Tuesday, February 12, 2013
പൊതുവിദ്യാഭ്യാസത്തിന് മാതൃകയായി പല്ലാവൂര്‍ വിജയഗാഥ
മലപ്പുറം: അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്ന് രക്ഷപ്പെട്ട ഒരു സ്കൂളിന്റെ കഥയാണ് പാലക്കാട് ജില്ലയിലെ പല്ലാവൂര്‍ ജിഎല്‍പിഎസിന് പറയാനുള്ളത്. ജീര്‍ണിച്ച ഒരു സ്കൂള്‍ സ്മാര്‍ട്ടായതിന് പിന്നില്‍ ഒരു അധ്യാപകന്റെ ആത്മാര്‍ഥതയും സമൂഹത്തിന്റെ കൂട്ടായ്മയുടെയും ചരിത്രമുണ്ട്. വര്‍ഷങ്ങള്‍നീണ്ട പ്രവര്‍ത്തനത്തിലൂടെ സ്കൂളിനെ മികവുറ്റതാക്കിമാറ്റിയ അധ്യാപകനെത്തേടി ഒടുവില്‍ ദേശീയ പുരസ്കാരവും എത്തി. പുരസ്കാരനേട്ടത്തിന്റെ നിറവിലാണ് പല്ലാവൂര്‍ സ്കൂള്‍ പ്രധാനാധ്യാപകന്‍ എ ഹാറൂണ്‍ കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
1920ല്‍ സ്ഥാപിച്ച സ്കൂളിന് എന്നും കൂട്ടായത് അവഗണനമാത്രം. ഒടുവില്‍ ലാഭകരമല്ലെന്ന പേരില്‍ പൂട്ടുവീഴുമെന്നായി സ്ഥിതി. ആ ഘട്ടത്തിലാണ് ഒരു യുവാവ് അധ്യാപകനായെത്തിയത്. തളൂര്‍ സ്വദേശി ഹാറൂണ്‍. വളരെപ്പെട്ടെന്ന് വിദ്യാര്‍ഥികളുടെയും സഹപ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരനായി മാറാന്‍ മാഷിന് സാധിച്ചു. സ്കൂളില്‍ പലവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു. എന്നാല്‍ ചോര്‍ന്നൊലിക്കുന്ന സ്കൂളിനോടുള്ള അവഗണന പിന്നെയും മാറിയില്ല. 2000ല്‍ എം എ ബേബിയുടെ നേതൃത്വത്തില്‍ നടന്ന മാനവീയം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് പിന്നോക്കം നില്‍ക്കുന്ന സ്കൂളുകളെ ഏറ്റെടുത്തു. പാലക്കാട് ജില്ലയില്‍ പല്ലാവൂര്‍ സ്കൂളായിരുന്നു ഈ ഗണത്തില്‍പ്പെട്ടത്. ഹാറൂണ്‍ മാഷിനെ മുന്‍നിര്‍ത്തിയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തി സ്കൂള്‍ വികസന സമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തില്‍ 30 സെന്റ് സ്ഥലം വാങ്ങി. പടിപടിയായി ഉയര്‍ന്ന സ്കൂളില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ക്ലാസ്മുറികളും അസംബ്ലിഹാളും അടക്കമുള്ള സൗകര്യങ്ങളുണ്ട്. 10 കംപ്യൂട്ടര്‍ സൗകര്യത്തോടെ ലാബുള്ള അപൂര്‍വം എല്‍പി സ്കൂളുകളില്‍ ഒന്നിന്റെ സാരഥിയാണ് ഹാറൂണ്‍ മാഷ് ഇപ്പോള്‍. സ്കൂളിന്റെ നില മെച്ചപ്പെട്ടതോടെ കുട്ടികളുടെ എണ്ണവും കൂടി. 231 കുട്ടികളാണ് ഇപ്പോള്‍ സ്കൂളിലുള്ളത്. കഴിഞ്ഞവര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കിയത് 51 കുരുന്നുകള്‍ക്കാണ്.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി മാറ്റൊലി എന്ന പത്രവും സ്കൂളില്‍നിന്ന് പുറത്തിറങ്ങുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ഇന്ദിരാഗാന്ധി സമരസ്ത ഗോള്‍ഡ് മെഡല്‍ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി. കെഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ഹാറൂണിന്റെ വാക്കുകളില്‍ മാത്രമല്ല ആദര്‍ശം, സ്വജീവിതത്തിലും അത് പകര്‍ത്തിയിട്ടുണ്ട്. തന്റെ രണ്ട് മക്കള്‍-ഹാഷിമും ഹസ്നയും ഇതേ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഭാര്യ ടി ജെ ഷൈമയും സ്കൂളിലും സംഘടനാരംഗത്തും ഹാറൂണിന്റെ സഹപ്രവര്‍ത്തകയാണ്. പഞ്ചായത്ത് നിര്‍വഹണസമിതി ഉദ്യോഗസ്ഥന്‍, പഞ്ചായത്ത് വിദ്യാഭ്യാസ കണ്‍വീനര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്ന ഇദ്ദേഹം വി ചെന്താമരാക്ഷന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ കോഡിനേറ്ററുമാണ്
deshabhimani 120213
Subscribe to:
Post Comments (Atom)
No comments:
Post a Comment