ഡിപ്ലോമ കോഴ്സുകള്‍ ബിഎഡിന് തുല്യമാക്കിയ നടപടിയില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ കൈയൊഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അറബിക്, ഉര്‍ദു, ഹിന്ദി ഡിപ്ലോമ കോഴ്സുകള്‍ ബിഎഡിനു തുല്യമാക്കിയ സര്‍ക്കാര്‍ ഉത്തരവിന് നിയമസാധുതയുണ്ടാകില്ലെന്ന് കണ്ടതോടെയാണ് ഉത്തരവ് തല്‍ക്കാലം നടപ്പാക്കില്ലെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടി നിയമപ്രശ്നത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. അറബിക് അധ്യാപകരുടെ സമ്മേളനത്തിലാണ് ഡിപ്ലോമ കോഴ്സുകള്‍ ബിഎഡിനു തുല്യമാക്കുന്നത് മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചത്. മന്ത്രിസഭ ചര്‍ച്ചചെയ്തശേഷമാണ് മന്ത്രിയുടെ ഓഫീസ് മുസ്ലിംലീഗിന്റെ സ്വാര്‍ഥ താല്‍പ്പര്യം നിയമമാക്കിയതെന്ന് വ്യക്തം.
ഡിപ്ലോമ കോഴ്സുകളുടെ ബലത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തേക്ക് അധ്യാപകരെത്തിയാല്‍ പഠനിലവാരം തകരുമെന്ന് ഭരണകക്ഷി അധ്യാപക സംഘടനകളും പറയുന്നു. സര്‍വകലാശാലയുടെ ഒരു കോഴ്സിന് ഏതെല്ലാം കോഴ്സ് തുല്യമാണെന്ന് നിശ്ചയിക്കാനുള്ള അധികാരം സര്‍വകലാശാലകള്‍ക്കാണ്. പ്രോ-ചാന്‍സലര്‍കൂടിയായ മന്ത്രി സര്‍വകലാശാലയിലോ പൊതു വിദ്യാഭ്യാസവകുപ്പിലോ ചര്‍ച്ചചെയ്യാതെ ഉത്തരവിറക്കുന്നത് നിയമവിരുദ്ധമാണ്. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നിയമവിരുദ്ധ ഉത്തരവിനുള്ള രഹസ്യ നീക്കം നടത്തിയത്. ഡിപ്ലോമ ബിഎഡിന് തുല്യമാക്കാമെന്ന് എസ്സിഇആര്‍ടിയുടെ ശുപാര്‍ശ ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുടെ അവകാശവാദം. എസ്സിഇആര്‍ടി ഭരണം മുസ്ലിംലീഗിനാണ്. വിദ്യാഭ്യാസവകുപ്പിനു കീഴിലെ എല്ലാ സ്ഥാപനങ്ങളിലും മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് മേധാവികള്‍. ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരെ കിട്ടിയില്ലെങ്കില്‍ മേധാവി വേണ്ടെന്ന നിലപാടാണ് മന്ത്രി അബ്ദുറബ്ബിന്. വിഎച്ച്എസ്ഇ, എസ്എസ്എ, ആര്‍എംഎസ്എ എന്നിവിടങ്ങളിലൊന്നും ഇപ്പോള്‍ മേധാവികളില്ല. ലീഗ് അജന്‍ഡ നടപ്പാക്കി എസ്എസ്എ തകര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ഡയറക്ടര്‍ കെ എം രാമാനന്ദന്‍ രാജിവച്ച് മാസങ്ങളായെങ്കിലും പുതിയ ആളെ ഇതുവരെ നിയമിച്ചിട്ടില്ല.
ഇതിനിടെ പ്രശ്നത്തില്‍നിന്ന് തലയൂരാനായി അണ്ടര്‍ സെക്രട്ടറിയോട് വിശദീകരണം തേടിയേക്കും. വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി അറിയാതെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെന്ന കാര്യം പറഞ്ഞാണ് വിശദീകരണം തേടുക. സാധാരണ ജിഒപോലും വകുപ്പ് മേധാവിയുടെ നിര്‍ദേശപ്രകാരമേ ഇറക്കാന്‍ കഴിയൂ. മാറ്റാന്‍ കഴിയാത്ത നിയമ ഉത്തരവാണെങ്കില്‍ അത് വകുപ്പുമോധാവി മാനുസ്ക്രിപ്റ്റ് ജിഒ ആയി ഇറക്കണം. വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ കൈപ്പടയില്‍ (മാനുസ്ക്രിപ്റ്റ്) തയ്യാറാക്കി ഇറക്കേണ്ട സര്‍ക്കാര്‍ ഉത്തരവ് സ്വന്തം പേരില്‍ അണ്ടര്‍ സെക്രട്ടറി ഇറക്കിയത് വിവാദത്തിനിടയാക്കിയിട്ടുണ്ട്. ഐഎഎസ് മേധാവികള്‍ സര്‍ക്കാരിനെതിരെ തിരിയാതിരിക്കാനാണ് ഇപ്പോള്‍ അണ്ടര്‍ സെക്രട്ടറി ടി വിജയനോട് വിശദീകരണം ആരായാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത്.
പ്രതികരിക്കാതെ മുഖ്യമന്ത്രി
ഡിപ്ലോമ കോഴ്സുകള്‍ ബിഎഡിനു തുല്യമാക്കിയ സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഫെബ്രുവരി 11നാണ് വിദ്യാഭ്യാസരംഗത്ത് ഒച്ചപ്പാടുണ്ടാക്കി വിവാദ ഉത്തരവ് ഇറങ്ങിയത്. അറബിക്, ഉറുദു ഡിപ്ലോമ ബിഎഡിന് തുല്യമാക്കാനാണ് മുസ്ലിംലീഗ് നിശ്ചയിച്ചത്. പ്രതിഷേധം തടയുകയെന്ന ലക്ഷ്യത്തോടെ ഹിന്ദിയും ഉള്‍പ്പെടുത്തി. പത്താംക്ലാസ് പാസാകാത്ത 110 പേര്‍ ഈ ഉത്തരവിന്റെ പിന്‍ബലത്തില്‍ ഹെഡ്മാസ്റ്റര്‍മാരാകും എന്ന് വ്യക്തമായതോടെ പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസ് അനുകൂല സംഘടനകളും വിദ്യാഭ്യാസവകുപ്പിന്റെ നടപടിക്കെതിരെ രംഗത്തിറങ്ങി. മലബാറിലെ 33 സ്കൂളിന് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനവും നേരത്തെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് വിദ്യാഭ്യാസരംഗത്ത് വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന നടപടി.
വിദ്യാഭ്യാസവകുപ്പിന്റെ നീക്കം പരിഹാസ്യം: എസ്എഫ്ഐ
തിരു: പത്താംക്ലാസ് ജയിക്കാത്തവരെ ഹെഡ്മാസ്റ്ററാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നീക്കം അങ്ങേയറ്റം പരിഹാസ്യമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാനും സെക്രട്ടറി ടി പി ബിനീഷും പ്രസ്താവനയില്‍ പറഞ്ഞു. എല്‍റ്റിറ്റിസി, ഡിഎല്‍ഇഡി അറബി, ഉറുദു, ഹിന്ദി ഡിപ്ലോമാ കോഴ്സുകള്‍ ബിഎഡിന് തുല്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സര്‍വകലാശാലാ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും പുല്ലുവില നല്‍കുന്നതാണെന്ന് വിദ്യാഭ്യാസവകുപ്പ് തെളിയിച്ചിരിക്കുകയാണ്. ഏതൊക്കെ കോഴ്സുകള്‍ ബിഎഡിന് തുല്യമാക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗണ്‍സിലുമാണ്. വിവിധ തലങ്ങളിലെ വിശദവും സൂക്ഷ്മവും സമഗ്രവുമായ സിലബസ് പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കുംശേഷമാണ് തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇത് നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.
deshabhimani 210213
No comments:
Post a Comment