Monday, February 4, 2013

അറയ്ക്കല്‍പറമ്പില്‍ നിന്നും കുറെ അവതാരലീലകള്‍


'യദായദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി കേരള, ധര്‍മ്മസംസ്ഥാപനാര്‍ഥായാ സംഭവാമി ആന്റണി ......' എന്നോ മറ്റോ അറയ്ക്കല്‍ ഗീതയില്‍ പറഞ്ഞിട്ടുണ്ടത്രെ. കേരളത്തില്‍ എപ്പോഴൊക്കെ ധര്‍മ്മ ശൈലികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നോ അപ്പോഴൊക്കെ ചേര്‍ത്തല അറയ്ക്കല്‍ പറമ്പില്‍ കുര്യന്‍പിള്ള മകന്‍ ആന്റണി അവതരിച്ച് ദീനക്കിടക്കയില്‍ നിന്ന് ധര്‍മ്മത്തെ കൈപിടിച്ച് ഇരുത്തുമെന്നാണ് മഹാസംസ്‌കൃത പണ്ഡിതനായ പി സി ജോര്‍ജ്ജിന്റെ പരിഭാഷ.

പക്ഷേ കലികാലത്ത് ആന്റണിയുടെ അവതാരം വന്മലകളെ ഇടിച്ചു നിരത്തുകയും പച്ചയായ പുല്‍പ്പുറങ്ങളില്‍ നിന്നെ ഞാന്‍ നടത്തിക്കും എന്നു പറഞ്ഞ് മരുഭൂമിയില്‍ കൊണ്ടാക്കുകയും ചെയ്യുമെന്ന് 'അറയ്ക്കല്‍ ഗീത'യുടെ അനുബന്ധത്തില്‍ പറഞ്ഞിട്ടുണ്ടത്രെ. കലികാലത്തെ ആന്റണിയുടെ അവതാരത്തിന്റെയും അരുളപ്പാടുകളുടേയും പുകിലും പുക്കാറുമാണ് ഇപ്പോള്‍ ഭൂമി മലയാളത്തില്‍ നടന്നുവരുന്നതെന്നാണ് പ്രശസ്ത ദൈവജ്ഞനായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കവിടി നിരത്തിയുള്ള കണ്ടുപിടിത്തം.

എന്തൊക്കെ പറഞ്ഞാലും എ കെ ആന്റണിയുടെ അടുത്ത കാലത്തെ അവതാര വിശേഷങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ഹലാക്കിലാക്കുന്ന കലിബാധപോലെ ആക്കിയിട്ടുണ്ടെന്നാണ് പ്രശസ്ത ജ്യോതിഷ പണ്ഡിത പത്മജാവേണുഗോപാല്‍ ഭസ്മത്തറയില്‍ നാരങ്ങ ഉരുട്ടി നടത്തിയ വെളിപാടുകളില്‍ കാണുന്നത്. ബ്രഹ്മോസ് ഉദ്ഘാടനത്തിനെത്തിയ പ്രതിരോധമന്ത്രി ആന്റണി പഴയ വക്കം പുരുഷോത്തമന്‍ സ്റ്റൈലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചാരത്തിരുത്തി ചോദിച്ചത് 'ഇവിടെ ഒരു ഭരണമുണ്ടോ സര്‍' എന്നായിരുന്നു. മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ വിജയവീഥികളെ വാഴ്ത്തിയ ആന്റണി ഇടതുവിക്ഷേപണത്തറയില്‍ നിന്നാണ് തന്റെ ബ്രഹ്മാസ്ത്രപ്രയോഗം നടത്തിയതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ വിളിച്ചുകൂവി.

അപ്പോഴും ചുരുക്കം ചില കോണ്‍ഗ്രസുകാരെങ്കിലും അടക്കം പറഞ്ഞു, ആന്റണി ആരാ മോന്‍; ആ പുത്തി എങ്ങനെയുണ്ട് എന്നിങ്ങനെയൊക്കെ. പണ്ടു പണ്ടൊരു കാലത്ത് നിറഞ്ഞാട്ടം നടത്തിയ തന്റെ നിലപാടുതറയില്‍ കാല്‍കുത്താനിടമില്ലാത്തപ്പോള്‍ ലൈംലൈറ്റില്‍ നില്‍ക്കാന്‍ ആന്റണി ഇനിയും പല പല നമ്പരുകളും ഇറക്കി ഉമ്മന്‍ചാണ്ടിയുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുമെന്നു പറഞ്ഞവരും ഏറെ. അവരാണ് ആന്റണിയുടെ അവതാരരഹസ്യമറിയുന്നവര്‍.

പിന്നെയും ആന്റണി പെരുന്നയിലെ നായര്‍ മഹാസമ്മേളനത്തില്‍ അവതരിക്കുന്നു. കൊല്ലും കൊലയും കുലാധികാരമായിരുന്ന നായന്മാര്‍ ആനമെലിഞ്ഞു കുഴിയാനകളെപ്പോലെ ആയതില്‍ ആന്റണി ചങ്കുപൊട്ടിക്കരഞ്ഞു പറഞ്ഞു. ഈ നായന്മാരെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്നവര്‍ കണ്ടില്ലെന്നു നടിക്കരുതെന്ന ഒരൊറ്റ കതിനാവെടി. വെടിയൊച്ച കേട്ട് നായര്‍ മഹാസദസ് ഇടിവെട്ടുംവണ്ണം ഉമ്മന്‍ചാണ്ടിയുടെ വില്‍മുറിഞ്ഞ ഒച്ച കേട്ടു. നടുങ്ങി! പാണക്കാടും പാലായും. നിങ്ങളെല്ലാം കൂടി ഈ കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന് ആന്റണിയുടെ തിരുവചനം!

വേദിയില്‍ വെച്ചുതന്നെ താക്കോല്‍, ഭ്രാന്താലയം എന്നീ വാക്കുകള്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മനസില്‍ കുറിച്ചിട്ടു. പിന്നെ ആ ജോറന്‍ വാക്കുകള്‍ ആവനാഴിയിലാക്കി. ഈച്ചയെ നെഞ്ചിലേക്ക് ആട്ടിയുറപ്പിച്ചു. കൊല്ലുന്ന ആംഗ്യം പോലെ നായര്‍ മഹാജനങ്ങളെ അരതരൂര്‍ ശൈലിയില്‍ അഭിവാദ്യം ചെയ്ത ശേഷം ആന്റണി ഇന്ദ്രപ്രസ്ഥത്തിലേക്ക് മുങ്ങിയപ്പോഴാണ് ഒരു പൂജവച്ചിട്ടാണല്ലോ എ കെ പോയതെന്ന് കോണ്‍ഗ്രസുകാര്‍ക്ക് ബോധോദയമുണ്ടാകുന്നത്. പിന്നെ താക്കോലിനെയും ഭ്രാന്താലയത്തെയും ചൊല്ലി ആകെ ബഹളമയം. ആന്റണിയന്‍ പ്രയോഗങ്ങള്‍ വ്യാഖ്യാനബാഹുല്യത്തില്‍ ശ്വാസം മുട്ടി. അങ്ങ് ദല്‍ഹിയിലിരുന്ന് ആന്റണി ഊറിച്ചിരിച്ചു. കേരളത്തില്‍ തന്റെ വാക്കുകള്‍ ഉയര്‍ത്തിയ കലാപം പേര്‍ത്തും പേര്‍ത്തും ആസ്വദിച്ചു.

അനന്തപുരിയിലെ നായര്‍ മഹാസഞ്ചയത്തെ കണ്ടതോടെ സുകുമാരന്‍ നായരുടെ മനസില്‍ ആന്റണിയുടെ താക്കോല്‍കൂട്ടത്തിന്റെ കിലുകിലാരവം. തനികിരിയാത്തു നായരായ രമേശ് ചെന്നിത്തലയെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വെട്ടിപ്പിരുത്ത് കട്‌ലറ്റ് പരുവമാക്കിക്കളയുമെന്ന് ഭാരതകേസരിയുടെ നേരവകാശിയായി ഒരുഗ്രന്‍ പ്രഖ്യാപനം.

നായര്‍സഞ്ചയം ഇളകി മറിഞ്ഞപ്പോള്‍ സൂപ്പര്‍നായരായ ഐ ജി ചന്ദ്രശേഖരന്‍നായരുടെ നാമധേയത്തിലുള്ള സ്റ്റേഡിയത്തിലെ ഗാലറികള്‍ ആടിയുലഞ്ഞു. അനന്തപുരി നാഥനായ ശ്രീപത്മനാഭന്‍ പോലും എണീറ്റിരുന്നു കയ്യടിച്ച് സുകുമാരന്‍ നായര്‍ക്ക് ആര്‍പ്പുവിളിച്ച് കോരിത്തരിപ്പിക്കുന്ന രംഗം കാണേണ്ടതായിരുന്നുവെന്നാണ് അസല്‍ നെയ്യാറ്റിന്‍കരനായരായ ദേവസ്വംമന്ത്രി ശിവകുമാര്‍ പറയുന്നത്.

അതോടെ തന്റെ ഭരണമുറത്തില്‍ കയറി നായര്‍പൂവന്‍ കൊത്തിക്കളിക്കേണ്ടെന്ന് ഉമ്മന്‍ചാണ്ടി. സുകുമാരന്‍ നായരെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ കാലിലെ കുഴിഞരമ്പ് വെട്ടിക്കീറുമെന്ന് ചെന്നിത്തലക്കു നേരെ 'ആയുധം' കാട്ടി ഭീഷണിയും. 'നാന്‍ ആണയിട്ടാല്‍ അതു നടന്തുവിട്ടാര്‍' എന്ന എം ജി ആര്‍ പോസില്‍ ആയുധധാരിയായി നില്‍ക്കുന്ന ചാണ്ടിക്കുഞ്ഞിനെ കണ്ട് ചെന്നിത്തല വിറപൂണ്ടു. പിറ്റേന്ന് മാധ്യമപ്പടയെ വിളിച്ചുകൂട്ടി സുകുമാരന്‍ നായര്‍ക്കിട്ടു പത്തു 'നല്ലവാക്ക്' പറഞ്ഞ് കുഞ്ഞൂഞ്ഞിന്റെ മുന്നില്‍ ആയുധം വച്ചു കീഴടങ്ങി.

പണ്ട് മാലിക്കാരിയെക്കൊണ്ടു പൊറുതി മുട്ടി മുഖ്യമന്ത്രി കസേര ഒഴിയേണ്ടി വന്ന ലീഡറെപ്പോലെ സംഗതികള്‍ അളിപിളിയാക്കി ഇന്ദിരാഭവനില്‍ നിന്നും കണ്ണീരും കയ്യുമായി കുടിയിറങ്ങാതിരിക്കാന്‍ താനും ഒരു താക്കോലാണെന്നു ചെന്നിത്തല അവകാശപ്പെട്ടു.

അങ്ങു ദല്‍ഹിയിലിരുന്ന് ആന്റണി പിന്നെയും കുലുങ്ങിച്ചിരിച്ചപ്പോള്‍ താന്‍ വീണ്ടുമൊരു പുകിലും പുക്കാറുമുണ്ടാക്കിയതിന്റെ ആത്മനിര്‍വൃതി. രാഷ്ട്രീയത്തില്‍ അവതാരങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയെന്നു പഠിക്കാന്‍ തളിര്‍വെറ്റിലയില്‍ വരദക്ഷിണവെച്ച് ആന്റണിയെ ശിഷ്യപ്പെടണം.

ആന്റണിയില്‍ ഒരവതാരം മാത്രമല്ല ഒരു പ്രവാചകശ്രേഷ്ഠനും ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഒടുവില്‍ രാഹുല്‍ജിയെങ്കിലും ബോധ്യപ്പട്ടിരിക്കുന്നു. 'ഇന്ത്യക്കാരനായതില്‍ ഞാനഭിമാനിക്കുന്നു' എന്ന പേരില്‍ കുറേ കുട്ടികളെ ചാനലുകള്‍ റിപ്പബ്ലിക് ദിനപരേഡു കാണിക്കാന്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്നു. 'വേലയും കണ്ടു വിളക്കും കണ്ടു' കുട്ടികള്‍ ആന്റണിയേയും കണ്ടു, കട്ടന്‍കാപ്പിയും കുവപ്പൊടി ബിസ്‌ക്കറ്റും നല്‍കി കുട്ടികളെ സല്‍ക്കരിച്ച ആന്റണിയോട് കുസൃതിപ്പിള്ളേരുടെ ഒരു ചോദ്യം: 'രാഹുല്‍ജി ആരാകും? ' കാരൈക്കുറിച്ചി അരുണാചലത്തെ ഓലപീപ്പി ഊതി പേടിപ്പിക്കേണ്ട മക്കളേ എന്നു മനസില്‍ ചൊല്ലി ആന്റണിയുടെ ഇന്‍സ്റ്റന്റ് മറുപടി: 'ഇപ്പോഴത്തെ നിലക്ക് ആരാകുമെന്നു പറയാന്‍ വയ്യ.....' കാരണം ചേര്‍ത്തലയിലെ പള്ളിക്കൂടത്തില്‍ പണ്ട് ആന്റണി സ്ലേറ്റിലെഴുതി ഒരു പദ്യം പഠിച്ചിട്ടുണ്ട്': ഒന്നിനുമില്ല നില ഉന്നതമായ കുന്നും എന്നല്ല ആഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍ എന്ന പാഠഭാഗം ഓര്‍ത്ത് ആന്റണി രാഹുലിന്റെ ഭാവിപ്രവചനം നടത്തിയപ്പോള്‍ ഒരു കിടിലന്‍ കിടാവു ചോദിച്ചത്രേ; അപ്പോള്‍ രാഹുല്‍ജിയെ ഈ വേഷമൊക്കെ കെട്ടിക്കുന്നത് അടുത്ത പാലക്കാട് സ്‌കൂള്‍ യുവജനോത്സവത്തില്‍ ഫാന്‍സിഡ്രസ് മത്സരത്തിനാണോ...........”?

ദേവിക janayugom 040213

No comments:

Post a Comment