Monday, February 4, 2013

സുകുമാരന്‍നായരുടെ മൊഴി ദുരൂഹം


കുമളി പഞ്ചായത്ത് റസ്റ്റ് ഹൗസില്‍ പീഡനം നടന്ന ദിവസം പി ജെ കുര്യന്‍ തിരുവല്ല- ചങ്ങനാശേരി മേഖലകളില്‍ ആയിരുന്നെന്നതിന് ഏകതെളിവ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുടെയും അടുത്ത സുഹൃത്ത് പി കെ ഇടിക്കുളയുടെയും മൊഴിമാത്രം. എന്നാല്‍, ദൃക്സാക്ഷികളുടെ മൊഴി സൂചിപ്പിക്കുന്നത് സുകുമാരന്‍നായരുടെയും ഇടിക്കുളയുടെയും വാദം തെറ്റാണെന്നാണ്. പീഡനം നടന്ന 1996 ഫെബ്രുവരി 19ന് വൈകിട്ട് ആറരമുതല്‍ ഏഴരവരെ കുമളിയില്‍ കുര്യനെ കണ്ടെന്ന മൊഴികളില്‍ മൂന്നു ദൃക്സാക്ഷികള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുമുണ്ട്. ശക്തമായ സാക്ഷിമൊഴികളും ഇരയുടെ ഉറച്ച മൊഴിയും ഉണ്ടായിട്ടും വിചാരണ കൂടാതെ കുര്യന്‍ രക്ഷപ്പെടുകയായിരുന്നു. രണ്ടാംസാക്ഷി ടി സി രാജപ്പന്‍, മൂന്നാംസാക്ഷി സി പൗലോസ്, നാലാംസാക്ഷി കുഞ്ഞുകുട്ടി എന്നിവരാണ് റസ്റ്റ് ഹൗസില്‍ കുര്യനെ കണ്ടതായി തറപ്പിച്ചുപറഞ്ഞത്.

കേന്ദ്രമന്ത്രിയായിരുന്ന കുര്യന്‍ 1996 ഫെബ്രുവരി 17 മുതല്‍ 25 വരെ കേരളത്തിലുണ്ടായിരുന്നു. 19ന് വൈകിട്ട് ആറര മുതല്‍ ഏഴര വരെ പീഡനം നടന്നെന്നാണ് പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പെണ്‍കുട്ടി പറഞ്ഞത്. കുര്യന് ഔദ്യോഗിക പരിപാടികള്‍ ഇല്ലാതിരുന്ന ഏകദിവസം ഫെബ്രുവരി 19 ആണ്. തിരുവല്ലയിലെ തന്റെ വസതിയില്‍ രാത്രി എട്ടുവരെ കുര്യന്‍ ഉണ്ടായിരുന്നെന്ന് ഇടിക്കുള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. എട്ടരയ്ക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് കുര്യന്‍ തന്നെ കണ്ടെന്ന് അന്ന് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സുകുമാരന്‍നായരും മൊഴി നല്‍കി. രാത്രി പത്തരയോടെ തിരുവല്ലയിലെ വസതിയില്‍ മടങ്ങിയെത്തിയെന്ന് കുര്യന്‍ പറയുന്നു. ഈ സമയം ജില്ലാ പൊലീസ് സൂപ്രണ്ടിനെ വീട്ടിലെ ഫോണില്‍നിന്ന് വിളിച്ചതാണ് തെളിവായി ഉയര്‍ത്തിക്കാട്ടുന്നത്. ഇടിക്കുളയുടെ വീട്ടില്‍ കുര്യന്‍ ഉണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വസിപ്പിക്കുന്നതും ഫോണ്‍കോള്‍ രേഖകളുടെ അടിസ്ഥാനത്തിലാണ്. തന്റെ വീട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉള്‍പ്പെടെ 27 കോള്‍ വിളിച്ചെന്നും ഇതില്‍ 23 എണ്ണം കുര്യന്‍ നേരിട്ട് വിളിച്ചതാണെന്നും ഇടിക്കുള പറഞ്ഞിരുന്നു. ലാന്‍ഡ് ഫോണില്‍നിന്നുള്ള കോളുകള്‍ കുര്യന്‍ വിളിച്ചതാണോയെന്ന് തെളിയിക്കാനാകില്ല. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് വിശ്വാസത്തില്‍ എടുത്തു. രാത്രി എട്ടിന് കുര്യന്‍ ഇടിക്കുളയുടെ വീട്ടില്‍ ഉണ്ടായിരുന്നെന്നതിനും ഫോണ്‍ കോള്‍ തെളിവാകുന്നില്ല. കോള്‍രേഖപ്രകാരം വൈകിട്ട് 3.22 മുതല്‍ 4.49 വരെയാണ് ഫോണ്‍ വിളിച്ചത്. രാത്രി എട്ടുവരെ കുര്യന്‍ ഇടിക്കുളയുടെ വീട്ടില്‍ തുടര്‍ന്നെന്ന് പൊലീസ് സ്ഥാപിക്കുന്നത് കുര്യന്‍തന്നെ മുന്നോട്ടുവയ്ക്കുന്ന സാക്ഷിമൊഴികളിലൂടെയാണ്.

ബലാത്സംഗക്കേസുകളില്‍ അലിബി തെളിവ് (സംഭവസമയം പ്രതി സ്ഥലത്തില്ലെന്ന് സ്ഥാപിക്കുന്നതിനുള്ള തെളിവ്) സമാഹരിക്കേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്തമല്ലെങ്കിലും കുര്യന്റെ കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനായി നെട്ടോട്ടമോടി. അങ്ങനെയാണ് സുകുമാരന്‍നായരും ഇടിക്കുളയുമൊക്കെ പ്രത്യക്ഷപ്പെട്ടത്. ഇരയുടെ മൊഴിയുടെമാത്രം അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കാമെന്ന പല സുപ്രീംകോടതി വിധികളും നിലനില്‍ക്കുമ്പോഴാണ് ഉന്നത നീതിപീഠങ്ങള്‍ എല്ലാ നിയമസംഹിതകളും കാറ്റില്‍പറത്തി കുര്യനെ സംരക്ഷിച്ചത്.
(എം പ്രശാന്ത്)

സിബി മാത്യൂസിനെതിരെ കേസ് കൊടുത്തിട്ടില്ല: ജോഷ്വ

തിരു: സിബി മാത്യൂസിനെതിരെ താന്‍ അഴിമതിയാരോപണ കേസ് കൊടുത്തെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് സൂര്യനെല്ലി കേസ് അന്വേഷണസംഘാംഗമായിരുന്ന റിട്ട. എസ്പി കെ കെ ജോഷ്വ പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബി മാത്യൂസുമായി ചില അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. അല്ലാതെ വ്യക്തിവൈരാഗ്യമില്ല. സിബി മാത്യൂസ് വീഴ്ച മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നതെന്നും ജോഷ്വ "ദേശാഭിമാനി"യോട് പറഞ്ഞു. തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കേസു കൊടുത്ത വ്യക്തിയാണ് ജോഷ്വയെന്നും കേസന്വേഷണത്തില്‍ തനിക്ക് വീഴ്ചയുണ്ടായെന്ന ആക്ഷേപം വ്യക്തിവിദ്വേഷത്തിന്റെ ഭാഗമാണെന്നും സിബി മാത്യൂസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജോഷ്വ.

റിട്ടയര്‍ ചെയ്യുന്ന സമയത്ത് സിബി മാത്യൂസുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടായിട്ടുണ്ട്. വിജിലന്‍സ് കോടതിയില്‍ എന്നല്ല, ഒരു കോടതിയിലോ ഒരു സ്റ്റേഷനിലോ പോലും താന്‍ പരാതി നല്‍കിയിട്ടില്ല. സിബി മാത്യൂസിനെതിരെ ഹമീദ്, ഖുര്‍ഷിദ് എന്നിവര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇത് തന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുകയാണ്. വസ്തുത ഇതായിരിക്കെ ഇത്തരമൊരു ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ല-ജോഷ്വ പറഞ്ഞു. സൂര്യനെല്ലി കേസില്‍ സമഗ്രമായ അന്വേഷണം നടന്നിട്ടില്ല. പി ജെ കുര്യനെ ഒഴിവാക്കാന്‍ ആസൂത്രിതനീക്കം നടന്നിട്ടുണ്ട്. കുര്യനെതിരെ ആരോപണം ഉയര്‍ന്ന സമയത്തും പെണ്‍കുട്ടി തന്നെ പരാതി ഉന്നയിച്ച സാഹചര്യത്തിലും തിരിച്ചറിയല്‍ പരേഡ് നടത്താനോ വ്യക്തമായ ഫോട്ടോ കാണിച്ച് തെളിവെടുപ്പ് നടത്താനോ തയ്യാറായില്ല-ജോഷ്വ പറഞ്ഞു. കേസ് അന്വേഷിച്ചത് സത്യസന്ധമായാണെന്നും പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സിബി മാത്യൂസ് പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി; തുടരന്വേഷണം നിയമോപദേശത്തിന് ശേഷം

കോട്ടയം: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ വിദഗ്ധ നിയമോപദേശത്തിന് ശേഷമേ തുടരന്വേഷണം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എജിയുടേയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി. കുര്യനെതിരെയുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പറയുകയും കുര്യനെ ന്യായീകരിക്കാന്‍ പ്രത്യേക പത്രസമ്മേളനം വിളിക്കുകയും ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നയം വ്യക്തമാക്കിയ സാഹഹര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന.

അതേസമയം, കുര്യനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കുന്നൂവെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. കേസിലെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ കെ ജോഷ്വക്കെതിരെ കുര്യന്റെ പരാതി ലഭിച്ചിരുന്നു. എന്നാല്‍ പരാതി ലഭിക്കുമ്പോള്‍ ജോഷ്വ വിജിലന്‍സ് വിഭാഗത്തിലായതിനാലാണ് നടപടിയെടുക്കാതിരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസിന്റെയും ജോഷ്വായുടേയും പ്രശ്നത്തില്‍ ആഭ്യന്തരവകുപ്പ് ഇടപെടില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

deshabhimani 040213

No comments:

Post a Comment