Monday, February 18, 2013

ഇക്വഡോറില്‍ കൊറീയക്ക് രണ്ടാമൂഴം


ക്വിറ്റോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിനെ സോഷ്യലിസ്റ്റ് പാതയില്‍ നയിക്കുന്ന റാഫേല്‍ കൊറീയക്ക് പ്രസിഡന്റ് പദവിയില്‍ വന്‍ഭൂരിപക്ഷത്തോടെ രണ്ടാമൂഴം. ഏറ്റവുമൊടുവില്‍ ലഭ്യമായ കണക്കുപ്രകാരം 56.9 ശതമാനം വോട്ട് കൊറീയ നേടി. ബാങ്കറായ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ഗ്വില്ലെര്‍മോ ലാസോക്ക് 23.8 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. മുന്‍ പ്രസിഡന്റ് ലൂസിയോ ഗുട്ടിയേറസ് ആറു ശതമാനം വോട്ടു മാത്രം നേടി മൂന്നാമതായി.

തന്റെ വിജയം വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന് സമര്‍പ്പിച്ച കൊറീയ ജനകീയവിപ്ലവം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. "ഈ വിപ്ലവത്തില്‍ ജനങ്ങളാണ് അധികാരികള്‍. മൂലധനമല്ല. ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത് നിങ്ങളെ സേവിക്കാന്‍ വേണ്ടി മാത്രമാണ്. എല്ലാം നിങ്ങള്‍ക്കുള്ളതാണ്"-പ്രസിഡന്റിന്റെ കരോന്‍ഡെലെറ്റ് കൊട്ടാരത്തിനു മുന്നില്‍ തടിച്ചുകൂടിയ വന്‍ ജനസഞ്ചയത്തോട് കൊറീയ പറഞ്ഞു. ആദ്യവട്ടം തന്നെ 50 ശതമാനം വോട്ടില്ലെങ്കില്‍ രണ്ടാംവട്ട വോട്ടെടുപ്പ് ഒഴിവാക്കാന്‍ 40 ശതമാനം വോട്ടും രണ്ടാം സ്ഥാനക്കാരനേക്കാള്‍ 10 പോയിന്റിന്റെ വ്യത്യാസവുമാണ് കൊറീയക്ക് വേണ്ടിയിരുന്നത്. നാല്‍പ്പത്തെട്ടുകാരനായ കൊറീയ അമേരിക്കയിലെ ഇലനോയ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സാമ്പത്തിക വിദഗ്ധനാണ്.

1.46 കോടി ജനസംഖ്യയുള്ള ഇക്വഡോറില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും സ്വീകരിച്ച സുധീരമായ നടപടികള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് കൊറീയയുടെ രണ്ടാമൂഴം. 2007ല്‍ കൊറീയ ആദ്യമായി അധികാരത്തിലെത്തുന്നതിനുമുമ്പുള്ള പതിറ്റാണ്ടില്‍ ഏഴുപേരാണ് പ്രസിഡന്റ് പദവിയില്‍ എത്തിയത്. രാഷ്ട്രീയ അസ്ഥിരതയും ഭരണപ്രതിസന്ധിയും ദുരിതത്തിലാക്കിയ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച സുസ്ഥിര ഭരണമാണ് കൊറീയയുടെ നേതൃത്വത്തില്‍ കാഴ്ചവച്ചത്. രാജ്യത്തിന്റെ എണ്ണസമ്പത്ത് ജനങ്ങളുടെ ജീവിതപുരോഗതിക്കായി ഉപയോഗിക്കുന്ന വെനസ്വേലന്‍ മാതൃകയാണ് കൊറീയ പിന്തുടര്‍ന്നത്. ജനങ്ങളുടെ ജീവിതനിലവാരം അവിശ്വസനീയമാംവിധം ഉയര്‍ന്നു. മേഖലയില്‍ സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ഏറ്റവുമധികം പണം ചെലവിടുന്ന രാജ്യങ്ങളിലൊന്നാണ് ഇക്വഡോര്‍.

deshabhimani 190213

No comments:

Post a Comment