന്നു എന്നു പറയാന്‍ അപാരമായ ചങ്കൂറ്റം വേണം. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ മനോഭാവമാണിത്. വേശ്യയെന്ന് മുദ്രകുത്തുന്ന പെണ്‍കുട്ടിയോ കുടുംബമോ അത്തരത്തില്‍ എന്താണ് സമ്പാദിച്ചതെന്നുകൂടി വ്യക്തമാക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും സുഹൃത്തുക്കള്‍ നല്‍കുന്ന സഹായങ്ങള്‍ നന്ദിയോടെ നിരസിക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന്റെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ദന്തഗോപുര നിവാസികളായ സുധാകരനെപ്പോലുള്ളവര്‍ക്ക് കഴിയില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിക്കണം. പി ജെ കുര്യനെ രാജ്യസഭാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം. അതിന് തയ്യാറാകാത്തപക്ഷം വന്‍ ബഹുജനരോഷത്തിന് പാത്രമാകേണ്ടിവരും. മാത്രമല്ല, നീതി തേടി ജനങ്ങള്‍ സ്വമേധയാ കോടതിയെ സമീപിക്കുമെന്നും കത്തില്‍ പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കും

കോട്ടയം: പി ജെ കുര്യനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. കേസിലെ മുന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുരേഷ് ബാബു തോമസ് മുഖേനയാവും ഹൈക്കോടതിയെ സമീപിക്കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹര്‍ജി നല്‍കും. മൂന്നാം പ്രതി ധര്‍മരാജനൊഴികെയുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ വീണ്ടും വിചാരണ നടത്തി ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടൊപ്പം, ധര്‍മരാജന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് തുടരന്വേഷണം ആവശ്യപ്പെടാനുള്ള നിയമോപദേശം പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭിച്ചത്. ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ ധര്‍മരാജന്‍ വീണ്ടും പൊലീസിന്റെ പിടിയിലാകും മുമ്പ് മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞ കാര്യങ്ങളും പി ജെ കുര്യനുമായി അടുപ്പമുള്ള ബിജെപിയുടെ പ്രാദേശിക നേതാവ് കെ എസ് രാജന്‍, ഇടിക്കുളയുടെ ഭാര്യ അന്നമ്മ ഇടിക്കുള എന്നിവരുടെ മൊഴികളും ഹാജരാക്കിയാവും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുക.

പി ജെ കുര്യന്‍ രാജിവയ്ക്കണം: അരുന്ധതി റോയ്

ചങ്ങനാശ്ശേരി: പി ജെ കുര്യന്‍ രാജ്യസഭ ഉപാധ്യക്ഷപദം രാജിവയ്ക്കണമെന്ന് കഥാകാരി അരുന്ധതി റോയ് ആവശ്യപ്പെട്ടു. സൂര്യനെല്ലി പെണ്‍കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഇക്കാര്യം ഉന്നയിച്ചത്. ആരോപണവിധേയനായ കുര്യന്‍ ഉന്നതപദവിയില്‍ തുടരുന്നത് രാജ്യത്തിനും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും അപമാനമാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക് ഒത്താശ ചെയ്യുന്ന നിലയില്‍ സംസാരിച്ച ജസ്റ്റിസ് ബസന്തിനും കെ സുധാകരന്‍ എം പിക്കുമെതിരെ അപകീര്‍ത്തിപ്പെടുത്തലിന് കേസെടുക്കണം. ക്രിമിനല്‍ മനസുള്ളവരാണവര്‍. അങ്ങനെയുള്ളവര്‍ക്കേ പീഡകരുടെ പക്ഷം ചേരാനാവൂ. പെണ്‍കുട്ടിയോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിലും നിലപാടിലും മാറ്റംവരണം. വനിതാപ്രവര്‍ത്തക എലിസബത്ത് രാമകൃഷ്ണനും അരുന്ധതിക്കൊപ്പം ഉണ്ടായിരുന്നു.

deshabhimani

No comments:

Post a Comment