Monday, February 4, 2013
വടിമുണ്ടും സിമന്റ് ഷര്‍ട്ടും
പുറംമോടിയില്‍ ആധുനികമാവുമ്പോള്‍ ആന്തരിക ഘടനയില്‍ പ്രാകൃതമായ മാധ്യമശൈലി ഉണ്ടാക്കുന്ന വിപത്ത് നിരവധിയാണ്. സാമാന്യബോധം ഉദ്ധരിക്കുന്ന മലയാള മനോരമയിലും മാതൃഭൂമിയിലും ജനകീയ പ്രശ്നങ്ങള്‍ക്ക് ഇടം ലഭിക്കുന്നില്ല. എന്നാല്‍, വിടുവായന്മാര്‍ക്ക് മൈതാനം പോലെ സ്ഥലമനുവദിക്കുന്നു. വട്ടപ്പാറ വാമദേവനും കൊടുങ്ങല്ലൂര്‍ കുട്ടപ്പനും സ്ഫോടനം കണക്കെയാണ് പത്രഭൂമിയില്‍ വെല്ലുവിളികള്‍ പൊട്ടിക്കുന്നതും. ഭൂതകാലത്തെക്കുറിച്ചുള്ള പച്ചക്കള്ളങ്ങളായിരുന്നു ആദ്യകാലത്ത്. സമീപവര്‍ഷങ്ങളിലാകട്ടെ, അസ്വീകാര്യങ്ങളായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ഇടയാക്കുന്ന വസ്തുതകള്‍ ഒഴിവാക്കുന്നു. അപ്രിയസത്യങ്ങള്‍ അവ്യക്തമായി പറയുകയും കഥകളിലേക്ക് വേഗം കടക്കുകയുമാണ്. വ്യക്തികളെന്ന നിലയില്‍ നമ്മെ സ്വീകരിക്കുകയും വര്‍ഗമാകുമ്പോള്‍ തള്ളിക്കളയുകയുമാണ്. ചരിത്രം ഒറ്റപ്പെട്ട വ്യക്തികളുടെ ജീവിതകഥയാണ് അവര്‍ക്ക്. തങ്ങള്‍ക്കിഷ്ടമുള്ളവരെ വിപ്ലവകാരികളാക്കും. ആനുഷംഗിക പരാമര്‍ശങ്ങള്‍ ഭിന്നിപ്പുകളായി പെരുപ്പിക്കുകയുംചെയ്യും.
പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനംചെയ്ത് ഭൂമി പരന്നതാണെന്ന് ജോര്‍ജ് ബുഷ് വിഡ്ഡിത്തം വിളമ്പിയാല്‍ അമേരിക്കന്‍ മാധ്യമശീര്‍ഷകം "ഭൂമിയുടെ ആകൃതിയെപ്പറ്റി പ്രബലമായ രണ്ട് അഭിപ്രായഗതി ഉരുത്തിരിഞ്ഞിരിക്കുന്നു" എന്നായാലോ? സംഘനൃത്തത്തിനിടെ വിധികര്‍ത്താക്കളുടെ നെഞ്ചില്‍ ചവിട്ടുന്ന വിദ്യാര്‍ഥിയെ കലാപ്രതിഭയാക്കുന്നത്ര "വിശാല"മാണ് പത്രസാഹിത്യം. യുദ്ധങ്ങള്‍ തീരുന്നത് അന്തപ്പുരങ്ങളിലെ രഹസ്യ ചര്‍ച്ചകളിലൂടെയാണെന്ന് പഠിപ്പിച്ചവര്‍ ഇപ്പോഴിതാ രാഷ്ട്രീയ രാജാക്കന്മാരെ കൊട്ടുംകുരവയുമായി എഴുന്നള്ളിക്കുകയാണ്. ജനകീയ പോരാട്ടങ്ങള്‍ കുഴിച്ചുമൂടിയ സേവപിടി, സില്‍ബന്തി തുടങ്ങിയ പദങ്ങള്‍ നിഘണ്ടുവിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് പറഞ്ഞാല്‍ പ്രകൃതിദുരന്തത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വാര്‍ത്തയാക്കി കൂട്ടായ നേതൃത്വത്തിന്റെ പങ്ക് തച്ചുടയ്ക്കാനും മാധ്യമചുറ്റികയ്ക്ക് ആലോചനയേ വേണ്ട.
ഒഡിഷയില്‍ രണ്ട് കന്യാസ്ത്രീകളെ കാവിപ്പട ചുട്ടുകൊന്നപ്പോള്‍ മനോരമ തലക്കെട്ട് "രണ്ട് കന്യാസ്ത്രീകള്‍ വെന്തുമരിച്ചു" എന്നായിരുന്നല്ലോ. "എണ്ണവില കയറി" എന്ന ശീര്‍ഷകം മൗനമായി പറയുന്നത് എണ്ണ സ്വയം വില കൂട്ടിയെന്നാണ്. അമേരിക്കന്‍ കവി റാല്‍ഫ് വാള്‍ഡോ എമേഴ്സണ്‍, ജനാധിപത്യത്തിന്റെ ദുര്‍ഗതിയെക്കുറിച്ച് ഏറെ പറഞ്ഞിട്ടുണ്ട്. അവയ്ക്കൊരു മാധ്യമ അനുബന്ധവും കൂട്ടിച്ചേര്‍ത്തു. പത്രാധിപന്മാര്‍ ഓമനിക്കുന്ന ജനവിരുദ്ധരുടെ ഭരണമാണ് ജനാധിപത്യം എന്നാണ് പരിഹാസം. ചൂഷണത്തിന് മറയിടാന്‍ മാധ്യമങ്ങളും മുതലാളിമാരും സംഗീതക്കച്ചേരിയിലെന്നപോലെ കൈകോര്‍ക്കുമെന്നും വിശദീകരിച്ചു. കാബേജും മൃഗത്തിന്റെ തുടയിറച്ചിയും കിട്ടുന്നതുവരെ എന്തിന് വിമര്‍ശിക്കണം എന്ന പഴയ ചോദ്യം വിവര്‍ത്തനംചെയ്യുകയാണ് പത്രങ്ങള്‍. ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണത്തിലും നഷ്ടത്തിന്റെ പൊതുവല്‍ക്കരണത്തിലും കണ്ണുവച്ചുള്ള ഉദാരവല്‍ക്കരണത്തിന് സ്തുതിഗീതം ചമയ്ക്കുന്നവര്‍ സംഘടിത ചെറുത്തുനില്‍പ്പുകളെ താറടിക്കുന്നു. കളവുമുതല്‍ ലേലംചെയ്ത് വില്‍ക്കുന്നവരുടെ ദല്ലാള്‍പ്പണിയാണ് മാധ്യമങ്ങള്‍ക്ക്. കാര്യങ്ങളെല്ലാം നടത്തുന്ന തങ്ങള്‍ വലിയ മനുഷ്യരാണെന്ന വിചാരം സാധാരണക്കാരില്‍ വളര്‍ത്തിയെടുക്കുന്നിടത്താണ് മാധ്യമങ്ങളുടെ വലക്കെണി. സര്‍ക്കാര്‍ജീവനക്കാരുടെ സമരം തോല്‍പ്പിക്കാന്‍ മനോരമയും മാതൃഭൂമിയും പുറത്തെടുത്ത കൗശലങ്ങള്‍ സമാനതകളില്ലാത്തതാണ്. ശബ്ദിക്കാനുള്ള സ്വാതന്ത്ര്യത്തിന് വിലങ്ങിടുക. പ്രതിഷേധങ്ങളും പ്രകടനങ്ങളും നാടുകടത്തുക. പൊതു ഇടങ്ങളില്‍ നിശബ്ദമേഖലയെന്ന ബോര്‍ഡ് തൂക്കുക. പണിമുടക്കിനു മൊറട്ടോറിയം. ജീവിക്കാനുള്ള അവകാശത്തിനുനേരെ ബുള്‍ഡോസര്‍. ജീവനക്കാര്‍ പണിമുടക്കിയാല്‍ "ജനം" എന്തുചെയ്യും എന്ന വിരുദ്ധ ദ്വന്ദ്വം മുന്നോട്ടുവച്ചായിരുന്നു വാര്‍ത്ത. അമേരിക്കന്‍ ഭരണഘടന ആമുഖത്തില്‍ "നാം ജനങ്ങള്‍" എന്ന് ചേര്‍ത്തതിന് സമാനമാണിത്. നേതാക്കളുടെ വ്യക്തിവൈശിഷ്ട്യംകൊണ്ട് നന്നാക്കിയെടുക്കാവുന്നതാണത്രെ മുതലാളിത്തത്തിന്റെ പരിക്കുകള്‍. ബുഷിനു പകരം ഒബാമയും നരസിംഹറാവുവിന്റെ മരണശേഷം മന്‍മോഹന്‍സിങ്ങും കരുണാകരനെ മാറ്റി ഉമ്മന്‍ചാണ്ടിയും വാജ്പേയിക്ക് ബദലായി മോഡിയും ബാലകൃഷ്ണപ്പിള്ളയെ ശിക്ഷിച്ചപ്പോള്‍ ഗണേശും വന്നാല്‍ ശുഭമാകുമെന്ന് മനോരമയും മാതൃഭൂമിയും.
രാഹുല്‍ യുവരാജാവിനെ തലപ്പത്തുവാഴിച്ചപ്പോള്‍ രാജീവ്ഗാന്ധി ഒര്‍ജിനല്‍, മഹാത്മാവ് ഡ്യൂപ്ലിക്കറ്റ് എന്ന പഴയ മാധ്യമ മുദ്രാവാക്യമാണ് മനസ്സിലെത്തിയത്. കോണ്‍ഗ്രസ് പുനഃസംഘടനയെന്ന നിയമനങ്ങളില്‍ പുളകംകൊണ്ട തലക്കെട്ടുകള്‍ യൂദാസിനെ ദൈവപുത്രനാക്കുംപോലെ അരോചകമായിരുന്നു. പരസ്പരം പരിചയമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ നഗരകേന്ദ്രങ്ങളില്‍ പണിക്കുവേണ്ടി തിങ്ങിക്കൂടുന്നത് പതിവാണ്. ഇവര്‍ക്കൊരു മേസ്ത്രിയുമുണ്ടാകും. അതോര്‍മിപ്പിക്കുംവിധമാണ് മധുസൂദന്‍ മിസ്ത്രിയുടെ മെയ്വഴക്കം. തറവേലകളും വാഴയ്ക്കകളും ബ്യൂട്ടി പാര്‍ലര്‍ കൊച്ചമ്മമാരും ഭാഷാശുദ്ധിക്ക് പ്രശസ്തനായ ടോം വടക്കന്റെ ഇറക്കുമതിക്കാരും രാഹുലിന്റെ ദാരിദ്ര്യ വിനോദ സഞ്ചാര കൂട്ടാളികളും അടങ്ങുന്ന കോമാളികളുടെ കൂടാരം. പുതിയ ഭാരവാഹികളായ ഭരണങ്ങാനം ഭാസിയും മലപ്പുറം മമ്മദും തീവണ്ടിയില്‍വച്ചാണത്രെ ആദ്യമായി കാണുന്നത്. തമ്പാനൂര്‍ സ്റ്റേഷനില്‍നിന്ന് കെപിസിസി ഓഫീസിലേക്ക് പോയ മൗനജാഥ ഒരു തലസ്ഥാന ഫലിതമാണ്. അതാകട്ടെ, ജഗദീഷിന്റെ കോമഡിയേക്കാള്‍ നിലവാരമുള്ളതും. എല്ലാ ജനദ്രോഹത്തിനും കൈയൊപ്പ് നല്‍കി ചാനലുകളില്‍ കുരച്ച് നില്‍ക്കുന്നവര്‍ അധികാരത്തിന്റെ എല്ലിന്‍കഷണം നുണഞ്ഞ് മോങ്ങുമ്പോള്‍ അവര്‍ക്കിതാ താമ്രപത്രം:
ഹരിത എംഎല്‍എമാര്‍. "വിമോചനസമര" കാലഘട്ടത്തിലെന്നവണ്ണം വിഡ്ഢികളെ ചേര്‍ത്ത് ബുദ്ധിമാനെ സൃഷ്ടിക്കുകയാണ് പത്രങ്ങള്‍. പൊലീസ് സ്റ്റേഷനു മുന്നിലൂടെ പോയ സുഹൃത്തിന്റെ ഫലിതം നിസ്സാരമല്ല; അങ്ങോട്ടേക്ക് നോക്കാന്‍ പേടിയാണ്. കേസെടുത്താലോ. കേരളത്തിലെ പൊലീസ് ഭീകരതയുടെയും പൗരാവകാശ ലംഘനങ്ങളുടെയും ഞെട്ടലുണ്ട് അതില്‍. ഭംഗികുറഞ്ഞ മുഖവും തളര്‍ച്ചയില്ലാത്ത ശബ്ദവും നട്ടെല്ല് വളയ്ക്കാത്ത നിശ്ചയദാര്‍ഢ്യവും തെറ്റുകള്‍ക്കുനേരെ ചൂണ്ടുന്ന വിരലുകളും മാന്യന്മാരുടെ ലക്ഷണമല്ലെന്നും ഈ "ക്രിമിനലുകളെ" ജയിലിലിടണമെന്നും വാദിക്കുന്നു. അവയുടെ കാഴ്ചപ്പാടില്‍ സിമന്റ് പൂശിയ ഷര്‍ട്ടും വടി നെയ്തെടുത്ത മുണ്ടുമുടുത്ത് നടക്കുന്ന പൊങ്ങച്ചക്കാരാണ് ജനനേതാക്കള്‍. സ്വന്തം ഗോള്‍ പോസ്റ്റിലേക്ക് പന്തടിച്ച് കയറ്റി ടോപ് സ്കോററാകുന്ന ഫുട്ബോളറെ ഫിഫ റാങ്കിങ്ങില്‍പെടുത്തുകയാണ്. ഇതിനായി കളിനിയമത്തിന്റെ ഓഫ്സൈഡില്‍ നിലയുറപ്പിക്കുന്നതിനും ന്യായീകരണമുണ്ട്. നിരന്തരം തോല്‍ക്കുന്ന ടീമിനെ, കാണികളെ കളിക്കാരാക്കി ജയിപ്പിക്കാമെന്ന് വ്യാമോഹിക്കുന്ന കോച്ചുമാരുടെ യൂണിയന്‍പോലും നിലവില്‍വന്നുകഴിഞ്ഞു. കൊടി പറത്തിയ വിപ്ലവസിംഹങ്ങള്‍ കെ എം ഷാജിയുടെ ഏണിയിലും കെ സുധാകരന്റെ കൈപ്പത്തിയിലും കയറിനിന്ന് ആകാശം തകര്‍ക്കുകയാണ്. ബ്ലൂനെക്കന്മാരും നിരുന്മേഷ ബാബുമാരും അപ്പുക്കുപത്തും താജ്മഹലിന്റെ ഉടമയും വന്‍ലോകനഗരത്തിന്റെ വാലുള്ള ഡിറ്റക്ടീവും ജയശങ്കരോ ഹരിഹര കീര്‍ത്തനങ്ങള്‍ പാടുമ്പോള്‍ കോറസ്സുപോലെ മാധ്യമങ്ങള്‍. വാര്‍ത്തകള്‍ ലേലംചെയ്യുന്ന ചന്തയില്‍ അര്‍ധരാത്രി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നവര്‍ക്ക് മാതൃകാ മാധ്യമ കര്‍ഷകന്റെ പുരസ്കാരവും നല്‍കും. തന്റെ അഭിനയമാണ് മികച്ചതെന്ന് സ്വയം ജൂറിയായി പത്രസമ്മേളനം നടത്തുന്ന നടന്റെ ചിത്രം സിനിമാസ്ക്രീനോളം വലുപ്പത്തിലാണ്. അമേരിക്കന്‍ കോടതി നടപടികളുടെ പക്ഷപാതങ്ങളെക്കുറിച്ച് ഹവാര്‍ഡ് സിന്‍ പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ എവിടെയും ബാധകം. ഒരാള്‍ ദരിദ്രനെങ്കില്‍ ജയില്‍സാധ്യത കൂടുതലാണ്.
അടിസ്ഥാനാവശ്യങ്ങള്‍ക്കായുള്ള പ്രക്ഷോഭങ്ങള്‍ കുറ്റകൃത്യങ്ങളായാണ് വകയിരുത്തുക. ധനികര്‍ക്ക് വേണ്ടതിനേക്കാള്‍ ലഭിക്കുന്നതിനാല്‍ ഇങ്ങനെ ചെയ്യേണ്ടിവരുന്നില്ല. നിയമം അവരെ തുണയ്ക്കുന്നു. കുറ്റം ചെയ്താലും കേസുണ്ടാവില്ല. ജയിലിലായാലും വേഗം വിടും. വിയറ്റ്നാം യുദ്ധത്തിലിറങ്ങാന്‍ വിസമ്മതിച്ച 17 പേരുമായി വില്യം ഗെയ്ലിന്‍ അഭിമുഖം നടത്തി. അതിലൊരാള്‍ അഞ്ചുവര്‍ഷം കാരാഗൃഗത്തിലായിരുന്നു. സാധാരണയേക്കാള്‍ രണ്ടുവര്‍ഷം അധികം. അയാളുടെ അഫ്രിക്കന്‍ ഹെയര്‍ സ്റ്റൈലാണ് വിനയായത്. മനോരമയുടെയും മാതൃഭൂമിയുടെയും കോടതിയാകട്ടെ ജീവിതക്ലേശങ്ങളില്‍ വരണ്ടുണങ്ങിയ ദരിദ്ര നേതാക്കളെയാണ് ദീര്‍ഘതടവിന് വിധിക്കുന്നത്. 1950 ല്‍ ജൂലിയസ് റോസന്‍ബുര്‍ഗിനെയും എഥന്‍ റോസന്‍ ബുര്‍ഗിനെയും വിചാരണചെയ്തത് ചാരക്കുറ്റം കെട്ടിയേല്‍പ്പിച്ചായിരുന്നു. തെളിവായി സ്വീകരിച്ചത് യഥാര്‍ഥ ചാരന്മാരുടെ മൊഴി. എഥന്റെ സഹോദരന്‍ ഡേവിഡ് ഗീന്‍ഗ്ലാസിനെയും സാക്ഷിയായി മെരുക്കിയെടുത്തു.
ഐന്‍സ്റ്റീനും സാര്‍ത്രും പിക്കാസോയും റോസന്‍ബുര്‍ഗുകള്‍ക്കായി ശബ്ദമുയര്‍ത്തിയെങ്കിലും വിഫലമായി. 1953 ജൂണ്‍ 19ന് വിധി വന്നു. ഗൂഢാലോചനയുടെ പേരില്‍ മോര്‍ട്ടന്‍ സോബെല്ലും അകത്തായി. പരോള്‍ നിരസിക്കപ്പെട്ടു. രണ്ടു പതിറ്റാണ്ടിനടുത്ത് ശിക്ഷയനുഭവിച്ച ശേഷമാണ് വിട്ടത്. വിധിയെന്തായിരിക്കുമെന്ന് ജഡ്ജി പ്രോസിക്യൂട്ടര്‍മാരുമായി ധാരണയിലെത്തിയതായി എഫ്ബിഐ രേഖകള്‍. അപ്പീലിനുശേഷം അറ്റോണി ജനറലും ചീഫ് ജസ്റ്റിസും കണ്ടു. വിധി സ്റ്റേ ചെയ്യാന്‍ ഏതെങ്കിലും ജഡ്ജി മുതിര്‍ന്നാല്‍ ഫുള്‍ബെഞ്ച് തടസ്സം ഒഴിവാക്കുമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കി. വധശിക്ഷക്കെതിരെ ജസ്റ്റിസ് വില്യം ഡെഗ്ലസ് നിലകൊണ്ടു. അവധിയെടുത്ത ജഡ്ജിമാരെ ചാര്‍ട്ടര്‍ വിമാനങ്ങളയച്ച് തിരിച്ചു വിളിക്കുകയായിരുന്നു. സ്റ്റേ റദ്ദായത് അങ്ങനെ.
അനില്‍കുമാര്‍ എ വി deshabhimani 040213
Labels:
മാധ്യമം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment